Connect with us

Articles

ഒന്നാം നമ്പര്‍ തോല്‍വി

Published

|

Last Updated

“”ഒരു മന്ദത
മരോട്ടിയുടെ തണലില്‍ വയറും വരിഞ്ഞു കെട്ടി കിടന്നപ്പോള്‍ വിശപ്പു കൊണ്ടുറങ്ങിയില്ല. പക്ഷേ ഇപ്പോഴെന്തൊരുറക്കം. മുന്‍ വശത്തെ വാതില്‍ തുറക്കരുത്, നടുമുറ്റത്തു നിലാവുണ്ട്. നിലാവുള്ളപ്പോള്‍ ഈ പണിക്കിറങ്ങരുതായിരുന്നു. പക്ഷേ എന്തൊരു ക്രൂരമായ വിശപ്പ്. വിശന്നു വിശന്നു പൊറുതി മുട്ടിയപ്പോഴാണിറങ്ങിയത്.
വയറു നിറഞ്ഞ ആലസ്യത്തില്‍ പതുക്കെ അറിയാതെ അവിടെക്കിടന്നങ്ങ് ഉറങ്ങിപ്പോയി. ഒടുവില്‍ വീട്ടുകാരുടെ തൊഴിയേറ്റാണ് കള്ളന്‍ ഉണരുന്നത്. വീട്ടുകാര്‍ ഞെട്ടി, നീയാരാണ്..?
“ഞാന്‍ കളളന്‍”. നീ എന്തിന് ഇവിടെ വന്നു…?
രണ്ട് വറ്റു പെറുക്കിത്തിന്നാന്‍. കരിം പഷ്ണിയായിരുന്നു. വിശന്നു വിശന്ന്…
എന്നിട്ട് തിന്നോ…?
“ഉവ്വ്”
ശരിക്കുറങ്ങിയോ…?
“ഉം”
ഒരു നിമിഷത്തെ നിശ്ശബ്ദത.
വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീകള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി.
നടക്ക്.
നടന്നു.

വെട്ടുകല്ലുകള്‍ കൊണ്ടുള്ള കല്‍പ്പടികളും പുഴമണല്‍ വിരിച്ച മുറ്റവും കടന്നു. തല താഴ്ത്തി നടന്നു പടിക്കലെത്തിയപ്പോള്‍ തിരിഞ്ഞൊന്നു നോക്കി. പുറത്തേക്കുള്ള വാതില്‍ക്കല്‍ രണ്ടു സ്ത്രീകള്‍ മണ്ണെണ്ണ വിളക്കുമായി നില്‍ക്കുന്നു. ഇറയത്തു പടിക്കലേക്കുറ്റു നോക്കിക്കൊണ്ടു ആ മനുഷ്യനും.
കരിയിലകള്‍ ചവിട്ടി ഞെരിച്ചു കൊണ്ടു ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ നഖത്തിനിടയില്‍ മൊട്ടൂസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളകു പൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു””.

എം പി നാരായണപിള്ളയുടെ “കള്ളന്‍”എന്ന കഥയില്‍ നിന്നുള്ള പ്രധാനഭാഗമാണിത്. കഥ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വിശപ്പും അതു സൃഷ്ടിക്കുന്ന ദയനീയമായ അവസ്ഥകളും പിന്നെ ആ കള്ളനും അജ്ഞാതനായ ആ വീട്ടുടമസ്ഥന്റെ മനുഷ്യത്വവും അത് ആ കള്ളനില്‍ സൃഷ്ടിച്ച നിസ്സഹായതയില്‍ നീറുന്ന മനസ്സും വ്യക്തമാക്കുന്നുണ്ട്.

വിശപ്പാണ് മധുവെന്ന യുവാവിനെ വെറും ജഡമാക്കി മാറ്റിയത്. അതാണ് അവന്‍ ചെയ്ത തെറ്റ്. ഒന്നാം സ്ഥാനങ്ങളുടെ പടിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ മനുഷ്യത്വം എത്ര പാതാളത്തിലാണെന്ന് മധു തെളിയിക്കുന്നു. നന്മ ചോര്‍ന്ന് പോകുമ്പോഴും നമ്മള്‍ പറയുന്നുണ്ട് അവനെക്കുറിച്ച്, അവന് വേണ്ടി.

മധുവിനോടൊപ്പമാണ് നമ്മള്‍

അവനെ തല്ലിക്കൊന്നിട്ട് അവനോടൊപ്പം ചേരുകയാണ് നമ്മള്‍ മലയാളികള്‍. ഫേസ്ബുക്കില്‍ ഫീലിംഗ് സാഡ് എന്ന് ഇട്ടാല്‍ തീരുന്നതാണോ ആ യുവാവിന്റെ ജീവന്റെ വില. ആ മരണം നമുക്ക് മേല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ നാമെന്ത് പറഞ്ഞാണ് നേരിടുക. ആള്‍ക്കൂട്ട കോടതിയുടെ വിചാരണക്ക് നടുവില്‍ നിസ്സഹായനായി നിന്ന അവന്‍ സ്വന്തം ജീവനുപേക്ഷിച്ചാണ് നമ്മോട് സമരം ചെയ്തിരിക്കുന്നത്. ആ സമരത്തിന് മുന്നില്‍ നമ്മള്‍ തോറ്റുപോയിരിക്കുന്നു. ഇനിയൊരിക്കലും തലയുയര്‍ത്താനാകാത്ത തോല്‍വിയാണ് ആ യുവാവ് നമുക്ക് തന്നിരിക്കുന്നത്. നാമിത്രയും നാള്‍ പറഞ്ഞ് നടന്ന പ്രബുദ്ധതയെന്ന അഹങ്കാരത്തിന്റെ മേലേറ്റ കനത്ത തിരിച്ചടി. അവസാനമായി ഇരുകാലികൂട്ടങ്ങള്‍ക്ക് നടുവില്‍ അമ്പരന്ന് നില്‍ക്കുന്ന അവന്റെ കണ്ണിലെ പകപ്പുണ്ടല്ലോ, ഇനി നാമെത്ര പുരോഗമിച്ചെന്ന് പറഞ്ഞ് നടന്നാലും കാലമൊടുങ്ങും കാലത്തോളം അത് നമ്മെ വേട്ടയാടും.

മധുവിനോട് നമുക്ക് പുച്ഛമായിരുന്നു അവന്റെ ജീവന്‍ നിലക്കും വരെ. അവന്റെ വിഭാഗത്തോട് എന്നും നമുക്ക് തീണ്ടാപ്പാട് അകലമായിരുന്നു. നമ്മള്‍ നമ്പര്‍ വണ്‍ ആയിട്ടും ആ മനോഭാവത്തില്‍ മാറ്റമില്ല, മധുവിന്റെ മരണത്തിലൂടെ അത് മാറുമെന്നുള്ള വിശ്വാസമൊന്നും വേണ്ട, കാരണം നമ്മളങ്ങനെയാണ്. അല്ലെങ്കില്‍ നമ്മള്‍ അവനോട് എന്ത് നീതിയാണ് ചെയ്തത്. നാട്ടിലെ ജീവിതം മടുത്തിട്ടാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ മല്ലന്റെ മകനായ മധുവെന്ന യുവാവ് കാടുകയറിയത്.

കാടുകയറുന്നതിന് മുമ്പ് നാട്ടുകാരില്‍ ഭക്ഷണം ചോദിച്ച് വാങ്ങികഴിക്കുകയായിരുന്നു പതിവ്. വല്ലാതെ വിശക്കുമ്പോള്‍ നാട്ടിലെ കടകളില്‍ നിന്ന് ബിസ്‌കറ്റോ മറ്റോ എടുക്കും. അതോടെ അവന്‍ എല്ലാവര്‍ക്കും മോഷ്ടാവായി. ഒടുവില്‍ മോഷ്ടാവെന്ന വിളി സഹിക്കവയ്യാതെ അയാള്‍ കാടുകയറി. വിശപ്പകറ്റാന്‍ കാട്ടുകനികളെ ആശ്രയിച്ചു. അങ്ങനെ ഏറെക്കാലമായി വനത്തിനുള്ളില്‍ കഴിഞ്ഞുകൂടിയിരുന്ന മധു വിശപ്പടക്കാന്‍ ഒന്നും കിട്ടാതെ വന്നതോടെയാണ് നാട്ടിലേക്കിറങ്ങിയത്. പക്ഷേ അവനെ കാത്തിരുന്നത് കാട്ടുജീവികളേക്കാള്‍ വിവേകമില്ലാത്തവരായിരുന്നു. വിശപ്പിന്റെ വേദനയില്‍ കാടിറങ്ങിയവനെ വിശപ്പറിയാത്തവര്‍ പിടിച്ചുകെട്ടി. അവന്റെ മേല്‍ കുറ്റം ചുമത്തി, മോഷണക്കുറ്റം, എന്ത് മോഷണം? പശിയടക്കാനായി അല്‍പം അരിയും കുറച്ച് മല്ലിയും. കൂടിയാല്‍ ഇരുന്നൂറ് രൂപ മാത്രം വിലയുള്ള ഭക്ഷണം എടുത്തവനെ മൃഗീയമായി മര്‍ദിച്ചുവെന്ന് പറഞ്ഞാല്‍ അത് മൃഗങ്ങള്‍ക്ക് പോലും മാനക്കേടാണ്. വാക്കുകളും വിവരണങ്ങളും മതിയാകാത്ത കൊടുംക്രൂരതയാണ് ആ യുവാവിനോട് ചെയ്ത്. ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞു അവനെ ബന്ധനസ്ഥനാക്കിയ ശേഷം മര്‍ദിച്ചുവെന്ന് മാത്രമല്ല. സെല്‍ഫിയെടുത്ത് ആഹ്ലാദിച്ചു.

ഇരുകൈകളും വരിഞ്ഞുകെട്ടിയ നിലയില്‍ ജനക്കൂട്ടത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ആ യുവാവിന്റെ ഒട്ടിയ വയറും, ദയനീയ നോട്ടവും ദയനശിച്ചവരെ പിന്തിരിപ്പിച്ചില്ല. അവനെ അവര്‍ നാട് നീളെ പ്രദര്‍ശനവസ്തുവായി കൊണ്ടുനടന്ന് കള്ളനെ പിടിച്ചുവെന്ന് അഭിമാനം കൊണ്ടു. ചോദ്യങ്ങള്‍ കൊണ്ട് തെരുവ് വിചാരണക്ക് വിധേയനാക്കി. രാജ്യത്തിന് വേണ്ടി ധീരകൃത്യം ചെയ്‌തെന്ന ആത്മവിശ്വാസത്തില്‍ ശ്വാസം നിലക്കാന്‍ നിമിഷങ്ങള്‍ ശേഷി ക്കെ പോലീസിന് കൈമാറി. പോലീസിന്റെ കൈകളില്‍ കിട്ടി നിമിഷങ്ങള്‍ക്കകം അയാള്‍ മരിച്ചു. എത്ര ഗുരുതരമായ അവസ്ഥയിലാണ് പോലീസിന്റെ കൈയില്‍ മധുവിനെ കിട്ടിയിരിക്കുക എന്ന് ആലോചിച്ചു നോക്കാവുന്നതേയുള്ളൂ നമുക്ക്.

മാറേണ്ട മനോഭാവം

മധുവിന് മനുഷ്യനെ പേടിയായിരുന്നു, അവന്റെ ആ പേടിയും അര്‍ഥമുള്ളതായിരിക്കുന്നു. മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ വലിയ അക്രമകാരികളാണെന്ന തിരിച്ചറിവ് മൃഗങ്ങളോട് മല്ലിട്ട് കഴിയുന്ന ആദിവാസി സമൂഹം നേരത്തെ യുള്ള താണ്. മലയാളി ഇത്രയും പുരോഗമിച്ചിട്ടും അവരുടെ വിശ്വാസം ആര്‍ജിക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്നത് ലജ്ജാകരമാണ്. ആദിവാസി ഊരിലേക്ക് കയറിച്ചെല്ലുന്ന നാട്ടുവാസികളെ കണ്ടാല്‍ അവര്‍ ഓടുന്നത് ഇന്നും തുടരുകയാണ്. എന്ത് ചോദിച്ചാലും മിണ്ടാതെ തലകുനിച്ച് നില്‍ക്കുന്നതിന് കാരണം അപരിഷ്‌കൃതരായ അവര്‍ക്ക് നമ്മുടെ പരിഷ്‌കാരം ബോധ്യപ്പെടുത്തുന്നതിലെ പരാജയമല്ലാതെ മറ്റെന്താണ് വിളിച്ചുപറയുന്നത്. ആദിവാസികള്‍ക്ക് അര്‍ഹിക്കുന്നത് കൈയിട്ട് വാരുന്ന തിരക്കിനിടയില്‍ ഇരുന്നുകൊണ്ട് മധുവിന്റെ കൊലപാതകത്തെ അപലപിക്കുന്നവര്‍ നമുക്കിടയിലുണ്ടെന്നത് മറക്കരുത്. നമ്മളെല്ലാരും കൂടി കാലങ്ങളായി ചെയ്ത കൊടിയ ക്രൂരതയുടെ ഫലമാണ് മധുവിന്റെ പേക്കോലം. മധുവിന്റെ വംശത്തില്‍ നിന്ന് ആരെങ്കിലും അവരുടെ പങ്ക് ചോദിച്ചാല്‍ ആ നിമിഷം അവരെ നാം തീവ്രവാദികളായി മുദ്ര കുത്തും. അപകടകരമായ സ്വത്വരാഷ്ട്രീയമെന്ന് ആക്ഷേപിക്കും. മുഖ്യാധാരയെന്ന് വിളിക്കപ്പെടുന്നവര്‍ അവരെ കേള്‍ക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും ചില ഗ്രൂപ്പുകള്‍ ആ ജനതയുടെ പ്രതിഷേധത്തെ പ്രതിനിധാനം ചെയ്യും.
അതിനും പഴി ഇരകള്‍ക്ക്.

തുടര്‍ക്കഥയാകുമ്പോള്‍

അന്യനാടുകളിലെ ആള്‍ക്കൂട്ടകൊലപാതകങ്ങളെക്കുറിച്ച് വാചാലരായ മലയാളികളുടെ മുന്നിലാണ് മധുവെന്ന ചെറുപ്പക്കാരന്റെ ചേതനയറ്റ ശരീ രം കിടക്കുന്നത്. നമ്മള്‍ ഇത്രയും നാള്‍ പറഞ്ഞു നടന്ന സാക്ഷരതയുടെയും സാംസ്‌കാരിക സമ്പന്നതയുടെയും മുകളിലേറ്റ കനത്ത പ്രഹരം. മധുവിന്റെ ജീവനെടുക്കുന്നതിലേക്കെത്തിയ തരത്തിലുള്ള ആള്‍ക്കൂട്ടവിചാരണ നമ്മുടെ നാട്ടില്‍ അടുത്തകാലത്തായി തുടര്‍ക്കഥയാകുകയാണ്. കുട്ടികളെ തട്ടികൊണ്ടുപോകുന്നെന്ന സാമൂഹികമാധ്യമ വാര്‍ത്തകളുടെ പിന്‍ബലത്തില്‍ എത്ര നിരപരാധികളാണ് അക്രമിക്കപ്പെട്ടത്. എത്രപേരെ മലയാളിയുടെ “ജനകോടതി” തെരുവില്‍ വിചാരണ നടത്തി. കറുത്തവനെന്നോ, മുഷിഞ്ഞ വേഷധാരിയെന്നോ, പരസഹായമില്ലാത്തവനെന്നോ അന്യദേശക്കാരനെന്നാ ഒക്കെയുള്ളത് അക്രമിക്കാനുള്ള ലൈസ ന്‍സായി ആരാണ് നമുക്ക് വകവെച്ചു തന്നത്?

വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങള്‍ സെല്‍ഫിയെടുത്തുല്ലസിക്കുന്ന സഹജീവികള്‍ അപകടകരമായ സൂചനയാണെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞത് ചില തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലാകണം. ഈ അപകടം തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടില്ലെങ്കില്‍ നാട്ടിലെ ക്രമസമാധാനപാലനം തന്നെ അപകടത്തിലാകും.

എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്നു

പത്ത് പേര്‍ സംഘടിച്ചാല്‍ എന്തും നടത്താമെന്ന രീതിയിലുള്ള ആള്‍ക്കൂട്ട മനഃശാസ്ത്രം നമ്മുടെ സാമൂഹിക പരിസരത്ത് സൃഷ്ടിക്കുന്ന പൊതുബോധത്തിന്റെ തിക്തഫലങ്ങളാണിതൊക്കെയെന്ന് പറയേണ്ടിവരും. ഈ ആള്‍ക്കൂട്ട മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് പലരും ഒറ്റക്ക് ചെയ്യാന്‍ മടിക്കുന്ന കുറ്റകൃത്യങ്ങള്‍ കൂട്ടമായി ചെയ്യാനുള്ള ആത്മധൈര്യം നേടിയെടുക്കുന്നത്. തങ്ങള്‍ എന്ത് ചെയ്താലും അതിന് സംരക്ഷണം നല്‍കാന്‍ ആളുണ്ടെന്ന തോന്നലും ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് പ്രേരണയാകുന്നുണ്ട്. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും രാഷ്ട്രീയ സംരക്ഷണത്തിന്റെ തണലൊരുക്കുന്നതും കുറ്റവാളികളെ സൃഷ്ടി ക്കാന്‍ വഴിമരുന്നിടലാണ്. നിയമവാഴ്ച കൃത്യമായി നടപ്പിലാക്കാതെ വരുന്നിടത്തും ജനങ്ങള്‍ നിയമം കൈയിലെടുക്കുമെന്ന മറുവശവും അവഗണിക്കപ്പെടേണ്ടതല്ല. നൂറു ശതമാനം സാക്ഷരതയും വിദ്യാഭ്യാസം ഉണ്ടെന്നത് കൊണ്ട് കാര്യമില്ല. സാംസ്‌കാരിക ബോധവും പൗരബോധവും മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവാണ് മധുവെന്ന മണ്ണിന്റെ മണമുള്ള യുവാവിനോട് നാം ചെയ്ത കൊടിയ ക്രൂരത വ്യക്തമാക്കുന്നത്. നിയമവാഴ്ച നമ്മള്‍ നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെട്ട മലയാളികളാണ് ആള്‍ക്കൂട്ട കോടതികളില്‍ അണിചേരുന്നത്.

മരിക്കരുത് മനുഷ്യത്വം

മധുവിന്റെ മരണത്തില്‍ നടക്കുന്ന പ്രതികരണങ്ങള്‍ മനുഷ്യത്വം മരവിക്കാത്ത ഒരു വലിയ സമൂഹം ഇവിടെ ബാക്കിയുണ്ടെന്ന പ്രതീക്ഷ പകരുന്നുണ്ട്. എന്നാല്‍ പ്രതികരണം അതിവൈകാരിക ആഘോഷമായി മാറുകയും അവിടെയും രാഷ്ട്രീയവും മതവും കടന്ന് വരികയും ചെയ്യുമ്പോള്‍ അത് പൊള്ളയായി തീരുന്നു. ആഴത്തില്‍ പതിഞ്ഞ മാനവിക ബോധം തന്നെയാണ് ഈ കാലുഷ്യത്തോടുള്ള മറുപടി. എതിര്‍ ശബ്ദത്തിന് നേരെ വടിവാള്‍ ചുഴറ്റുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരവും ഇതര മതസ്ഥന് നേരെ വിദ്വേഷം മാത്രം പുറത്തെടുക്കുന്ന വര്‍ഗീയതയും അതിശക്തമായി തിരിച്ചു വരുന്ന ജാതീയതയും അരങ്ങു വാഴുമ്പോള്‍ നിരുപാധികമായ മനുഷ്യ സ്‌നേഹത്തിന്റെ സ്വരം എല്ലാത്തിനും മീതെ മുഴങ്ങുവാന്‍ കരുത്ത് നേടണം.

 

 

 

Latest