സൂപ്പര്‍ കപ്പില്‍ പൊളിക്കണം; ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായി ഹോസൂട്ടന്‍

Posted on: March 14, 2018 3:07 pm | Last updated: March 14, 2018 at 3:07 pm

ന്യൂയോര്‍ക്ക്: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് ഹോസൂട്ടന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഹോസു പ്രിറ്റോ. ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാനിറങ്ങിയില്ലെങ്കിലും ഹോസുവിന് ബ്ലാസ്‌റ്റേഴ്‌സിനോടും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഹോസുവിനോടുമുള്ള സ്‌നേഹത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

അമേരിക്കന്‍ ക്ലബായ സിന്‍സിനാറ്റിയുമായി കരാര്‍ നീട്ടിയതോടെയാണ് ഹോസുവിന് ഇത്തവണ ഐഎസ്എല്ലില്‍ കളിക്കാന്‍ കഴിയാതെ പോയത്. സീസണില്‍ നിറംമങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ് ഇത്തവണ അവസാനിപ്പിച്ചത്. പക്ഷേ, സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് പൊളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സിന്‍സിനാറ്റിക്ക് കളിക്കുമ്പോഴും സൂപ്പര്‍ കപ്പിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായി എത്തിരിയിരിക്കുകയാണ് ഹോസു. ട്വിറ്ററിലൂടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സിന് ആശംസയുമായി രംഗത്തെത്തിയത്. പഴയതാണെങ്കിലും സ്വര്‍ണം എന്നാണ് ഹോസു ബ്ലാസ്‌റ്റേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. കരുത്തരായ നെറോക്ക എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പിലെ ആദ്യ എതിരാളി. ഏപ്രില്‍ ആറിനാണ് മത്സരം.