സഫീര്‍ വധം: രാഷ്ട്രീയ പകപോക്കലല്ലെന്ന നിലപാട് തിരുത്തി പിതാവ്

Posted on: February 28, 2018 4:58 pm | Last updated: February 28, 2018 at 8:55 pm

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ വധത്തില്‍ രാഷ്ട്രീയ പകപോക്കലല്ലെന്ന നിലപാട് തിരുത്തി പിതാവ് സിറാജുദ്ദീന്‍ രംഗത്ത്. കൊന്നത് സിപിഐ ഗുണ്ടകളാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റ് വിഷയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാര്‍ക്കറ്റ് നിര്‍ത്തലാക്കാന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ താന്‍ ഇടപെട്ടിരുന്നുവെന്നും സിറാജുദ്ദീന്‍ പറഞ്ഞു.
നേരത്തെ സഫീറിന്റെ മരണം രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നു. പിടിയിലായവര്‍ സിപിഐയില്‍ എത്തുന്നതിന് മുമ്പ് തുടങ്ങിയ പ്രശ്മാണിതെന്നും ഇതാണ് കൊലപാതകത്തിലേക്കെത്തിയതെന്നും സഫീറിന്റെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഈ മാസം 25ന് രാത്രിയാണ് സഫീറിനെ (23) നഗരമധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി മൂന്നംഗ സംഘം കുത്തിക്കൊന്നത്. തുടര്‍ന്ന് മുസ്ലിംലീഗ് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍, നിയമസഭയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.