Connect with us

Gulf

പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സംഗീതവും കലയും ശ്രദ്ധേയമാകും: ഇന്ത്യന്‍ സ്ഥാനപതി

Published

|

Last Updated

നവ്ദീപ് സിംഗ് സൂരി

അബുദാബി: പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സംഗീതവും കലയും ശ്രദ്ധേയമാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി. ഫെസ്റ്റിവലിലെ ഔദ്യോഗിക രാജ്യമെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ക്ലാസിക്കല്‍ നൃത്തം, സംഗീതനൃത്തം, സമകാലിക കലാപ്രകടനങ്ങള്‍ എന്നിവയുടെ പ്രതിനിധാനങ്ങള്‍ ഫെസ്റ്റിവലില്‍ ഇന്ത്യ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനപതി അറിയിച്ചു.

ഉമ്മുല്‍ ഇമാറാത് പാര്‍ക്, എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ അരങ്ങേറുക. മാര്‍ച്ച് എട്ടിന് രാത്രി എട്ടിന് എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയത്തില്‍ “ദ മെര്‍ച്ചന്റ്‌സ് ഓഫ് ബോളിവുഡ്” നൃത്തപരിപാടി നടക്കും. വൈഭവി മെര്‍ച്ചന്റ്, സാലിം, സുലെമാന്‍ മെര്‍ച്ചന്റ് എന്നിവരായിരിക്കും പരിപാടി നയിക്കുക. മാര്‍ച്ച് എട്ട് മുതല്‍ 30 വരെ എമിറേറ്റ്‌സ് പാലസ് ഫോയറില്‍ കലിഗ്രഫര്‍ രാജീവ് കുമാറിന്റെ കലിഗ്രഫി പ്രദര്‍ശനമുണ്ടായിരിക്കും. 19ന് രാത്രി എട്ടിന് തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമിയുടെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം “വി ദ ലിവിങ്” എന്ന പേരില്‍ അവതരിപ്പിക്കും. മാര്‍ച്ച് 22ന് രാത്രി ഏഴ് മുതല്‍ എട്ട് വരെയും 23ന് വൈകുന്നേരം ആറ് മുതല്‍ രാത്രി ഏഴ് വരെയും ഉമ്മുല്‍ ഇമാറാത് പാര്‍കില്‍ ഗില്ലെസ് ചുയേന്‍ നയിക്കുന്ന ശില്‍പശാല ഉണ്ടാകും.

നാടന്‍കല, ആധുനിക ബാലേ, സമകാലിക നൃത്തരൂപങ്ങള്‍ എന്നിവയില്‍ പരിശീലനം നേടിയ കലാകാരനാണ് ഗില്ലെസ് ചുയേന്‍. 23ന് രാത്രി എട്ട് മുതല്‍ ഒമ്പത് വരെ ഉമ്മുല്‍ ഇമാറാത് പാര്‍കില്‍ രഘു ദീക്ഷിത് പ്രൊജക്ട്‌സ് അവതരിപ്പിക്കും. 25ന് രാത്രി എട്ടിന് എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയത്തില്‍ ലോകപ്രശസ് ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലി ഖാന്റെ സംഗീത പരിപാടി ഉണ്ടാകും. www.800t ickets.com വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് നവ്ദീപ് സിംഗ് സൂരി വ്യക്തമാക്കി. പ്രത്യേക ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റ് ലഭിക്കാന്‍ ഐ എന്‍ ഡി 50 എന്ന പ്രമോഷന്‍ കോഡ് ഉപയോഗിക്കണമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

 

Latest