നടിയെ ആക്രമിച്ച കേസ്: ദിലീപ് വിചാരണക്ക് ഹാജരായി

Posted on: March 14, 2018 12:09 pm | Last updated: March 14, 2018 at 1:30 pm

കൊച്ചി : യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണാ നടപടിക്രമങ്ങള്‍ തുടങ്ങി. കേസിലെ എട്ടാം പ്രതിയായ നടന്‍ ദീലീപ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി. എറണാകുളും ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസ് ഈ മാസം 28ന് പരിഗണിക്കും.

അതേസമയം, വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും കേസ് അതിവേഗം പൂര്‍ത്തിയാക്കണമെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. അതേസമയം, കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കി. കേസിലെ ദൃശ്യങ്ങള്‍ ഒഴികെ മറ്റ് രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി പറഞ്ഞു. നടിയുടെ മെഡിക്കല്‍ പരിശോധാന റിപ്പോര്‍ട്ട് നല്‍കണമെന്നും വിചാരണക്കോടതി നിര്‍ദേശിച്ചു.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.