Kerala
ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്നു; മരണകാരണം ആന്തരിക രക്തസ്രാവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിന്റെ മരണം തലയിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും നെഞ്ചിലും മര്‍ദനമേറ്റതായും ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മധുവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമംഅടക്കം ഏഴ് വകുപ്പുകള്‍ കൂടി ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ മുക്കാലി പാക്കുളത്തെ വ്യാപാരിയായ കെ ഹുസൈന്‍, പി പി കരീം എന്നിവരെ അറസ്റ്റ്് ചെയ്തിരുന്നു. പതിനഞ്ചോളം പേരടങ്ങുന്ന സംഘത്തില്‍ ഏഴ് പേരാണ് തന്നെ തല്ലിച്ചതച്ചതെന്ന് മധു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിസരത്തുണ്ടായിരുന്ന ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ലത്വീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരുടെ പേര് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുക്കാലിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് വ്യാഴാഴ്ചയാണ് മധുവിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും കെട്ടിയിടുകയും ചെയ്തത്. സംഭവം മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഛര്‍ദിച്ചവശനായി വഴിമധ്യേ മരിക്കുകയായിരുന്നു.