പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്‌സിയുടെ കമ്പനി ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

Posted on: March 4, 2018 9:33 pm | Last updated: March 5, 2018 at 10:15 am

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് 11,400 കോടി വായ്പയെടുത്ത് മുങ്ങിയ കേസില്‍ നീരവ് മോദിയുടെ മാതൃസഹോദരന്‍ മെഹുല്‍ ചോക്‌സിയുടെ കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍. ഗീതാഞ്ജലി കമ്പനി ഡയറക്ടര്‍ പാലക്കാട് അനിയത്ത് ശിവരാമന്‍ നായര്‍ ഉള്‍പ്പെടെ നാല് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റര്‍, രണ്ട് പിഎന്‍ബി ജീവനക്കാര്‍ എന്നിവരുമാണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് മെഹുല്‍ ചോക്‌സിയുടെ 1,217.20 കോടി വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടിയിരുന്നു. പതിനഞ്ച് ഫഌറ്റ്, മുംബൈയിലെ പതിനേഴ് ഓഫീസ്, കൊല്‍ക്കത്തയിലെ ഷോപ്പിംഗ് മാള്‍, മഹാരാഷ്ട്രയിലെ അലിബാഗിലുള്ള നാലേക്കര്‍ വരുന്ന ഫാം ഹൗസ്, മഹാരാഷ്ട്രയിലെ നാസിക്, നാഗ്പൂര്‍, പന്‍വേല്‍, തമിഴ്‌നാട്ടിലെ വില്ലുപുരം എന്നിവിടങ്ങളിലായുള്ള 231 ഏക്കര്‍ വരുന്ന ഭൂമി എന്നിവ കണ്ടുകെട്ടിയത്.

ഇവക്ക് പുറമെ ഹൈദരാബാദിന് സമീപമുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുന്ന 170 ഏക്കര്‍ ഭൂമിയും കണ്ടുകെട്ടിയവയില്‍ പെടും.