Connect with us

National

65 തികഞ്ഞ അഞ്ചാം വര്‍ഷക്കാര്‍ക്ക് അവസരം നല്‍കണം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം ചോദ്യം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചിട്ടും ഹജ്ജിന് അവസരം ലഭിക്കാതെ ഇക്കുറി വീണ്ടും അപേക്ഷിച്ച 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ അവസരം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സഊദി സര്‍ക്കാര്‍ ഈ വര്‍ഷം അധികമായി നല്‍കിയ അയ്യായിരം സീറ്റുകളില്‍ 65ന് മുകളിലുള്ള അഞ്ചാം വര്‍ഷക്കാരായ 1,965 പേരെയും നറുക്കെടുപ്പില്ലാതെ ഉള്‍പ്പെടുത്തണം. അയ്യായിരം സീറ്റില്‍ ശേഷിക്കുന്ന 3,035 സീറ്റുകള്‍ കൂടുതല്‍ തവണ അപേക്ഷിച്ച മറ്റുള്ളവര്‍ക്ക് വീതിച്ചുനല്‍കണമെന്നും ബഞ്ച് വ്യക്തമാക്കി.

65നും 69നും ഇടക്ക് പ്രായമുള്ള അഞ്ചാം വര്‍ഷക്കാര്‍ക്കാണ് ഇന്നലത്തെ ഉത്തരവിലൂടെ അവസരം ലഭിക്കുക. എഴുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. 65ന് മുകളിലുള്ളവരെ മാത്രം പരിഗണിക്കുമ്പോള്‍, ഒരേ കവര്‍ നമ്പറില്‍ 65ന് മുകളിലുള്ളവരും താഴെയുള്ളവരും ഉണ്ടെങ്കില്‍ ഇത്തരക്കാരെ പരിഗണിക്കുമോയെന്നത് വ്യക്തമല്ല. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സുപ്രീം കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളം കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് നല്‍കിയ ഹരജി കോടതി അംഗീകരിച്ചില്ല. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരായാലും നെടുമ്പാശ്ശേരി ആണെങ്കിലും വലിയ വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് ജൂലൈ പത്തിന് വീണ്ടും പരിഗണിക്കും.

Latest