Connect with us

Kerala

ഇ ശ്രീധരന്‍ ഇല്ലെങ്കില്‍ കേരളം അറബിക്കടലില്‍ താണുപോകുകയൊന്നുമില്ല- പിണറായിയെ ട്രോളി ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കണക്കറ്റ് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഡിഎംആര്‍സിയെ ഒഴിവാക്കിയതല്ലെന്നും കണ്‍സള്‍ട്ടന്‍സി കരാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അവര്‍ സ്വയമേവ ഒഴിഞ്ഞു പോകുന്നതാണെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചയാളാണ് ഇ ശ്രീധരന്‍. ഈ വര്‍ഷം തന്നെ ഭാരതരത്‌നം കൊടുക്കാനും സാധ്യതയുണ്ട്. ഡിഎംആര്‍സിയെ വച്ച് വര്‍ഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാന്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ മതേതര പുരോഗമന സര്‍ക്കാറിന് സാധ്യമല്ല. ഇ ശ്രീധരന്‍ ഇല്ലെങ്കില്‍ കേരളം അറബിക്കടലില്‍ താണുപോകുകയൊന്നുമില്ല. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.- ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…..

അമ്മായി പൊട്ടിച്ചാല്‍ മണ്‍കുടം,
മരുമകള്‍ പൊട്ടിച്ചാല്‍ പൊന്‍കുടം.

കൊച്ചി മെട്രോയ്ക്ക് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ഡിഎംആര്‍സിയേയും സഖാവ് ഇ ശ്രീധരനെയും ഒഴിവാക്കാന്‍, 10 ശതമാനം കമ്മീഷന്‍ അടിക്കാന്‍. അഴിമതി! കുംഭകോണം!! തീവെട്ടിക്കൊള്ള!!!

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കുന്നതോ? സുതാര്യത ഉറപ്പാക്കാന്‍, എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍. തികച്ചും സര്‍ഗാത്മകം! അഴിമതി രഹിതം!! കാര്യക്ഷമം!!!

സത്യം പറഞ്ഞാല്‍, ഡിഎംആര്‍സിയെ ഒഴിവാക്കിയതല്ല, കണ്‍സള്‍ട്ടന്‍സി കരാറിന്റെ കാലാവധി കഴിഞ്ഞു,അവര്‍ സ്വയമേവ ഒഴിഞ്ഞു പോകുന്നതാണ്.

കത്തിനു മറുപടി അയച്ചില്ല, മുഖ്യമന്ത്രി കാണാന്‍ അനുമതി നല്‍കിയില്ല എന്നൊക്കെ ശ്രീധരന്‍ പറയുന്നത് വിവരക്കേടാണ്. കേരള മുഖ്യമന്ത്രി വളരെ തിരക്കുള്ള ആളാണ്. പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിനിടയില്‍ സെക്രട്ടേറിയറ്റില്‍ തന്നെ വല്ലപ്പോഴുമാണ് പോകുന്നത്.

ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചയാളാണ് ഈ ശ്രീധരന്‍. ഈ വര്‍ഷം തന്നെ ഭാരതരത്‌നം കൊടുക്കാനും സാദ്ധ്യതയുണ്ട്. ഡിഎംആര്‍സിയെ വച്ച് വര്‍ഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാന്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ മതേതര പുരോഗമന സര്‍ക്കാരിന് സാധ്യമല്ല.

ഇ ശ്രീധരന്‍ ഇല്ലെങ്കില്‍ കേരളം അറബിക്കടലില്‍ താണുപോകുകയൊന്നുമില്ല. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചപോലെ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കില്ല. കമ്മീഷനും വാങ്ങില്ല. ലൈറ്റ് മെട്രോയുടെ നിര്‍മ്മാണ ചുമതല എസ്എന്‍സി ലാവലിനെ ഏല്പിക്കും. മുഖ്യമന്ത്രിയുടെ മെട്രോ ഉപദേശകനായി ടോം ജോസിനെ നിയമിക്കും.

 

Latest