ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്

  • പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് നഖ്‌വി.
  • കഴിഞ്ഞ മാസമാണ് ഹജ്ജിന് നല്‍കി വന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
Posted on: February 27, 2018 6:24 pm | Last updated: February 28, 2018 at 10:17 am

ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് നഖ് വി പറഞ്ഞു.
എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്്, സഊദിയിലെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ലൈനാസ് തുടങ്ങിയവയ്ക്കാണ് നിരക്ക് കുറച്ചത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

2013-2014 വര്‍ഷത്തില്‍ മുംബൈയില്‍ നിന്ന് 98,750 രൂപയായിരുന്നു ഹജ്ജ് വിമാനക്കൂലിയെങ്കില്‍ അത് ഇത്തവണ 57,857 രൂപയായി കുറയും. ഏകദേശം 41000 രൂപയ്ക്കടുത്ത് വിമാനക്കൂലിയില്‍ കുറവുവരുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ മാസമാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് നല്‍കി വന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.