ശുഐബ് വധം: സിബിഐ അന്വേഷത്തെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയിലേക്ക്

Posted on: March 9, 2018 10:54 am | Last updated: March 9, 2018 at 1:40 pm
SHARE

തിരുവനന്തപുരം: സജീവ സുന്നി പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശുഐബിന്റെ കൊലപാതക കേസ് അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി അപക്വമാണെന്നും കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിബിഐയെ അന്വേഷണത്തിന് നിയോഗിച്ചതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ശുഐബ് വധത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശുഐബിന്റെ പിതാവ് സി പി മുഹമ്മദും മാതാവ് എസ് പി റസിയയും നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി വിധി. പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ് ഫയലുകളും ഉടന്‍ സി ബി ഐക്ക് കൈമാറാന്‍ ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടു. സി ബി ഐയുടെ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല.

സി ബി ഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ പ്രതിയായ ബിജുവും ശുഐബും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സി ബി ഐ അന്വേഷണം സിംഗിള്‍ ബഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും അത് കോടതി ചോദ്യം ചെയ്തിരുന്നു. മുമ്പ് പല കേസുകളും താന്‍ സി ബി ഐക്ക് കൈമാറിയിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള വാദമാണ് ഈ കേസില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും ജസ്റ്റിസ് കമാല്‍ പാഷ വ്യക്തമാക്കി.