Connect with us

Sports

ദേശീയ വോളിയില്‍ കേരള പുരുഷ ടീം വിജയം തുടര്‍ന്നു

Published

|

Last Updated

കോഴിക്കോട്: ഗ്രൗണ്ടില്‍ ഇടിമുഴക്കം തീര്‍ത്ത സ്മാഷുകളും ചങ്ക് പിളര്‍ത്തുന്ന ബ്ലോക്കുകളുമായി ഗ്യാലറിയെ പ്രകമ്പനം കൊള്ളിച്ച മത്സരം ഒടുവില്‍ ചാമ്പ്യന്‍മാര്‍ക്ക് സ്വന്തം. ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ ആതിഥേയരുടെ പരിചയ സമ്പത്തിനും മനക്കരത്തിനും മുമ്പില്‍ ആന്ധ്ര പൊരുതി വീണു. 27- 25, 25-23, 25-14 എന്ന സ്‌കോറിനാണ് കേരളം സന്ദര്‍ശകരെ തകര്‍ത്തത്. എന്നാല്‍ പുരുഷ ടീമിന്റെത് പോലെ ഒരു പരീക്ഷണവും വനിതകള്‍ക്ക് വേണ്ടി വന്നില്ല. ദുര്‍ഭലരമായ യു പിയെ 25- 15, 25- 10, 25- 14 സ്‌കോറിനാണ് അവര്‍ മടക്കിയത്. ഇതോടെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച കേരള ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ആദ്യ മത്സരത്തില്‍ നിന്നും വിത്യസ്തമായി കടുത്ത പരീക്ഷണമാണ് കേരളം ആന്ധ്രപ്രദേശില്‍ നിന്ന് നേരിട്ടത്. തുടക്കം മുതല്‍ അട്ടിമറി സാധ്യത മണത്ത മത്സരത്തിലെ ആദ്യ രണ്ട് സെറ്റുകള്‍ ഒപ്പത്തിനൊപ്പം നിന്ന ശേഷമാണ് സന്ദര്‍ശകര്‍ കീഴടങ്ങിയത്. റഫറിയുടെ ചില പിഴവുകളും നിര്‍ഭാഗ്യവും ഇതിന് കാരണമായി. എന്നാല്‍ ആന്ധ്രയുടെ സ്റ്റാര്‍ സ്മാഷര്‍ നരേഷ് പരുക്കേറ്റ് പുറത്തായതോടെ മൂന്നാം സെറ്റ് കേരളം അനായാസം സ്വന്തമാക്കുകയായിരുന്നു.
മികച്ച ബ്ലോക്കുകളാണ് കേരളത്തിന് വിജയമൊരുക്കിയത്. അഖിനും വിപിനും ജറോം വിനീതും മികച്ചു നിന്നു. മുത്തുസ്വാമിയും അജിത് ലാലും നിരാശപ്പെടുത്തി. ആദ്യ സെറ്റില്‍ വിബിനും രോഹിതും അഞ്ച് വീതം ഫിനിഷിംഗുകളാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ 9-9 , 15- 15, 18- 18, 23- 23 എന്നിങ്ങനെ ആന്ധ്ര കേരളത്തെ തളച്ചു. 24-25ന് അവര്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ ട്രൈബ്രേക്കറില്‍ നീണ്ട സെറ്റിലെ അവസാന രണ്ട് പോയിന്റുകള്‍ തന്ത്രപരമായ സര്‍വ്വിലൂടെ രോഹിത് കേരളത്തിന് നേടിതരുകയായിരുന്നു.
രണ്ടാം സെറ്റില്‍ നിരവധി പിഴവുകളാണ് കേരളം വരുത്തിയത്. പ്രതിരോധത്തില്‍ ചോരത്ത കൈകളായ അഖിനും ലിബറോ രതീഷും പിഴവുകളുണ്ടായി. നാല്‌വീതം ഫിനിഷിംഗുകള്‍ വരുത്തിയ വിബിനും ജെറോമുമാണ് ഈ സെറ്റ് നേടിതന്നത്. ഒപ്പം ഇടക്ക് ഇറങ്ങിയ മുന്‍ ക്യാപ്ടന്‍ രതീഷ് ചില നിര്‍ണായ പ്ലേസുകളും നടത്തി.

മികച്ച സ്മാഷുകള്‍ പുറത്തെടുത്ത ഇന്ത്യന്‍ താരം സുമ്പറാവു, നിരവധി ബ്ലോക്കുകള്‍ തീര്‍ത്ത കൃഷ്ണന്‍ രാജു എന്നിവര്‍ ആദ്യ രണ്ട് സെറ്റുകളില്‍ സന്ദര്‍ശകര്‍ക്കായി ശ്രദ്ധേയ പ്രകടനം നടത്തി.
മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ടി നരേഷ് കഴുത്തിന് പരുക്കേറ്റ് പുറത്തായതോടെ ആന്ധ്രയുടെ താളം തെറ്റി. തൊട്ടതെല്ലാം പഴിച്ച അവര്‍ക്ക് ലഭിച്ച 14 പോയിന്റുകളില്‍ അഞ്ചണ്ണം കേരളത്തിന്റെ പിഴവില്‍ നിന്നായിരുന്നു. അഞ്ച് സര്‍വ്വുകളാണ് കേരളം മൂന്നാം സെറ്റില്‍ പാഴാക്കിയത്.
ഉജ്ജ്വഫോമില്‍ കളിക്കുന്ന അഞ്ജു ബാലകൃഷ്ണന്റെയും ക്യാപ്റ്റന്‍ അഞ്ജുമോളുടേയും ജംപിംഗ് സ്മാഷുകളാണ് കേരള വനിതകള്‍ക്ക് മത്സരം അനായാസമാക്കിയത്. തുടര്‍ച്ചയായി സര്‍വ്വ് പോയന്റുകള്‍ നേടി എന്‍ എസ് ശരണ്യയും ഉത്തരേന്ത്യക്കാരെ വെള്ളംകുടിപ്പിച്ചു. മൂന്നാം സെറ്റില്‍ മാത്രമാണ് യുപി ടീം ലീഡ് നേടിയത്. ആദ്യ മൂന്ന് പോയന്റുകള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കാണിച്ചെങ്കിലും 4- 4 ഒപ്പമെത്തി കേരളം ലീഡെടുത്തു.

പിന്നീടങ്ങോട്ട് മികച്ച പ്ലേസുകളും ബ്ലോക്കുകളും തീര്‍ത്തും സ്മാഷുകള്‍ ഉതിര്‍ത്തും സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കാണികളുടെ പ്രതീക്ഷകള്‍ക്കൊപ്പം സഞ്ചരിച്ചു.
ഇന്ന് രാത്രി 8.30ന് മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത പോരാട്ടം.

Latest