സിറിയയില്‍ രാസായുധ പ്രയോഗം നടന്നതായി റിപ്പോര്‍ട്ടുകള്‍; ശ്വാസത്തിനായി കുരുന്നുകള്‍ പിടയുന്നു

Posted on: February 27, 2018 9:00 pm | Last updated: February 28, 2018 at 10:18 am

സിറിയ: കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 25ന് നടന്നുവെന്ന് കരുതുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. പലര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നു. നൂറുക്കണക്കിന് ആളുകളാണ് ഓരോ ദിവസവും സിറിയയില്‍ യുദ്ധത്താല്‍ മരിച്ചു വീഴുന്നത്

ചലനമറ്റ കുഞ്ഞിന്റെ ശരീരവുമായി ഡോക്ടര്‍മാര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. 25നു നടന്ന ആക്രമണത്തില്‍ ക്ലോറിന്‍ ബോംബുകള്‍ ഉപയോഗിച്ചെന്നാണു പരാതി. ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതു വ്യക്തമായിട്ടില്ല. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍നിന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രാസായുധ പ്രയോഗത്തിന്റെ വാര്‍ത്തയും എത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ ക്ലോറിന്‍ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടാണു സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഒപിസിഡബ്ല്യു അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ സാധാരണക്കാര്‍ക്കു മേല്‍ സിറിയ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാല്‍ യുഎസിനൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. വിമതര്‍ക്കെതിരെ ഏഴു വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ ഇന്നേവരെയില്ലാത്ത വിധത്തിലുള്ള ആക്രമണമാണു സിറിയ അഴിച്ചുവിടുന്നത്. ഇതിനു റഷ്യയുടെ പിന്തുണയുമുണ്ട്.