നീറ്റിന് പ്രായപരിധി: വിജ്ഞാപനം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു

Posted on: February 28, 2018 8:54 pm | Last updated: March 1, 2018 at 9:30 am

 

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജ് പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റിന് പ്രായപരിധി നിശ്ചയിച്ചതുള്‍പ്പെടെയുള്ള യോഗ്യതകള്‍ ഏര്‍പ്പെടുത്തി സി ബി എസ് സി പുറത്തിറക്കിയ വിജ്ഞാപനം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സി ബി എസ് സി വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ച് സ്‌റ്റേ ചെയ്തത്.

നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യതയായി ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25 ഉം സംവരണം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ഉം വയസ്സായി പിരമിധപ്പെടുത്തിയാണ് സി ബി എസ് സി വിജ്ഞാപനം ഇറക്കിയിരുന്നത്. ഓപണ്‍ സ്‌കൂള്‍, െ്രെപവറ്റ് വിഭാഗത്തില്‍ പഠനം നടത്തിയ വിദ്യാര്‍ഥികളെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. കൂടാതെ ബയോളജി അഡീഷണല്‍ പേപ്പറായി മാത്രം പഠിച്ച വിദ്യാര്‍ഥികള്‍, പതിനൊന്നും പത്രണ്ടും ക്ലാസുകള്‍ രണ്ട് വര്‍ഷത്തിലധികം എടുത്ത് വിജയിച്ചവര്‍ എന്നിവര്‍ക്കും നീറ്റ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കിയിരുന്നു. ഈ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. നീറ്റ് പരീക്ഷക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പരീക്ഷാര്‍ഥികളെ അനുവദിക്കണമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി വ്യക്തമാക്കി. ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്കും പ്രൈവറ്റായി പഠിച്ചവര്‍ക്കും അപേക്ഷിക്കാന്‍ അനുമതി നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ അടുത്തമാസം ആറിന് വീണ്ടും വാദം കേള്‍ക്കും.

കഴിഞ്ഞ ആഴ്ച ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസുമാരയ എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര എന്നിവരടങ്ങിയ ബഞ്ച് ഹരജിക്കോരട് ഹരജി പിന്‍വലിച്ച് ഹൈക്കോടതിയ സമീപിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. മലയാളിയായ ജസ്‌ന ഉള്‍പ്പെടെയുള്ള ഹരജിക്കാരാണ് ഹരജി നല്‍കിയിരുന്നത്. കേരളത്തിലെ എംബിബിഎസ് സീറ്റുകളില്‍ അലോപ്പതി നഴ്‌സുമാര്‍ക്ക് നിശ്ചിതസംവരണം ഉണ്ടെന്നും എന്നാല്‍, നീറ്റ് പരീക്ഷയുടെ തൊട്ടു മുമ്പ് 30 വയസ് പൂര്‍ത്തിയാവുന്നതിനാല്‍ തനിക്ക് പ്രവേശനത്തിന് ശ്രമിക്കാന്‍ കഴിയില്ലെന്നും ഇപ്പോള്‍ നഴ്‌സായി ജോലിചെയ്യുന്ന ജസ്‌ന ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാവുന്ന ഹൈക്കോടതിയുടെ നടപടി വന്നിരിക്കുന്നത്.