Ongoing News
ശുഐബ് വധത്തില്‍ സിബിഐ, എംഎം അക്ബര്‍, ശ്രീദേവി, ബാഗേജ് മോഷണം...

ശുഐബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സംഭവത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യഥാര്‍ഥ പ്രതികളെയല്ല പിടിച്ചതെന്ന് ആക്ഷേപമുണ്ടെങ്കില്‍ ഏത് അന്വേഷണവുമാകാം. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ശുഐബ് വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ പ്രക്ഷുബ്ധമായി. പ്ലകാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവെച്ചതോടെ ചോദ്യോത്തരവേള നിര്‍ത്തിവെക്കേണ്ടിവന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് സഭയിലെത്തിയത്.
ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സിബിഐ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ നിരാഹാരാ സമരം ആരംഭിക്കുമെന്ന് ശുഐബിന്റെ പിതാവ് മുഹമ്മദും സഹോദരിയും വ്യക്തമാക്കി. അതിനിടെ, ശുഐബിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കുപ്പിയും കല്ലും കമ്പുകളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. വൈകീട്ട് മൂന്നിന് മുതിര്‍ന്ന നേതാവ് വയലാര്‍ രവി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിക്കുക. കോടതിയില്‍ പോകാതെ നീതി കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരം നിര്‍ത്തുന്നതെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശുഐബിനെ കൊലപ്പെടുത്താനുള്ള നീക്കം രണ്ട് തവണ പരാജയപ്പെട്ടതായി പ്രതികളുടെ വെളിപ്പെടുത്തല്‍. തുടര്‍ച്ചയായി രണ്ട് ദിവസം ശുഐബിനെ പിന്തുടര്‍ന്നിരുന്നുവെന്നും എന്നാല്‍ ആളുകള്‍ കൂടെയുണ്ടായതിനാല്‍ കൃത്യം നടത്താനായില്ലെന്നും അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും പോലീസിന് മൊഴി നല്‍കി. ശുഐബ് കൊല്ലപ്പെട്ടതിന് തലേന്ന് ഫെബ്രുവരി 11ന് കൊലയാളി സംഘം വാടകക്ക് എടുത്ത കാറില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അന്ന് കൃത്യം നടക്കാതെ വന്നതോടെ 12ാം തീയതിയും പിന്തുടര്‍ന്നു. ഒടുവില്‍ അന്ന് രാത്രി പതിനൊന്ന് മണിയോടെ തെരൂരിലെ തട്ടുകടയിലവെച്ച് പ്രതികള്‍ കൃത്യം നടത്തുകയായിരുന്നു.
മതസ്പര്‍ദ്ദ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സലഫി പ്രചാരകന്‍ എംഎം അക്ബറിനെ എന്‍ഐഎയും ഐബിയും ചോദ്യം ചെയ്തു. പീസ് സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകര്‍ ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം അക്ബറിനോട് പ്രധാനമായും ആരാഞ്ഞത്. കൊച്ചി അസി. കമ്മീഷനറുടെ നേതൃത്വത്തിലുള്ള സംഘവും അക്ബറിനെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ വിവാദ പാഠഭാഗം അനുചിതമാണെന്ന് മനസ്സിലാക്കിയതിനാല്‍ അത് പഠിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി അക്ബര്‍ മൊഴി നല്‍കി. അതിനിടെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എം എം അക്ബറിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അക്ബറിനെ കോഴിക്കോട് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുവരും.
ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത ഉന്നതാധികാര സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. 7340 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിനോട് കേന്ദ്രം ആവശ്യപ്പെട്ടതെങ്കിലും തുച്ഛമായ തുകയാണ് അനുവദിച്ചിരിക്കുന്നത്. ഓഖി ദുരിതം നാശം വിതച്ച തമിഴ്‌നാടിന 133 കോടി രൂപയും അനുവദച്ചിട്ടുണ്ട്.
സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ നിയമങ്ങള്‍ കര്‍ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എറണാകുളം അങ്കമാലി അതിരൂപതിയിലെ ഭൂമി ഇടപടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോളായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. സഭയുടെ ഭൂമി ഇടപാടില്‍ പിഴവുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ മാര്‍പ്പാപ്പക്ക് മാത്രമേ അധികാരമുള്ളൂ എന്ന ആലഞ്ചേരിയുടെ വിശദീകരണമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇന്ത്യയിലെ ക്രിമിനല്‍ നിയമലംഘനത്തില്‍ മാര്‍പാപ്പയുടെ നിയമത്തിനു പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. ബിഷപ്പ് സഭാസ്വത്തുക്കളുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ബോളിവുഡ് നടി ശ്രീദേവി മുങ്ങിമരിച്ചതാണെന്ന് വ്യക്തമാക്കി ദുബൈ പോലീസിന്റെ മരണ സര്‍ട്ടിഫിക്കറ്റ്. ശ്രിദേവി ദുബൈയില്‍ ജുമൈറ ടവേഴ്‌സ് ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചെന്നാണ് ദുബൈ പോലീസ് വ്യക്തമാക്കുന്നത്. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉള്ളതായും പരിശോധനയില്‍ തെളിഞ്ഞു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീദേവിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗുകളില്‍ നിന്നു മോഷണം നടക്കുന്നതായി പരാതി വന്ന സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ നഷ്ടപ്പെടുന്നതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.
പാലക്കാട് മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മണ്ണാര്‍കാട് സ്വദേശികളായ ബഷീര്‍, റാഷിദ്, മുഹമ്മദ് സഹല്‍, അജീഷ്, സജില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിപിഐ അനുഭാവികളാണെങ്കിലും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ഇന്ന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണമുണ്ടായി.