കെ എം മാണി സി പി എം സമ്മേളന വേദിയിലെത്തും; ഉദ്ഘാടനത്തിന് വി എസ് ഇല്ല

Posted on: February 23, 2018 6:53 am | Last updated: February 23, 2018 at 9:16 am
SHARE

തൃശൂര്‍: മുന്നണി വിപുലീകരണം സജീവ ചര്‍ച്ചയായി നില്‍ക്കെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി ഇന്ന് സി പി എം സമ്മേളന വേദിയിലെത്തും. സമ്മേളനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ‘കേരളം ഇന്നലെ ഇന്ന് നാളെ’ സെമിനാറിലാണ് മാണി പങ്കെടുക്കുന്നത്. സെമിനാര്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റി. പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് ഉദ്ഘാടകന്‍. മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തോട് വിയോജിപ്പുള്ള വി എസ്, മാണിയെ വേദിയിലിരുത്തി എന്തെങ്കിലും പറയുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് ഉദ്ഘാടകനെ മാറ്റിയതെന്നാണ് സൂചന.

നാളെ നടക്കുന്ന ‘നവ ലിബറല്‍ നയങ്ങളുടെ കാല്‍നൂറ്റാണ്ട്’ എന്ന സെമിനാറില്‍ വി എസ് അധ്യക്ഷനാകും. മാണിയുടെ മുന്നണി പ്രവേശനം ശക്തമായി എതിര്‍ക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. മാത്യു ടി തോമസ്, ആര്‍ ബാലകൃഷ്ണ പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി പി പീതാംബരന്‍ എന്നിവരാണ് സെമിനാറില്‍ പ്രസംഗിക്കുന്ന മറ്റു നേതാക്കള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here