ഗൗരി ലങ്കേഷ് വധം: അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

Posted on: March 7, 2018 9:01 am | Last updated: March 7, 2018 at 10:08 am

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേസില്‍ തുമ്പുണ്ടാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ആഭ്യന്തര വകുപ്പ്.
ഗൗരിയുടെ കൊലയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്ന ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകന്‍ മാണ്ഡ്യ മദ്ദൂരിലെ കെ ടി നവീന്‍കുമാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. നവീനില്‍ നിന്ന് ഘാതകരിലേക്ക് എത്താന്‍ സഹായിക്കുന്ന മൊഴി ലഭിച്ചത് അന്വേഷണത്തിന് വഴിത്തിരിവായിട്ടുണ്ട്.
കൊലയാളികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്നാണ് നവീന്‍കുമാര്‍ നല്‍കിയ മൊഴി. എന്നാല്‍, ആയുധം വാങ്ങിയവരുടെ പേര് വിവരം അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നുമാണ് നവീന്‍ പറയുന്നത്.

മെജസ്റ്റിക് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കഴിഞ്ഞ മാസം 18നാണ് നവീനെ അറസ്റ്റ് ചെയ്തത്. 0.32 കാലിബര്‍ തോക്കും 15 വെടിയുണ്ടകളുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഗൗരിയെ വധിക്കുന്നതിന് ഉപയോഗിച്ച നാടന്‍ പിസ്റ്റളിന് സമാനമായ തോക്ക് ഇയാളില്‍ നിന്നും കണ്ടെടുത്തതോടെയാണ് കൊലയുമായി നവീന്‍കുമാറിനുള്ള ബന്ധം വ്യക്തമായത്. ഹിന്ദു യുവസേന സ്ഥാപകാംഗമാണ് നവീന്‍ കുമാര്‍. രഹസ്യകേന്ദ്രത്തില്‍ നാല് പേരോടൊപ്പം വെടിവെപ്പ് പരിശീലനം ലഭിച്ചതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കര്‍ണാടകത്തിലെ കൊല്ലേഗലിലാണ് പരിശീലനം നടന്നതെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

തീവ്രഹിന്ദു സംഘടനയില്‍പ്പെട്ടവരാണ് പരിശീലനത്തിനെത്തിയത്. 2017 ജൂലൈയിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. വലിയൊരു ദൗത്യം പൂര്‍ത്തിയാക്കാനുണ്ടെന്ന് ഇവര്‍ നവീന്‍കുമാറിനോട് പറഞ്ഞിരുന്നു. കൊല്ലേഗല്‍, ചാമരാജ് നഗര്‍ എന്നിവിടങ്ങളില്‍ ഓംനി വാനിലാണ് യാത്ര ചെയ്തതെന്നും നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് പരിശീലനം നടത്തിയതെന്നും നവീന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശീലനത്തിനെത്തിയവര്‍ ഹിന്ദിയിലാണ് സംസാരിച്ചത്. പരിശീലനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്.