Connect with us

Editorial

ശ്രീലങ്കയിലെ മുസ്‌ലിം വേട്ട

Published

|

Last Updated

അടിയന്തരാവസ്ഥയും കര്‍ഫ്യൂവും വകവെക്കാതെ മുസ്‌ലിം കള്‍ക്കെതിരായ തേര്‍വാഴ്ച തുടരുകയാണ് ശ്രീലങ്കയില്‍ തീവ്രബുദ്ധമത ഗ്രൂപ്പുകള്‍. ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷമാണ് വടക്കുകിഴക്കന്‍ കാന്‍ഡിയിലെ വാട്ടഗാമ ഗ്രാമത്തില്‍ പള്ളിക്കു നേരെയും കടകള്‍ക്ക് നേരെയും അക്രമം നടന്നത്. മഡവാലയില്‍ ഒരു മുസ്‌ലിം വ്യാപാരിയുടെ സ്‌പെയര്‍ പാര്‍ട്‌സ് കട പൂര്‍ണമായും അഗ്നിക്കിരയാക്കി. നിഷ്പക്ഷരായ സിംഹള വിഭാഗക്കാരെ പ്രകോപിതരാക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമികള്‍ നിരന്തരം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കെ സിരിസേന സര്‍ക്കാര്‍ ബുധനാഴ്ച മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തെറ്റായ പ്രചാരണങ്ങള്‍ ഇപ്പോഴും വ്യാപകമാണ്. സംഭവത്തെ കലാപമായാണ് മാധ്യമങ്ങളേറെയും പരിചയപ്പെടുത്തുന്നത്. എന്നാല്‍ അക്രമം ഏകപക്ഷീയമാണെന്നും മുസ്‌ലിംകളെ ലക്ഷ്യമിട്ട് ബുദ്ധ തീവ്രവാദിള്‍ മാത്രമാണ് അഴിഞ്ഞാടുന്നതെന്നും ശ്രീലങ്കന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം റഊഫ് ഹക്കീം വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങളായി തുടരുന്നതാണ് രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ തീവ്ര ബുദ്ധ ഗ്രൂപ്പുകളുടെ ആക്രമണം. നിസ്സാര കാരണങ്ങള്‍ ഉന്നയിച്ച് അക്രമം തുടങ്ങും. തുടര്‍ന്നു മുസ്‌ലിം കടകളും വാഹനങ്ങളും സമ്പത്തും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം അക്രമങ്ങള്‍ നടന്നു. നവംബറില്‍ ശ്രീലങ്കയുടെ തെക്കന്‍ പ്രദേശത്തു നടന്ന കലാപങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെടുകയുമുണ്ടായി. 2014 ജൂണില്‍ നടന്ന അക്രമത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. സിംഹളര്‍ കൂട്ടമായെത്തിയാണ് കടകള്‍ ആക്രമിച്ചു കൊള്ളയടിക്കുന്നത്. ബുദ്ധഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയിലെ മുസ്‌ലിം ഭൂരിപക്ഷ പട്ടണങ്ങള്‍ തുടച്ചുനീക്കുമെന്ന് ഒരു ബുദ്ധസന്ന്യാസി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു 2014ലെ ബുദ്ധിസ്റ്റ് അഴിഞ്ഞാട്ടം. മുസ്‌ലിംകളെ എല്ലാ നിലയിലും പാപ്പരാക്കുകയും മ്യാന്‍മറിലേതു പോലെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയുമാണ് അക്രമികളുടെ ലക്ഷ്യം.
ബുദ്ധര്‍ വന്‍ തോതില്‍ മുസ്‌ലിം സമുദായത്തിലേക്ക് മതംമാറുന്നു, മുസ്‌ലിംകള്‍ ബുദ്ധ സ്മാരകങ്ങള്‍ തകര്‍ക്കുന്നുവെന്നൊക്കെയാണ് ആക്രമണത്തിന് ന്യായീകരണമായി ഉന്നയിക്കുന്നത്. മ്യാന്മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതിനെയും ബുദ്ധിസ്റ്റ് ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നു. ശ്രീലങ്കന്‍ ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധരായ സിംഹളരാണ്. 13 ശതമാനം ഹിന്ദുക്കളും. പത്ത് ശതമാനമാണ് മുസ്‌ലികള്‍. മുസ്‌ലിംകളുടെ എണ്ണം രാജ്യത്ത് അതിവേഗം വളരുകയാണെന്നും മതപരിവര്‍ത്തനമാണ് കാരണമെന്നുമാണ് പ്രചരിപ്പിക്കുന്നത്. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം രാജ്യത്തില്ല. എന്നാല്‍ ഇസ്‌ലാമില്‍ ആകൃഷ്ടരായി പലരും അതിലേക്ക് കടന്നു വരുന്നുണ്ട്. സിംഹളര്‍ വിശിഷ്യാ രാജ്യത്തെ അറിയപ്പെട്ട ബുദ്ധ തീവ്രവാദിയായ ജ്ഞാനസര നേതൃത്വം നല്‍കുന്ന ബോധുബല സേന (ബി ബി എസ്) പോലുള്ള സംഘടനകള്‍ ഇതില്‍ അസ്വസ്ഥരാണ്. മതം മാറ്റത്തിന് തടയിടാനായി അവര്‍ സാധാരണ മതം മാറ്റത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനമായി പ്രചരിപ്പിക്കുകയാണ്.

2014 സെപ്തംബറില്‍ ബി ബി എസ് കൊളംബോയില്‍ ആഗോള ബുദ്ധ തീവ്രവാദികളുടെ സമ്മേളനം സംഘടിപ്പിച്ചിരുന്നു. “ദക്ഷിണേഷ്യയില്‍ ഹിന്ദു, ബുദ്ധിസ്റ്റ് സമാധാന മേഖല” സൃഷ്ടിക്കുകയെന്ന പ്രഖ്യാപനവുമായി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ മ്യാന്മറിലെ മുസ്‌ലിം ഉന്മൂലനത്തിന്റെ ബുദ്ധികേന്ദ്രമായ അഷിന്‍ വിരാതുവും ചില ഹിന്ദുത്വ നേതാക്കളും സംബന്ധിക്കുകയുണ്ടായി. ശ്രീലങ്ക ബഹുമത രാജ്യമല്ലെന്ന് പ്രഖ്യാപിക്കുകയും സിംഹളര്‍ക്ക് സമ്പൂര്‍ണ ആധിപത്യം നല്‍കുന്ന തരത്തില്‍ ഭരണഘടന തിരുത്തിയെഴുതുകയും ചെയ്യുക, മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന എല്ലാ പരിരക്ഷകളും സര്‍ക്കാര്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു സമ്മേളനം ഉന്നയിച്ച ആവശ്യങ്ങള്‍. മതപരിവര്‍ത്തന ശ്രമങ്ങളെ കായികമായി തന്നെ നേരിടുമെന്നും യോഗം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഉന്നത ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായും മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ ഭൂരിപക്ഷത്തോടിണങ്ങി ജീവിക്കാന്‍ പഠിപ്പിക്കുന്നതിനായി ആര്‍ എസ് എസുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമെന്നും യോഗത്തില്‍ ജ്ഞാനസര പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുസ്‌ലിംകള്‍ക്കെതിരായ ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതാണ് ഈ സമ്മേളനത്തെ.
ഇതര മതസ്ഥരുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും വര്‍ത്തിക്കുന്നവരാണ് മറ്റു ബഹുസ്വര രാജ്യങ്ങളിലെന്ന പോലെ ശ്രീലങ്കന്‍ മുസ്‌ലിംകളും. അതേസമയം മുസ്‌ലിംകള്‍ അക്രമികളും സമാധാന ലംഘകരുമാണെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

മുസ്‌ലിംകളെ ഉന്മൂലനാശം വരുത്തുന്നതിന് ന്യായീകരണം കണ്ടെത്തുകയും അക്രമകാരികളുടെ ചെയ്തികള്‍ക്കെതിരെ ആഗോള തലത്തില്‍ ഉയരുന്ന വികാരങ്ങളെ തടയിടുകയുമാണ് ഇത്തരം പ്രചാരണങ്ങളുടെ താത്പര്യം. 2014ല്‍ ബുദ്ധിസ്റ്റുകള്‍ നടത്തിയ മുസ്‌ലിം വേട്ടക്കെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുള്‍പ്പെടെ ആഗോള സംഘടനകള്‍ രംഗത്തു വരികയും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും മതസ്വാതന്ത്ര്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടു വിവിധ രാജ്യങ്ങളില്‍നിന്ന് നയതന്ത്രതലത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും അക്രമികള്‍ പത്തിതാഴ്ത്താത്ത സാഹചര്യത്തില്‍ സമാധാന പാലനത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്.

---- facebook comment plugin here -----

Latest