Connect with us

Kerala

സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമ നിര്‍മാണം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “അഭിമാനമാണ് കേരളം മാനവീകതയാണ് മാര്‍ക്‌സിസം” എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി മഹാസംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. മാര്‍ക്‌സിസ്റ്റ് ആക്രമണമെന്ന പ്രചാരണം തെറ്റാണ്. മാര്‍ക്‌സിസം മുന്നോട്ട് വെക്കുന്നത് കഴുത്തറുക്കാനുള്ള ചിന്തയല്ല. കേരളത്തില്‍ 216 കമ്യൂണിസ്റ്റുകാരെ കൊന്നത് ആര്‍ എസ് എസാണ്. 250 കമ്യൂണിസ്റ്റ്കാരെ കോണ്‍ഗ്രസും കൊന്നു. മാര്‍ക്‌സിസ്റ്റ് ആക്രമം എന്ന പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നത്. രാജ്യത്ത് ക്രമസമാധാനന്തരീക്ഷം ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. ഇത് തകര്‍ക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എസ് എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി വിക്രം സിംഗ്, പ്രസിഡന്റ് വി പി സാനു, സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ജെയ്ക് സി തോമസ്, സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി പി എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി പങ്കെടുത്തു.