Connect with us

Gulf

ലഗേജില്‍ കൈയിട്ടു വാരുന്ന മാന്യന്‍മാര്‍

Published

|

Last Updated

ജീവിതോപാധി തേടി ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് ആളുകള്‍ “ഒഴുകാന്‍” തുടങ്ങിയിട്ട് അമ്പതു വര്‍ഷത്തിലധികമാകുന്നു. ഇന്നും അതിനു മാറ്റമില്ല. ലോകത്തു ഏറ്റവും വ്യോമഗതാഗതമുള്ള മേഖല ഇന്ത്യ -ഗള്‍ഫ് ആണ്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു വലിയ ലാഭം നേടിക്കൊടുക്കുന്ന റൂട്ട്. ദുബൈയില്‍ നിന്ന് മാത്രം ആഴ്ചയില്‍ 50000ലധികം യാത്രക്കാര്‍. 183 വിമാനങ്ങള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിടിച്ചു നില്‍ക്കുന്നത് തന്നെ മേഖലയിലെ വരുമാനം കൊണ്ട്. ഇന്ത്യയിലേക്കും തിരിച്ചും ആയിരക്കണക്കിനാളുകളാണ്, ദിവസം യാത്ര ചെയ്യുന്നത്.

അടുത്ത കാലത്തൊന്നും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താന്‍ വിമാനക്കമ്പനികള്‍ യാതൊന്നും ചെയ്യുന്നില്ല. ഏറ്റവും ഒടുവില്‍, കോഴിക്കോട്ടെത്തിയ യാത്രക്കാരുടെ ലഗേജ് കൊള്ളയടിക്കപ്പെട്ടു. ദുബൈയില്‍ നിന്നായിരുന്നു യാത്രക്കാര്‍. ദുബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ജീവനക്കാരില്‍ പഴി ചാരുന്നുണ്ടെങ്കിലും വിമാനക്കമ്പനിക്കു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. യാത്രക്കാരുടെയും ലഗേജുകളുടെയും സുരക്ഷ വിമാനക്കമ്പനിയില്‍ നിക്ഷിപ്തമാണ്.

പണ്ട് കാലത്തു മുംബൈ വഴിയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ഗള്‍ഫ് ഇന്ത്യക്കാര്‍ യാത്ര ചെയ്തിരുന്നത്. കേരളത്തിലേക്ക് നേരിട്ട് അധികം വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. വടക്കന്‍ കേരളീയര്‍ മുംബൈയില്‍ വിമാനമിറങ്ങി, ബസില്‍ നാടുപിടിക്കുകയാണ് ചെയ്തിരുന്നത്. മുംബൈ രാജ്യാന്തര വിമാനത്താവളം ചുറ്റിപ്പറ്റി അധോലോകം തന്നെ തമ്പടിച്ചിരുന്നു.

ഗള്‍ഫ് ഇന്ത്യക്കാരെ കൊള്ളയടിക്കാനാണിത്. യാത്രക്കാരന്റെ കൈയില്‍ ബാക്കിയാകുന്ന വിദേശ കറന്‍സിക്ക് പകരം ഇന്ത്യന്‍ രൂപ തരാമെന്നും മറ്റും വാഗ്ദാനം ചെയ്തു കൂടെക്കൂടുന്നവര്‍ ലഗേജുമായി കടന്നു കളയും. എതിര്‍ത്താല്‍ ജീവന്‍ അപകടത്തിലാകും. ബോംബെ പോലീസ് കണ്ണടക്കും.

ഇപ്പോള്‍, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേക്കും ഗള്‍ഫില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുണ്ട്. പണ്ടത്തെ അധോലോകം വിമാനത്താവളത്തിന് അകത്തേക്ക് കളം മാറ്റിയോ എന്ന് സംശയിക്കണം. ഇത്രയധികം നിരീക്ഷണ സംവിധാനങ്ങളുള്ള വിമാനത്താവളങ്ങളില്‍ ലഗേജ് കുത്തിത്തുറന്ന് മോഷണം നടത്തണമെങ്കില്‍ അവര്‍ ചില്ലറക്കാരല്ല. കഴിഞ്ഞാഴ്ച ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത പലര്‍ക്കും വിലകൂടിയ ഉല്‍പന്നങ്ങള്‍ നഷ്ടമായി. ദുബൈയില്‍ യില്‍ നിന്നു പുറപ്പെട്ട് രാവിലെ 7.20ന് കരിപ്പൂരില്‍ ഇറങ്ങിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ഐ എക്‌സ് 344 എന്ന വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിലപിടിച്ച വസ്തുക്കള്‍ നഷ്ടമായത്. കടമേരി സ്വദേശിയും യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനുമായ സമദ്, താമരശ്ശേരി സ്വദേശി അസീസ് അടക്കം ഒട്ടേറെ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കളവ് പോയി. സ്വര്‍ണം, മൊബൈല്‍ ഫോണ്‍ എന്നിവ ലാക്കാക്കിയാണ് മോഷണം നടത്തിയതെന്ന് വ്യക്തം. ഹാന്‍ഡ് ബാഗിന്റെ സിബ് ഇളക്കി കൈയിട്ടു വാരിയ നിലയിലായിരുന്നു. കോഴിക്കോട് വിമാനത്താവള അധികൃതരും എയര്‍ ഇന്ത്യ ജീവനക്കാരും കൈമലര്‍ത്തുന്നു. പിന്നെയുള്ള സാധ്യത ദുബൈയില്‍ നിന്ന് വിമാനം കയറുന്നതിനു തൊട്ടു മുമ്പ്, ഹാന്‍ഡ് ബാഗ് തൂക്കി നോക്കി, ഭാരം കൂടുതലെന്നു കണ്ട് ലഗേജിലേക്കു മാറ്റിയ ശേഷമുള്ള സാഹചര്യമാണ്. കേരളത്തിലേക്കുള്ള വിമാനത്തില്‍ പോകുമ്പോള്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗ് ഏഴു കിലോയില്‍ കൂടരുതെന്ന നിയമം പാലിക്കുന്നതില്‍ വിമാനത്താവള ജീവനക്കാര്‍ ജാഗരൂകരാണ്. മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാനത്തിലാണെങ്കില്‍ അത്ര കര്‍ശനമായ തൂക്കിനോക്കല്‍ കാണാറില്ല. വിമാനക്യാബിനില്‍ മതിയായ സ്ഥലമില്ലെന്നും വിമാനഭാരം വര്‍ധിച്ചു അപകട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിമാനത്താവളത്തിനകത്തെ ഡ്യൂട്ടിഫ്രീ കടയില്‍ നിന്ന് വാങ്ങുന്ന, കൈയിലൊതുങ്ങുന്ന സാധങ്ങള്‍ വരെ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

ചിലര്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ ഹാന്‍ഡ് ബാഗില്‍ സാധനങ്ങള്‍ കുത്തി നിറച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അത്തരക്കാരുടെ ബാഗ്, കൗണ്ടറില്‍ ചെക്കിന്‍ സമയത്തു തന്നെ തൂക്കി നോക്കി ലഗേജിലേക്ക് മാറ്റാന്‍ സംവിധാനമുണ്ടെങ്കില്‍ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം. വിമാനം കയറുന്നതിനു തൊട്ടു മുമ്പ് ഹാന്‍ഡ് ബാഗ് വാങ്ങി ലഗേജിലേക്കു മാറ്റുമ്പോള്‍ അതില്‍ പാസ്‌പോര്‍ട്ടോ മറ്റോപെട്ടു പോയാല്‍ യാത്രക്കാരന്‍ കുടുങ്ങിയത് തന്നെ.

ഹാന്‍ഡ് ബാഗിന് വലുപ്പം കൂടിയാലും പരിശോധകര്‍ കനിയാറില്ല. അതേസമയം “ബാക്ക്പാക്കു “കാരെ സൗകര്യപൂര്‍വം ഒഴിവാക്കുന്നതും ശ്രദ്ധയില്‍പെടാറുണ്ട്.

മൃതദേഹം പോലും തൂക്കി നോക്കി നിരക്കു കണക്കാക്കുന്ന വിമാനക്കമ്പനിയാണ് നമ്മുടേത്. ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ഇളവ് ലഭിക്കുമെന്ന് ആരും കരുതേണ്ട.

വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ പലരും ലഗേജ് തൂക്കി നോക്കി നിശ്ചിത അളവു മാത്രമേ ഉള്ളൂവെന്ന് ഉറപ്പു വരുത്താറുണ്ടെങ്കിലും ഹാന്‍ഡ്ബാഗിന്റെ കാര്യത്തില്‍ അത്ര സൂക്ഷ്മത പാലിക്കാറില്ല. ഇതിനെയാണ് കൊള്ളക്കാര്‍ മുതലെടുക്കുന്നത്.

മാസങ്ങളുടെ വിദേശവാസം കഴിഞ്ഞു നാട്ടിലേക്ക് പോകുമ്പോള്‍ കടം വാങ്ങിയിട്ടാണെങ്കിലും ഉറ്റവര്‍ക്കു പല സമ്മാനങ്ങളും വാങ്ങുമെന്നും അവ ഹാന്‍ഡ്ബാഗില്‍ ഉണ്ടാകുമെന്നും കൊള്ളക്കാര്‍ക്കു ഉറപ്പുണ്ട്, യാത്രക്കാര്‍ നിസ്സഹായരാണെന്നും അറിയാം. അതിനെയാണ് മുതലെടുക്കുന്നത്. ഇത്തരം കൊള്ളക്കാരെ വെറുതെ വിടരുത്. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുക. അതിനു പക്ഷേ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ സമ്മര്‍ദം ആവശ്യമുണ്ട്.