മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ പരോക്ഷമായി എതിര്‍ത്ത് കാനം രാജേന്ദ്രന്‍

Posted on: February 23, 2018 8:22 pm | Last updated: February 24, 2018 at 9:30 am

തൃശൂര്‍: കെ.എം.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ പരോക്ഷമായി എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസംഗം. നിലവില്‍ എല്‍ഡിഎഫിന് ഒരു ദൗര്‍ബല്യവുമില്ല. ആരും സെല്‍ഫ്‌ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സമൂഹത്തിന് സഹായത്തിനായി എല്‍ഡിഎഫ് അല്ലാതെ മറ്റാരുമില്ല. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാനം.

കെ.എം.മാണി സമ്മേളന വേദിയിലുളള സമയത്താണ് കാനത്തിന്റെ പരാമര്‍ശം. വേങ്ങര ഉപതിരഞ്ഞെടുപ്പും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മെച്ചപ്പെട്ട വിജയം കരസ്ഥമാക്കുന്നു. ഇതെല്ലാം കാണിക്കുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയത്തെ ജനം അംഗീകരിക്കുന്നു എന്നാണെന്നും കാനം വ്യക്തമാക്കി.

മാണിയെയും പാര്‍ട്ടിയെയും ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എല്‍ഡിഎഫിനു വിടാനാണു സിപിഎം സമ്മേളനത്തിന്റെ തീരുമാനം. മാണിയെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സിപിഐ നിലപാടു പരേക്ഷമായി സിപിഎം സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്.