Connect with us

International

വെടിനിര്‍ത്തല്‍ പ്രമേയത്തിന് വിലങ്ങായി റഷ്യ

Published

|

Last Updated

വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് ഗരുതരമായി പരുക്കേറ്റയാളുമായി പുറത്തേക്ക് വരുന്നവര്‍

വാഷിംഗ്ടണ്‍: സിറിയയിലെ ഹൗതയില്‍ വ്യോമാക്രമണം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള യു എന്‍ ശ്രമം പാളി. ദുരിതം അനുഭവിക്കുന്ന തെക്കന്‍ ഹൗതയില്‍ നിന്ന് ഗുരുതരമായി പരുക്കേറ്റവരെയും മറ്റും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധാരണക്കാര്‍ക്ക് മനുഷ്യാവകാശ സഹായങ്ങള്‍ എത്തിക്കാനും അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, 30 ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ അംഗീകരിക്കാനാകില്ലെന്നാണ് റഷ്യയുടെ വാദം.

തെക്കന്‍ ഹൗതയില്‍ നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുമ്പോള്‍ റഷ്യ സ്വീകരിക്കുന്ന നിലപാടിനെതിരെ കടുത്ത വിമര്‍ശമാണ് രക്ഷാസമിതിയില്‍ ഉയര്‍ന്നത്. സിറിയന്‍ സര്‍ക്കാറിന്റെ പ്രധാന സഖ്യമായ റഷ്യന്‍ നിലപാട് യു എന്നിന് ആപത്താണെന്ന് ഫ്രാന്‍സ് ആരോപിച്ചു. സിറിയന്‍ വിഷയത്തില്‍ ഇടപെടാന്‍ യു എന്നിന് സാധിച്ചിട്ടില്ലെങ്കില്‍ യു എന്‍ എന്ന പേര് തന്നെ അസ്ഥാനത്താകുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുവൈത്ത്, സ്വീഡന്‍ എന്നി രാജ്യങ്ങളാണ് സിറിയയില്‍ രാജ്യവ്യാപകമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കരട് അവതരിപ്പിച്ചത്. പ്രമേയം പാസായി 48 മണിക്കൂറിന് ശേഷം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സിറിയയില്‍ ആക്രമണം നടത്തുന്ന മുഴുവന്‍ സൈനിക, സായുധ സംഘങ്ങളും ഇതില്‍ പങ്കുചേരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സിറിയയില്‍ അടിയന്തര സഹായം ആവശ്യമുള്ള 56 ലക്ഷം ജനങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപത്തെ ഹൗത നഗരം ഭൂമിയിലെ നരകമായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു എന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സ്ഥിതി മാറണമെങ്കില്‍ യു എന്നിന്റെയും ലോകരാജ്യങ്ങളുടെയും രാഷ്ട്രീയ ഇടപെടല്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, വിമത കേന്ദ്രങ്ങള്‍ പൂര്‍ണമായും പിടിച്ചെടുക്കാനിരിക്കെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വാദമാണ് റഷ്യക്കുള്ളത്. വെടിനിര്‍ത്തലില്‍ തീവ്രവാദി സംഘടനകളായ ഇസില്‍, നുസ്‌റ സഖ്യം, അല്‍ഖാഇദ എന്നിവക്ക് പുറമെ ഇവരുമായി ബന്ധമുണ്ടെന്ന് സിറിയ ആരോപിക്കുന്ന വിമതരെയും ഒഴിവാക്കണമെന്നാണ് റഷ്യയുടെ നിലപാട്. തീവ്രവാദികളുമായി ബന്ധമുള്ള ജയ്ശല്‍ ഇസ്‌ലാം, ഫയ്‌ലാഖുര്‍റഹ്മാന്‍ എന്നീ സംഘടനകളാണ് ഹൗതയില്‍ ഷെല്ലാക്രമണം നടത്തുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി.
അതിനിടെ, സിറിയയിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കൂടുതല്‍ യുദ്ധവിമാനങ്ങള്‍ റഷ്യ അയച്ചിട്ടുണ്ടെന്ന് സൈനിക വക്താക്കളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. സു 57 എന്ന വിമാനം സിറിയയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിറിയയിലെ നിലവിലെ ദുരന്തം ഐക്യരാഷ്ട്ര സഭയുടെ ശവക്കല്ലറക്ക് കാരണമാകരുതെന്നും അവിടുത്തെ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കായി യു എന്നിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് യു എന്നിലെ ഫ്രാന്‍സ് അംബാസഡര്‍ ഫ്രങ്കോയിസ് ദെലാട്രെ വ്യക്തമാക്കി.

Latest