Connect with us

Gulf

അന്നയെ തനിച്ചാക്കി മാതാവ് അന്ത്യ യാത്രയായി

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ അരക്ക് താഴെ തളര്‍ന്ന് ദീര്‍ഘനാള്‍ ശയ്യാവലംബിയായ കൊല്ലം പുനലൂര്‍ സ്വദേശി രാധാ സുരേഷ് കുമാര്‍ (51) ശനിയാഴ്ച രാവിലെ നിര്യാതയായി. ഷാര്‍ജ യര്‍മൂഖിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ രാധയെ കുവൈത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സയ്ക്കായി ഈയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം. ഇതോടെ മകള്‍ അന്ന പോള്‍ തനിച്ചായി. അമ്മയെ ഈ കൊച്ചു പെണ്‍കുട്ടിയാണ് പരിചരിച്ചിരുന്നത്.

പതിനൊന്ന് വര്‍ഷം ഒമാനിലായിരുന്നു ഇലക്ട്രീഷ്യനായ സുരേഷ് കുമാറും കുടുംബവും. അവിടെ സ്വന്തമായി നടത്തിയിരുന്ന ബിസിനസ് പൊളിഞ്ഞതിനെ തുടര്‍ന്ന് സന്ദര്‍ശക വിസയില്‍ യു എ ഇയിലേക്ക് വരികയായിരുന്നു. ഇതിന് സഹായിച്ച ഒരു പരിചയക്കാരനായ വാസുദേവന്‍ എന്നയാള്‍ സുരേഷിന്റെയും രാധയുടെയും പാസ്‌പോര്‍ട്ടുമായി മുങ്ങി. ഇതേ തുടര്‍ന്ന് യു എ ഇ വിസയെടുക്കാനും സാധിച്ചില്ല. രാധ കിടപ്പിലായതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഔട്ട്പാസ് എടുത്തിരുന്നു. എന്നാല്‍, അന്നാ പോളിന് ഔട്ട്പാസ് കിട്ടാത്തതിനാല്‍ യാത്ര മുടങ്ങി. എഴുന്നേറ്റിരിക്കാന്‍ പോലും സാധിക്കാതെ 2014ലാണ് രാധ കിടപ്പിലായത്.
ഇവരുടെ കാലുകള്‍ക്ക് പെട്ടെന്ന് നീരു വരികയും പിന്നീട് നടക്കാന്‍ പറ്റാത്ത വിധം ശരീരം മുഴുവന്‍ നീര് വന്ന് വേദന പടരുകയുമായിരുന്നു. അധികം വൈകാതെ ഒരു ദിവസം പെട്ടെന്ന് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായി. ഇതോടെ ജീവിതം ദുരിതത്തിലായി. മകളെ പോലും ശ്രദ്ധിക്കാന്‍ പറ്റാത്ത വിധം ജീവിതം കഷ്ടത്തിലായി. ഇലക്ട്രീഷ്യനായ സുരേഷ് കുമാര്‍ രോഗിയായ ഭാര്യയെയും കൊച്ചുമകളെയും വിട്ട് കൃത്യമായി ജോലിക്ക് പോകാനാവാതെ വലഞ്ഞു. ഒടുവില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്തു. തുടര്‍ന്ന് ആ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ കുടുംബം വഴിയാധാരമായി. അതില്‍പ്പിന്നെ കൃത്യമായി ശരിക്കും ഭക്ഷണം പോലും കഴിക്കാതെയാണ് വര്‍ഷങ്ങളായി കുടുംബം കഴിഞ്ഞത്.

അജ്മാനിലെ സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എട്ട് വയസ്സുകാരി അന്ന. മൂന്ന് വര്‍ഷമായി രോഗിയായ അമ്മയെ പരിചരിക്കുന്നു. . സാമൂഹിക പ്രവര്‍ത്തകരായ ഡോ. ആന്റണി തോമസ്, സിജു പന്തളം, ബിപിന്‍, പോള്‍ ജോര്‍ജ് പൂവത്തേരില്‍, ഷാര്‍ജ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം പ്രസിഡന്റ് ഗണേഷ് അരമങ്ങാനം എന്നിവരും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലയാളി കൂട്ടായ്മ തുടങ്ങിയ സംഘടനകളും രാധയെയും അന്നാ പോളിനെയും സന്ദര്‍ശിച്ചു. വേണ്ട സഹായങ്ങള്‍ നല്‍കി.
ഇവര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങളുമായാണ് സ്ത്രീകളടക്കം പലരും ഇവരുടെ ഫഌറ്റിലെത്തിയത്. കൂടാതെ, കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്‍ രാധക്ക് താന്‍ നേതൃത്വം നല്‍കുന്ന ശാന്തി മെഡിക്കല്‍ സെന്ററില്‍ സൗജന്യ ചികിത്സയും ഏര്‍പെടുത്തിയിരുന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ യാത്രാ രേഖകളും പെട്ടെന്ന് തന്നെ തയ്യാറായിരുന്നു. കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നതായി അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.