ഊര്‍ജസ്വലമായ സമൂഹത്തിലും സേവന മേഖലയിലും യു എ ഇ ലോകത്തെ ഒന്നാം രാജ്യം

Posted on: February 27, 2018 9:53 pm | Last updated: February 27, 2018 at 9:53 pm
യു എ ഇ മന്ത്രിമാര്‍ മന്ത്രിസഭാ യോഗശേഷം, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ക്കൊപ്പം

ദുബൈ: സേവന മേഖലയിലും ഊര്‍ജസ്വലമായ സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനായി ഏര്‍പെടുത്തിയ 50 സൂചികയില്‍ യു എ ഇ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ കോംപ്റ്റിറ്റിവ്നെസ്സ് ഇന്‍ഡക്‌സ് 2017-2018 റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യു എ ഇ മന്ത്രിസഭാ യോഗത്തില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് സൂചികാ റിപ്പോര്‍ട് പുറത്തു വിട്ടത്.

ഭരണ നിപുണത, വെല്ലുവിളികളെയും മാറ്റങ്ങളെയും ക്രിയാത്മകമായി അതി വേഗം ഉള്‍ക്കൊള്ളാനുള്ള ഭരണകൂടത്തിന്റെ കഴിവ്, ഗവണ്മെന്റ് നടപടികളുടെ സ്വീകാര്യത, നികുതി രഹിത നിക്ഷേപങ്ങളെ ആകര്‍ഷിക്കാനുള്ള രാജ്യത്തിന്റെ കഴിവ്, ഉന്നത വിദ്യാഭ്യാസ മേഖല തുടങ്ങിയ രംഗങ്ങളില്‍ ഒരുക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സൂചിക തയാറാക്കിയത്.

പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍, സാങ്കേതിക വിദ്യകളുടെ നവീകരണത്തിലൂടെ കൈവരിക്കുന്ന പുരോഗതി, ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മ, സാമ്പത്തിക രംഗത്തെ ഡിജിറ്റലൈസേഷന്‍, ലിംഗ സമത്വം, സഹിഷ്ണുത, ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ഗണ്യമായ കുറവ് തുടങ്ങിയവ രാജ്യത്തെ സവിശേഷമാക്കുന്നതിലും പ്രിയതരമാക്കുന്നതിലും ഏറെ നയിച്ചിട്ടുണ്ടെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നുണ്ട്. നിരവധി മേഖലയിലെ സമുന്നതമായ കാല്‍വെപ്പിലൂടെ ലോകത്തെ പത്തു മികച്ച രാജ്യങ്ങളില്‍ യു എ ഇ സ്ഥാനം പിടിച്ചിട്ടുണ്ട്.
2007ന് ശേഷം ഫെഡറല്‍ സ്ട്രാറ്റജി നിലവില്‍ വന്നതോടെ ആഗോളതലത്തില്‍ ഒന്നാമതെത്തുന്നതിനുള്ള വെല്ലുവിളികള്‍ നേരിടാന്‍ പാകത്തിലുള്ള സംവിധാനങ്ങളാണ് രാജ്യം ഒരുക്കിയത്. ധിഷണാപരമായ ആശയങ്ങളുടെ സാക്ഷാത്കാരത്തിലൂടെ ഭരണകൂട സംവിധാനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ ഒന്നാം റാങ്ക് നേടിയെടുക്കാന്‍ പാകത്തിലുള്ളതാക്കിയിട്ടുണ്ട്.

ഇന്ന് 50 വികസന സൂചികകളുടെ അടിസ്ഥാനത്തില്‍ യു എ ഇ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
മൂന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഹിഷ്ണുത വിഷയത്തില്‍ യു എ ഇ ലോകത്ത് ഒന്നാം നിരയിലാണ് ഉള്ളത്. ലിംഗ സമത്വത്തോടെ തൊഴിലാളികള്‍ക്കിടയില്‍ മികച്ച രീതിയില്‍ തൊഴില്‍ സമത്വം ഉറപ്പ് വരുത്തുന്നതില്‍ ഒന്നാം സ്ഥാനത്തുണ്ട്. ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറച്ചു മികച്ച ജീവിത രീതി ഒരുക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഏറെ സംതൃപ്തി നല്‍കി സവിശേഷമായ ജീവിത വ്യവസ്ഥ ഒരുക്കിയിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
മാരക രോഗങ്ങളായ എച് ഐ വി, മലേറിയ, ട്യൂബര്‍ക്യൂലോസിസ് തുടങ്ങിയവയുടെ അസാന്നിധ്യവും ഭക്ഷണ ദൗര്‍ലഭ്യമില്ലായ്മയും രാജ്യത്തെ സവിശേഷമാക്കിയിട്ടുണ്ട്.

സാമ്പത്തിക രംഗത്ത് അതി നൂതന ആശയങ്ങളൊരുക്കി തൊഴില്‍ മേഖലയുടെ പ്രവര്‍ത്തനത്തെ ആയാസരഹിതമാക്കുക, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കൊരുക്കുന്ന സാങ്കേതിക വിദ്യയുടെ വൈവിധ്യങ്ങള്‍ എന്നിവയും രാജ്യത്തെ മികവുറ്റതാക്കുന്നതിന് സഹായകമായിട്ടുണ്ട്.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ അവതരിപ്പിച്ച ട്രാവല്‍ ആന്‍ഡ് ടൂറിസം കോംപ്റ്റിറ്റിവ്‌നസ് റിപ്പോര്‍ട്ടിലും യു എ ഇ ഒന്നാം നിരയിലെത്തിയിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ടൂറിസം മേഖലയുടെ സവിശേഷ സാന്നിധ്യവും ആഗോളതലത്തില്‍ യു എ ഇയെ പ്രിയതരമാക്കിയിട്ടുണ്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.