National
ശ്രീദേവിയുടെത് ബാത് ടബ്ബിൽ മുങ്ങി മരണം തന്നെ: പോലീസ് അന്വേഷണം അവസാനിപ്പിച്ചു

ദുബൈ: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം അവസാനിപ്പിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ശ്രീദേവി ഹോട്ടൽ മുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്ന അന്വേഷണ ഫലം പബ്ലിക് പ്രൊസിക്യൂഷൻ അംഗീകരിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് നടന്നത്. അബദ്ധത്തിലാണ് ശ്രീദേവി ബാത് ടബ്ബിൽ മുങ്ങിപ്പോയത്- ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. അവരുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. ശനി രാത്രി എട്ടോടെയായിരുന്നു മരണം.
കുളിമുറിയിൽ കയറിയ ശ്രീദേവി ഏറെ നേരം കഴിഞ്ഞും മടങ്ങാതിരുന്നത് കണ്ട് ഭർത്താവ് ബോണി കപൂർ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. ശ്രീദേവി ബാത് ടബ്ബിൽ അനക്കമറ്റ നിലയിലായിരുന്നു. ആദ്യം റാശിദ് ആശുപത്രിയിലാണ് എത്തിച്ചത്. മരിച്ചുവെന്ന് വിധിയെഴുതപ്പെട്ടതിനു ശേഷം പോലീസ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം മുംബൈയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. ഭർത്താവ് ബോണി കപൂർ, ആദ്യ ഭാര്യയിലെ മകൻ അർജുൻ കപൂർ എന്നിവർ അനുഗമിക്കും.
മൃതദേഹം നേരത്തെ പബ്ലിക് പ്രൊസിക്യൂട്ടറുടെ ക്ലിയറൻസ് ലെറ്റർ ബർ ദുബൈ പോലീസ് സ്റ്റേഷനിൽ ലഭിച്ചതോടെ മൃതദേഹം വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയതോടെ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകൾ ദുബൈ പോലീസ് ഉടൻ കൈമാറി.
അതിനിടെ, ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രൊസിക്യൂഷൻ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
---- facebook comment plugin here -----