കാലിടറി ബി ജെ പി

  • ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ മണ്ഡലങ്ങളില്‍ ജയം എസ് പി- ബി എസ് പി സഖ്യത്തിന്
  • ബി ജെ പിക്ക് അടിതെറ്റിയത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെച്ച മണ്ഡലങ്ങളില്‍
  • കോണ്‍ഗ്രസിന് കെട്ടിവെച്ച പണം നഷ്ടമായി
Posted on: March 14, 2018 7:18 pm | Last updated: March 15, 2018 at 10:29 am

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ശക്തമായ കോട്ട എസ് പി- ബി എസ് പി സഖ്യം പിടിച്ചെടുത്തു. തുടര്‍ച്ചയായി അഞ്ച് തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഗോരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച ഫൂല്‍പൂര്‍ മണ്ഡലങ്ങളാണ് ബി ജെ പിക്ക് നഷ്ടമായത്. രണ്ട് സീറ്റുകളിലും സമാജ്‌വാദി പാര്‍ട്ടിക്കാണ് വിജയം. പരമ്പരാഗത വൈരികളായ എസ് പിയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്തവണ എസ് പി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഗോരഖ്പൂരില്‍ ബി ജെ പിയുടെ ഉപേന്ദ്രദത്ത് ശുക്ലയെ എസ് പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21,961 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഫൂല്‍പൂരില്‍ എസ് പിയുടെ തന്നെ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ 59,460 വോട്ടുകള്‍ക്ക് ബി ജെ പിയുടെ കൗശലേന്ദ്ര സിംഗ് പട്ടേലിനെ അടിയറവ് പറയിച്ചു. ഫൂല്‍പൂരില്‍ എസ് പിക്ക് 3,18,942 വോട്ടുകളും ബി ജെ പിക്ക് 2,67,776 വോട്ടുകളുമാണ് ലഭിച്ചത്. ഇരു മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ല.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യോഗി ആദിത്യനാഥിന് ഗോരഖ്പൂരില്‍ ഉണ്ടായിരുന്നത്. ബി എസ് പി- എസ് പി സഖ്യം യോജിച്ച പോരാട്ടത്തിനിറങ്ങിയതോടെ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കാലിടറി. ഫൂല്‍പൂരില്‍ നിന്ന് കേശവ് പ്രസാദ് മൗര്യക്ക് അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പാര്‍ട്ടിയുടെ കോട്ടകള്‍ ബി ജെ പിയെ കൈവിടുന്നത്.

വിജയത്തിന് പിന്നാലെ ഇന്നലെ രാത്രി എട്ടോടെ എസ് പി നേതാവ് അഖിലേഷ് യാദവ് ബി എസ് പി നേതാവ് മായവതിയെ കണ്ട് പിന്തുണക്ക് നന്ദി അറിയിച്ചു. ദളിതുകളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും തൊഴില്‍ രഹിതരുടെയും പിന്തുണയാണ് വിജയത്തിന് പിന്നാലെന്നും അവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നുവെന്നും സാമൂഹിക നീതിയാണ് വിജയമെന്നും അഖിലേഷ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിജയച്ച സ്ഥാനാര്‍ഥികളെ അഭിനന്ദിച്ചു. തോല്‍വി അംഗീകരിക്കുന്നുവെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഫലം അപ്രതീക്ഷതമാണെന്നും പുനഃപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു പിയിലും ദേശീയതലത്തിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുന്ന പ്രതിപക്ഷത്തിന് ഈ ഫലം കരുത്തുപകരും. തിരഞ്ഞെടുപ്പുകളില്‍ ആരുമായും സഖ്യമുണ്ടാക്കാതെ തനിച്ചുമത്സരിക്കുന്ന രീതി മാറ്റി ബി എസ് പി ഇത്തവണ എസ് പിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ചലനമുണ്ടാക്കാനായില്ല. ബദ്ധവൈരികളായ എസ് പിയും ബി എസ് പിയും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട് ബി ജെ പിയെ അട്ടിമറിച്ചത് വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ക്ക് ഒറ്റക്കെട്ടായി പോരാടുന്നതിനുള്ള പ്രചോദനമാകും.

അതിനിടെ, ബിഹാറിലെ അരാരിയ ലോക്സഭാ മണ്ഡലത്തില്‍ ആര്‍ ജെ ഡിയുടെ സര്‍ഫറാസ് ആലം 61,988 വോട്ടുകള്‍ക്ക് വിജയിച്ചു. ആര്‍ ജെ ഡിയുടെ മുഹമ്മദ് തസ്‌ലിമുദ്ദീന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് അരാരിയയില്‍ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുഹമ്മദ് തസ്‌ലിമുദ്ദീനിന്റെ മകനാണ് ജയിച്ച സര്‍ഫറാസ് ആലം. ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളായ ഭാബുവ ബി ജെ പിയും ജെഹാനാബാദ് ആര്‍ ജെ ഡിയും നിലനിര്‍ത്തി.