ശുഐബ് വധം: സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി

Posted on: February 26, 2018 10:32 am | Last updated: February 26, 2018 at 3:41 pm

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. സംഭവത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ഥ പ്രതികളെയല്ല പിടിച്ചതെന്ന് ആക്ഷേപമുണ്ടെങ്കില്‍ ഏത് അന്വേഷണവുമാകാം. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കും. ശേഷിക്കുന്ന പ്രതികളെ ഒരാഴ്ചക്കകം പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കേസില്‍ സിബിഐ ഉള്‍പ്പെടെ ഏത് അന്വേഷണവുമാകാമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുമെന്ന ഭയത്താലാണ് കേസ് സിബിഐ അന്വേഷണത്തിന് വിടാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പ്രതികരിച്ചു.