സിറിയയില്‍ രാസായുധ ആക്രമണം

Posted on: February 27, 2018 9:57 am | Last updated: February 27, 2018 at 9:57 am

ദമസ്‌കസ്: ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയയിലെ ഹൗതയില്‍ രാസായുധ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. വിമതരുടെ ശക്തി കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍, രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി 30 ദിവസത്തെ വെടിനിര്‍ത്തലിന് യു എന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് തെക്കന്‍ ഹൗതയില്‍ രാസായുധ ആക്രമണം നടന്നത്. രാസായുധ ആക്രമണത്തിന് പുറമെ വ്യോമാക്രമണങ്ങള്‍ പല മേഖലയിലും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ മാത്രം 23 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഒമ്പത് അംഗങ്ങളടങ്ങിയ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാഴ്ചയോളമായി തെക്കന്‍ ഹൗതയില്‍ നടക്കുന്ന ആക്രമണങ്ങളിലായി 540 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും നൂറ് കണക്കിന് കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. വിമത കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തുന്നതെന്ന സിറിയന്‍ സൈന്യവും സഖ്യമായ റഷ്യയും ന്യായീകരിക്കുന്നുണ്ടെങ്കിലും കൊല്ലപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും സാധാരണക്കാരാണ്.

അതിനിടെ, ഹൗതയില്‍ മനുഷ്യാവകാശ സഹായങ്ങളെത്തിക്കാന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ രംഗത്തെത്തി. സിറിയക്ക് വേണ്ടി ഹൗതയില്‍ സൈനിക ഇടപെടല്‍ നടത്തുന്ന റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, ദിവസം മുഴുവനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാകില്ലെന്നാണ് റഷ്യയുടെ നിലപാട്. ഒരോ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും വെടിനിര്‍ത്തലെന്നും ഈ സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായങ്ങളെത്തിക്കാമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു വ്യക്തമാക്കി.
സിറിയന്‍ തലസ്ഥാനത്തിന് സമീപത്തെ വിമത കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക മുന്നേറ്റം അവസാനിപ്പിക്കാനാകില്ലെന്നാണ് റഷ്യയുടെ പക്ഷം.

യു എന്‍ രക്ഷാസമിതിയില്‍ മുഴുസമയ വെടിനിര്‍ത്തലിനുള്ള ആവശ്യം ഉയര്‍ന്നെങ്കിലും റഷ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും രാജ്യത്തിന്റെ പല വിമത കേന്ദ്രങ്ങളിലും നിരവധി സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാല് ലക്ഷത്തോളം വരുന്നവര്‍ തെക്കന്‍ ഹൗതയില്‍ മാത്രം കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷ6ിത ഇടത്തേക്ക് മാറ്റാന്‍ സിറിയന്‍ സിവില്‍ ഡിഫന്‍സ് വിഭാഗവും മനുഷ്യാവകാശ പ്രവര്‍ത്തകരും പാടുപെടുകയാണ്.