ഈ നിസംഗതക്ക് മാപ്പില്ല; പ്രതികളെ ഉടന്‍ പിടികൂടണം: ചെന്നിത്തല

Posted on: February 23, 2018 11:54 am | Last updated: February 23, 2018 at 3:51 pm

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റു മരിച്ചസംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാറിന്റെ ഈ നിസംഗതയ്ക്ക് മാപ്പില്ലെന്നും കേരളത്തിന്റെ മനസാക്ഷിയുടെ കൈകളാണ് ഇവിടെ കെട്ടിയിട്ടതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്……

കേരളത്തിന്റെ മനസാക്ഷിയുടെ കൈകളാണ് ഇവിടെ കെട്ടിയിട്ടത്. മധുവിനെ തല്ലിച്ചതച്ചതിനും കൊലയ്ക്ക് കൊടുത്തതിനും ഒപ്പം കേരളം അഴിച്ചു വയ്ക്കുന്നത് നമ്പര്‍ വണ്‍ എന്ന പട്ടത്തെ കൂടിയാണ്.

ഗുജറാത്തില്‍ പശുവിനെ കൊന്നെന്നാരോപിച്ച് ദളിതരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പോലെ വേദനിപ്പിക്കുകയും പ്രതിഷേധമുണര്‍ത്തുകയും ചെയ്യുന്നതാണ് മധു എന്ന ആദിവാസി അനുഭവിച്ച പീഢനം. ഇവിടെ ഒരു സര്‍ക്കാരോ പോലീസ് സംവിധാനമോ ഉണ്ടെന്ന് പോലും തോന്നിപ്പിക്കാത്ത, കേരളത്തില്‍ ആണെന്ന് പോലും വിശ്വസിക്കാനാവാത്ത ക്രൂരതയാണ് ആ പാവത്തിന് നേരെ നടത്തിയത്. മധുവിനെ പോലുള്ള ആദിവാസികള്‍ ആള്‍ക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണ്.പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ ഈ നിസംഗതയ്ക്ക് മാപ്പില്ല.