ബാര്‍ കോഴക്കേസ്: പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍

Posted on: March 10, 2018 12:45 pm | Last updated: March 10, 2018 at 3:36 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കിയ നടപടി ഒത്തുകളിയാണെന്നും മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നുവെന്നുമുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി സതീശന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍സി അസ്താന. ഇത് സംബന്ധിച്ച് അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. കേസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു.

കേസില്‍ മാണിക്കെതിരെ തെളിവുണ്ടായിരുന്നുവെന്നും മാണിയെ രക്ഷിക്കാനുള്ള ഗൂഢാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും കെ പി സതീശന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കണ്ടപ്പോള്‍ അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശമെന്നും സതീശന്‍ പറഞ്ഞിരുന്നു.