ശിരുവാണി അണക്കെട്ട്: കേരളത്തെ പറ്റിച്ച് തമിഴ്‌നാട്

Posted on: March 14, 2018 6:05 am | Last updated: March 13, 2018 at 11:04 pm
SHARE

പാലക്കാട്: ശിരുവാണി അണക്കെട്ടില്‍ നിന്ന് കേരളത്തിന് ജലത്തിനൊപ്പം കോടി കണക്കിന് രൂപയും നഷ്ടമാകുന്നു. അതേസമയം തമിഴ്‌നാടിന് കോടിക്കണക്കിന് രൂപയാണ് ശിരുവാണി വെള്ളത്തിലൂടെ ലഭിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ സ്ഥിതിചെയ്യുന്ന ശിരുവാണി അണക്കെട്ടില്‍ നിന്ന് ജലം നല്‍കുന്നതിന് പകരമായി അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്കും സുരക്ഷാ സംവിധാനമൊരുക്കുന്നതിനും തമിഴ്‌നാട് പണം നല്‍കണമെന്നതാണ് കരാര്‍ വ്യവസ്ഥ. ഇതിനു പുറമെ, സുരക്ഷക്ക് നിയോഗിക്കുന്ന പോലീസുകാര്‍ക്കുള്ള വേതനം, ജീവനക്കാരുടെ ശമ്പളം, റവന്യൂ വകുപ്പിന്റെ നികുതി എന്നിവയടക്കം തമിഴ്‌നാട് കേരളത്തിന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

എന്നാല്‍, 2014 മുതല്‍ 2017 വരെ കാലയളവില്‍ യാതൊരു വിധ തുകയും കേരളത്തിന് തമിഴ്‌നാട് നല്‍കിയിട്ടില്ല. ഈ കാലയളവില്‍ ഏഴ് കോടി രൂപയോളം കേരളത്തിന് നല്‍കാനുണ്ടത്രെ. ഈ തുക അടക്കാത്തപക്ഷം ശിരുവാണിയില്‍ നിന്ന് ജലം തമിഴ്‌നാടിന് നല്‍കാനാവില്ലെന്ന് കേരള ജല വിഭവവകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ശിരുവാണി ജല സമൃദ്ധയിലായിരിക്കുമ്പോഴും അട്ടപ്പാടിയില്‍ ഒരു തുള്ളിപോലും ജലം ലഭിക്കാതെ വരള്‍ച്ചയുടെ പിടിയിലാണ്. തമിഴ്‌നാടിന് ജലം നല്‍കുന്നതിന് തടസ്സമാകാതെ തടയണ നിര്‍മിച്ചാല്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. എന്നാല്‍ ശിരുവാണിയില്‍ തടയണ നിര്‍മിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് രംഗത്താണ്.

ഒരുദിവസം 103 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ശിരുവാണിയില്‍ നിന്ന് തമിഴ്‌നാടിന് കൊടുക്കുന്നത്. ഈ കണക്കനുസരിച്ച് ഒരു വര്‍ഷം ഒന്നര ടി എം സിയോളം ജലം തമിഴ്‌നാടിന് നല്‍കുന്നു. ശിരുവാണി വെള്ളത്തിന് ഫില്‍റ്ററിംഗ് ചെലവില്ല. ഡാമിലെ വെള്ളം നേരിട്ട് ടാങ്കിലേക്ക് അടിച്ചുകയറ്റി, പൈപ്പുകളിലൂടെ വിതരണം നടത്തുകയാണ് ചെയ്യുന്നത്. ഇത്രയും ജലം കുടിവെള്ളമായി വിതരണം ചെയ്യുക വഴി വര്‍ഷത്തില്‍ 150 കോടിയോളം രൂപ തമിഴ്‌നാട് ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ ചെലവും കണക്കാക്കിയാലും പത്തു കോടിയോളം രൂപ മാത്രമാണ് തമിഴ്‌നാട് വാട്ടര്‍ ബോര്‍ഡിന് ചെലവാകുന്നുള്ളൂ. എന്നിട്ടും കേരളത്തിന് അടക്കാനുള്ള തുക കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധമുണ്ട്. ഇത് വാങ്ങിയെടുക്കാന്‍ അന്തര്‍ സംസ്ഥാന ജലവിതരണ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് ശ്രമിക്കേണ്ടത്.

ചെറിയ സമ്മര്‍ദ്ദമുണ്ടെങ്കില്‍ പോലും തുക അടക്കാന്‍ തമിഴ്‌നാട് നിര്‍ബന്ധിതമാവും. കാരണം ശിരുവാണിയിലെ വെള്ളം ഉപയോഗിച്ച് കോയമ്പത്തൂര്‍,മേട്ടുപ്പാളയം,മേഖലകളില്‍ പത്തു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്. പറമ്പിക്കുളം ആളിയാര്‍ പ്രകാരം ജലം തരാതെ ചിറ്റൂരിലെ ജനം പൊറുതിമുട്ടുമ്പോള്‍ തമിഴ്‌നാട് ശിരുവാണിയില്‍ ജലത്തിനൊപ്പം കോടികണക്കിന് രൂപയും തട്ടിയെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here