Connect with us

National

നടന്ന് നേടിയ വിജയം

Published

|

Last Updated

ലോംഗ് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കര്‍ഷകരുടെ സമരപന്തലിലെത്തിയപ്പോള്‍

മുംബൈ: ഒടുവില്‍ കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ ബി ജെ പി സര്‍ക്കാര്‍ മുട്ടുകുത്തി. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ലോംഗ് മാര്‍ച്ചിന് ഐതിഹാസികമായ വിജയം. വനാവകാശ നിയമം നടപ്പിലാക്കുന്നതുള്‍പ്പെടെ കര്‍ഷകര്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് മഹാരാഷ്ട്ര കാര്‍ഷിക മന്ത്രി ഗിരീഷ് മഹാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രക്ഷോഭം വിജയസമാപ്തിയിലെത്തിയത്.

ആദിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആറ് മാസത്തിനകം പരിഹരിക്കുമെന്നും ഫട്‌നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ആദിവാസി മേഖലയില്‍ വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറ് മാസത്തിനുള്ളില്‍ പുതിയ ബി പി എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ഷകരുടെ 90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും ഉറപ്പുകള്‍ എഴുതി നല്‍കുമെന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു.

കനത്ത ചൂട് വകവെക്കാതെ കഴിഞ്ഞയാഴ്ച നാസികിലെ സി ബി എസ് ചൗക്കില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ അരലക്ഷത്തോളം കര്‍ഷകരാണ് പങ്കെടുത്തത്. കാല്‍നടയായി ഇരുന്നൂറോളം കിലോമീറ്ററാണ് ആറ് ദിവസം കൊണ്ട് കര്‍ഷകര്‍ താണ്ടിയത്.

ഇന്നലെ ഉച്ചയോടെയാണ് കിസാന്‍ സഭയുടെ വക്താക്കള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ യാത്ര ആരംഭിച്ചത്. തുടക്കത്തില്‍ കൂടുതല്‍ ജനശ്രദ്ധ ലഭിക്കാതിരുന്ന യാത്ര പിന്നീട് ജനകീയമാകുകയായിരുന്നു. മുംബൈയിലെത്തിയതോടെ കൂടുതല്‍ കര്‍ഷകര്‍ യാത്രയില്‍ അണിനിരന്നു.

വിധാന്‍ സഭാ മന്ദിരം വളയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താനിരുന്നതോടെയാണ് അനുരഞ്ജനവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയത്. വിധാന്‍ സഭാ പരിസരത്ത് ഒരുമിച്ചുകൂടിയ പ്രക്ഷോഭകരില്‍ നിന്ന് എട്ട് പ്രതിനിധികള്‍ മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ സഭയിലെത്തി.
നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലായെന്നും മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ വന്നതോടെ ദുരിതം ഇരട്ടിയായതായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മോഹന്‍ പ്രകാശ് വ്യക്തമാക്കി.

കര്‍ഷകരുടെ പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമല്ലെന്നും മഹാരാഷ്ട്രയില്‍ ആത്മഹത്യാ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കി. ശിവസേനക്ക് പുറമെ കോണ്‍ഗ്രസ്, എന്‍ സി പി, എം എന്‍ എസ്, എ എ പി എന്നീ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്യാനെത്തി.

Latest