Connect with us

Eranakulam

ശുഐബ് വധം: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ കണ്ണൂര്‍ മട്ടന്നൂരിലെ ശുഐബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഐബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കക്കവേയാണ് ഹൈക്കോടതി പോലീസിന് നേരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്.

പോലീസില്‍ ചാരന്മാരുണ്ടെന്ന് കണ്ണൂര്‍ എസ്പി തന്നെ പറയുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. സിബിഐയുടെയും സര്‍ക്കാറിന്റെയും വിശദീകരണം കേള്‍ക്കാന്‍ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് ശുഐബിന്റെമാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവരുടെ ആവശ്യം പരിഗണിച്ചാണ് ഇന്ന് തന്നെ ഹര്‍ജി പരിഗണിച്ചത്. കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്നും സിപിഎം ആവശ്യപ്പെടുന്ന രീതിയിലാണ് അന്വേഷണം നീങ്ങുന്നതെന്നും ശുഐബിന്റെ പിതാവ് മുഹമ്മദ് ഹരജിയില്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റേയും കൂടെ പ്രതികള്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. ഭരിക്കുന്ന കക്ഷിയുടെ തീവ്രവാദ ആക്രമണമാണ് നടന്നത്. ബോംബെറിഞ്ഞിട്ടും കേസില്‍ യുഎപിഎ ചുമത്തിയില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

Latest