കച്ചവടം പൊടിപൊടിച്ച് ‘ബംഗാളി മാര്‍ക്കറ്റു’കള്‍

Posted on: February 24, 2018 8:52 pm | Last updated: February 24, 2018 at 8:52 pm

അബുദാബി: ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ബംഗാളി മാര്‍ക്കറ്റുകള്‍ എന്ന് അറിയപ്പെടുന്ന സമാന്തര വിപണിയില്‍ ദിനംപ്രതി പതിനായിരക്കണക്കിന് ദിര്‍ഹമിന്റെ കച്ചവടം. വിലക്കുറവും എളുപ്പം എത്തിപ്പെടാനുള്ള സൗകര്യവുമാണ് താരതമ്യേന ചെറിയ വേതനക്കാരായ തൊഴിലാളികളെ വ്യാജ വിപണിലേക്ക് ആകര്‍ഷിക്കുന്നത്. നിശ്ചിത വാരാന്ത്യ അവധിക്ക് പുറമെ വിവിധ കമ്പനികളുടെ ശമ്പള ദിനങ്ങളിലും സര്‍ക്കാര്‍ ഒഴിവ് ദിവസങ്ങളിലുമാണ് വിപണി കൂടുതല്‍ സജീവമാവുന്നത്.

‘ലൈവാ’യി പാചകം ചെയ്ത കോഴിയും മത്സ്യവും ആവശ്യക്കാര്‍ക്ക് വിലപേശി വാങ്ങിക്കാം. വിലക്കുറവിന്റെ ആകര്‍ഷകത്വത്തില്‍ കണ്ണ് തള്ളിപ്പോവുന്ന ഉപഭോക്താക്കള്‍ വൃത്തിക്കോ ഗുണമേന്മയോക്കോ പലപ്പോഴും വേണ്ടത്ര പരിഗണന നല്‍കാറില്ല. ഗുണനിലവാരം നന്നെ കുറഞ്ഞതും അവധി കഴിഞ്ഞതുമായ ഭക്ഷ്യോത്പന്നങ്ങളും അസ്സലിനെ വെല്ലുന്ന വ്യാജ ഇലക്‌ട്രോണിക് ഉപകരണങ്ങളും അഴുകിയ പഴം പച്ചക്കറികളും ഇവിടെ സുലഭമായി വിറ്റഴിഞ്ഞു പോകുന്നു. പാചകം ചെയ്ത നാനാതരം വിഭവങ്ങളും ലഘു പലഹാരങ്ങളും തുറസ്സായ സ്ഥലങ്ങളില്‍ ആകര്‍ഷകമായി അടുക്കി വെച്ചതും കാണാം. തൊട്ടടുത്തു തന്നെ മുടി വെട്ടലും ക്ഷൗരവുമൊക്കെയായി ‘ബാര്‍ബര്‍ഷോപ്പും’ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ സ്വദേശികളാണ് പ്രധാനമായും വിപണിയിലെ കച്ചവടക്കാര്‍. നിരോധിത പാന്‍മസാലകള്‍ മുതല്‍ വില കുറഞ്ഞ മദ്യങ്ങളും, മറ്റു ലഹരി വസ്തുക്കളും സുലഭമായി ലഭിക്കുന്ന ഇടങ്ങള്‍ കൂടിയാണിത്.

വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക, പുതപ്പ് മുതല്‍ ഫര്‍ണിച്ചര്‍ വരെ ബംഗാളി മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ലേബര്‍ ക്യാമ്പുകള്‍ക്ക് പുറത്ത് ഉണങ്ങാനിട്ട പുതപ്പുകളും കിടക്കവിരികളും മുറിക്ക് പുറത്ത് സൂക്ഷിച്ച ചെരിപ്പുകള്‍ വരെ മോഷ്ടിച്ച് വ്യാജവിപണിയിലെത്തിക്കുന്നവരും ഇത്തരക്കാരുടെ കണ്ണികളായുണ്ട്. പാകം ചെയ്ത മത്സ്യ, മാംസ വിഭവങ്ങള്‍ക്കൊപ്പം പൊറാട്ട, റൊട്ടി, വിവിധ തരം ബിരിയാണികളും വ്യാജ വിപണിയില്‍ ലഭ്യമാണ്. അത്യന്തം വൃത്തിഹീനമായ ചുറ്റുപാടിലും മലിനജലമുപയോഗിച്ചുമാണ് പാചകം എന്ന് മാത്രം.

സമീപ പ്രദേശത്തെ പള്ളികളിലെയും ലേബര്‍ ക്യാമ്പുകളിലെയും മാളുകളിലെയും ശൗചാലയങ്ങളില്‍ നിന്ന് ശേഖരിക്കുന്നത് മുതല്‍ വെളിപ്രദേശങ്ങളില്‍ കെട്ടിനില്‍ക്കുന്ന മലിനജലം വരെ പാചകത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. വിപണിയില്‍ വില്‍പനക്കെത്തുന്ന പല വസ്തുക്കളും യാതൊരു പരിശോധനക്കും വിധേയമാകാറില്ല. നിയമംമൂലം നിരോധിച്ച ഊരും പേരുമില്ലാത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളും, ശരീരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സുഗന്ധദ്രവ്യ ലേപനാദി ഉത്പന്നങ്ങളും ചൂടപ്പം കണക്കെ ഇവിടെ വിറ്റുപോകുന്നുണ്ടെന്ന് അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ റാഹ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ തിരുവനന്തപുരം സ്വദേശി സജിന്‍ ആര്‍ ടി പറഞ്ഞു. ഗൃഹാതുരത്വം സൂക്ഷിക്കുന്ന മലയാളിക്ക് ആഴ്ചചന്തകളുടെ കേരളീയ നാടോര്‍മകള്‍ മനസ്സിലെത്തുന്നുവെന്ന മറുവശവും അദ്ദേഹം പങ്കുവെച്ചു.

അംഗീകൃത ബാര്‍ബര്‍ഷാപ്പുകാര്‍ ഇരുപതും ഇരുപത്തിയഞ്ചും ഈടാക്കുന്നിടത്ത് കേവലം അഞ്ചു ദിര്‍ഹത്തിന് മുടി വെട്ടി ‘സുന്ദരക്കട്ടപ്പനാ’വാമെന്നതാണ് ബംഗാളി മാര്‍ക്കറ്റിന്റെ മറ്റൊരു പ്രത്യേകത. ഇരിക്കാന്‍ ഒഴിഞ്ഞ രണ്ട് എണ്ണ ടിന്നും ഓരോ കത്രികയും ചൈനീസ് നിര്‍മിത റേസറും മുഖം നോക്കാനുള്ള കണ്ണാടിയും ഒരു പാക്കറ്റ് ബ്ലേഡുമായാല്‍ ഒരു ‘ബാര്‍ബര്‍ഷാപ്പി’ന്റെ സെറ്റപ്പായി. ഒരു ബ്ലേഡ് ഉപയോഗിച്ചു തന്നെ ഒട്ടേറെപ്പേരുടെ താടി വടിക്കല്‍ സാധ്യമാക്കുന്നു. ശുചിത്വമോ ഉപകരണങ്ങളുടെ ശുചീകരണമോ നടക്കാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതു നേരവും പരിശോധന നടക്കുമെന്നത് മുന്നില്‍ കണ്ട് നേരത്തെ കാശടച്ചുള്ള ‘പ്രീപെയ്ഡ്’ സംവിധാനമാണ് അധികയിടത്തും നിലവിലുള്ളത്. പെട്ടെന്ന് പരിശോധന വന്നാല്‍ ഉദ്യമം പൂര്‍ത്തിയാക്കാതെ ഇടപാടുകാരനെ വിട്ട് തടി തപ്പുന്നതും സാധാരണമാണ്. ഇങ്ങനെ പെട്ടുപോവുന്ന പാവങ്ങള്‍ മറ്റുവഴികള്‍ തേടേണ്ടതായുംവരുന്നു.

പരിശോധക്ക് എത്തുന്ന ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ വീക്ഷിച്ച് കച്ചവടക്കാര്‍ക്ക് വിവരം നല്‍കാനുള്ള അനൗദ്യോഗിക’ഇന്‍ഫര്‍മേഷന്‍ സെന്ററു’കള്‍ സമാന്തര മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്നു. ഇവരില്‍ നിന്നുള്ള സൂചന കിട്ടുന്ന മുറക്ക് കച്ചവടക്കാര്‍ സാധനങ്ങള്‍ ചുരുട്ടിക്കെട്ടി നിമിഷ നേരം കൊണ്ട് സ്ഥലം വിടുകയാണ് പതിവ്. വിവരം നല്‍കുന്നവര്‍ക്ക്പ്രതിഫലമായി നിശ്ചിത തുക കച്ചവടക്കാര്‍ നല്‍കണമെന്നാണ് ചട്ടം. മാര്‍ക്കറ്റ് പരിസരങ്ങളില്‍ ടെലഫോണ്‍ കാര്‍ഡ്-മൊബൈല്‍ ബാലന്‍സ് വില്‍പനക്കാര്‍ അനുബന്ധമായാണ് മിക്കവാറും ഈ പണിയിലേര്‍പ്പെടുന്നത്.

വ്യാജ വിപണികള്‍ക്ക് വിലങ്ങിടാന്‍ യു എ ഇ സാമ്പത്തികകാര്യ വിഭാഗവും താമസ കുടിയേറ്റ വകുപ്പും സംയുക്തമായി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. വ്യാപകമായി പരിശോധനയും നടപടികളും തുടരുകയും യന്ത്രങ്ങളുപയോഗിച്ച് മാര്‍ക്കറ്റുകള്‍ അടിച്ചുനിരത്തുകയും സാധാരണമാണ്. എങ്കിലും അടുത്ത ദിവസം വീണ്ടും വാണിഭം പൂര്‍വാധികം തഴച്ചുവളരുന്നുവെന്നാണ് അനുഭവം.