നടി ശ്രീദേവിയുടേത് അപകടമരണം; ബാത്ത് ടബില്‍ മുങ്ങിമരിച്ചെന്ന് റിപ്പോര്‍ട്ട്

Posted on: February 26, 2018 4:45 pm | Last updated: February 26, 2018 at 8:16 pm

ദുബൈ :നടിശ്രീദേവിയുടെ മരണം ദുബൈയിലെ ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍. ദുബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചതെന്ന നിലയില്‍ ഖലീജ് ടൈമ്‌സ് റിപ്പോര്‍ട് ചെയ്തതാണിത്. ശനി രാത്രി ഒമ്പതോടെയാണ് ടബ്ബിലെ നിറഞ്ഞ വെള്ളത്തില്‍ അനക്കമറ്റ നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവു ബോണി കപൂര്‍ കാണുന്നത് .ബോണി കപൂര്‍ ഏതാനും മണിക്കൂര്‍ മുമ്പാണ് മുംബൈയില്‍ നിന്ന് ദുബൈയില്‍ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ എത്തിയത്. വൈകിട്ട് അഞ്ചരക്കായിരുന്നു പുനഃസമാഗമം .ഡിന്നറിനു പോകാന്‍ ഒരുങ്ങാന്‍ ബോണികപൂര്‍ ക്ഷണിച്ചതനുസരിച്ചു ശ്രീദേവി തയ്യാറെടുപ്പിലായിരുന്നു .
വരുന്ന വിവരം ശ്രീദേവിയെ അറിയിച്ചിരുന്നില്ല .സര്‍െ്രെപസ്സ് ആയിക്കോട്ടെ എന്ന് കരുതിയതായി ബോണി കപൂര്‍ പറഞ്ഞു .

ഡിന്നറിനു പോകാമെന്നു ബോണി കപൂര്‍ ക്ഷണിച്ചു .അതിന് ഒരുങ്ങാന്‍ ശൗചാലയത്തില്‍ കയറിയ ശ്രീദേവി തിരിച്ചു വരാത്തപ്പോള്‍ ബോണി കപൂര്‍ വാതിലില്‍ മുട്ടി .പ്രതികരിക്കാതിരുന്നപ്പോള്‍ വാതില്‍ തള്ളിത്തുറന്നു .അപ്പോഴാണ് ബാത് ടബ്ബില്‍ അനക്കമറ്റു കിടക്കുന്നതായി കണ്ടത് .ഉടന്‍ ഒരു സുഹൃത്തിനെ വിളിച്ചു .ഒമ്പതു മണിയോടെ പോലീസിനെയും .കുളിക്കുമ്പോള്‍ ഹൃദയാഘാതം സംഭവിച്ചതാകാം എന്നാണു പ്രാഥമിക നിഗമനം

റാസല്‍ഖൈമയില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങുകളിലെല്ലാം ഊര്‍ജസ്വലയായിരുന്നു ശ്രീദേവി . മെഹന്ദി , സംഗീത നിശ തുടങ്ങി വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലെല്ലാം ഉല്‍സാഹഭരിതയായിരുന്നു .
ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും ശ്രീദേവിക്കൊപ്പം ചടങ്ങുകളിലുണ്ടായിരുന്നെങ്കിലും ഷൂട്ടിങ് തിരക്കുമൂലം മൂത്തമകള്‍ ജാന്‍വി എത്തിയിരുന്നില്ല. വിവാഹത്തില്‍ മറ്റു പ്രമുഖ ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ബോണി കപൂറിന്റെ സഹോദരിയുടെ മകനായ മോഹിത് മര്‍വയുടെവിവാഹം റാസ് അല്‍ ഖൈമയിലായിരുന്നു .വധു അന്തര, അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനിയുടെ ബന്ധുവാണ്.ബോണി കപൂര്‍ റാസ് അല്‍ ഖൈമയില്‍ നിന്ന് മൂന്നാം ദിവസം മുംബൈയിലേക്ക് മടങ്ങി .ശ്രീദേവിയും മകളും ദുബൈ എമിറേറ്റ്‌സ് ഹോട്ടലിലേക്ക് താമസം മാറ്റി .ശനി വൈകിട്ട് അഞ്ചരയോടെയാണ് ബോണികപൂര്‍ ദുബൈയില്‍ ഹോട്ടല്‍ മുറിയില്‍ എത്തിയത് .

പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണു ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മൃതദേഹം ഖിസൈസ് ദുബായ് പൊലീസ് ആസ്ഥാനത്തു മോര്‍ച്ചറിയിലാണുള്ളത് . താമസസ്ഥലത്തും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. മുംബൈ ജുഹു പവന്‍ഹന്‍സ് ശ്മശാനത്തിലാകും സംസ്‌കാരം.

അന്ധേരി ലോഖണ്ഡ്‌വാല കോംപ്ലക്‌സിലാണു ശ്രീദേവിയും കുടുംബവും താമസിക്കുന്നത്. മരണവാര്‍ത്തയറിഞ്ഞ് ആരാധകര്‍ രാവിലെ മുതല്‍ കോംപ്ലക്‌സിനു മുന്നില്‍ തടിച്ചുകൂടി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരടക്കം അനുശോചിച്ചു.