ലഗേജ് മോഷണത്തിന് പിന്നില്‍?

Posted on: February 23, 2018 6:24 am | Last updated: February 23, 2018 at 12:25 am

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ലഗേജുകളില്‍ മോഷണം പതിവായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച കാലത്ത് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ ആറ് യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ബാഗുകളില്‍ നിന്ന് നഷ്ടപ്പെട്ടു. ബാഗ് കുത്തിത്തുറന്നും സിബ്ബ് വലിച്ചു കീറിയുമാണ് സ്വര്‍ണ നാണയങ്ങള്‍, ദിര്‍ഹമുകള്‍, ബ്രാന്‍ഡഡ് വാച്ചുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ കവര്‍ന്നത്. പരിശോധന കഴിഞ്ഞു തിരികെ ലഭിച്ച ബേഗുകള്‍ തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിശോധിച്ചപ്പോഴാണ് മോഷണം അറിയുന്നത്. ജനുവരി 21ന് കരിപ്പൂരില്‍ ഇറങ്ങിയ കോഴിക്കോട് സ്വദേശി നഈമിന്റെ മൂന്ന് വിലപിടിപ്പുള്ള ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. സെപ്തംബര്‍ ഒമ്പതിന് ചലച്ചിത്ര പ്രവര്‍ത്തകന്‍ നിതീഷ്പുത്തലത്തിന്റെ ബ്രീഫ്‌കെയ്‌സില്‍ നിന്ന് അമ്പതിനായിരും രൂപ വിലവരുന്ന വാച്ച് നഷ്ടപ്പെട്ടു. ഇതിനിടെ താമരശ്ശേരിക്കാരനായ യാത്രക്കാരന്റെ ലക്ഷത്തോളം രൂപയുടെ സാധനങ്ങളടങ്ങുന്ന പെട്ടി അപ്പാടെ കാണാതായി. ലഗേജുകള്‍ നഷ്ടമായതിന്റെ ഇരുപതോളം പരാതികള്‍ നാലു മാസത്തിനിടെ മാത്രം ലഭിച്ചതായാണ് പോലീസ് പറയുന്നത്.

ഹാന്‍ഡ്ബാഗില്‍ നിന്നാണ് സാധനങ്ങള്‍ കൂടുതലും മോഷണം പോകുന്നത്. കൈയില്‍ പിടിക്കാമെന്ന ധാരണയില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇത്തരം ബാഗുകളിലാക്കിയാണ് യാത്രക്കാര്‍ സൂക്ഷിക്കുക. എന്നാല്‍ വലുപ്പം കൂടിയ ഹാന്‍ഡ് ബാഗുകള്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ലഗേജിലേക്ക് മാറ്റാറുണ്ട്. കൈയില്‍ വെക്കുന്ന ബാഗെന്ന നിലയില്‍ ഉടമസ്ഥര്‍ ഉറപ്പുള്ള പൂട്ടുകളിട്ട് അവ സുരക്ഷിതമാക്കണമെന്നില്ല. ഇത് മോഷ്ടാക്കള്‍ക്ക് കൃത്യം എളുപ്പമാക്കുന്നു.

വിമാനങ്ങള്‍ ടാക്‌സി ബേയില്‍ നിന്നു പാര്‍ക്കിംഗ് ബേയിലെത്തി യാത്രക്കാരെല്ലാം പിരിഞ്ഞുപോയ ശേഷമാണ് ലഗേജുകള്‍ ഇറക്കുന്നത്. ലഗേജുകള്‍ നിറച്ച കണ്ടയ്‌നറുകള്‍ കണ്‍വയര്‍ ബെല്‍റ്റിലൂടെ കസ്റ്റംസിന്റെ സ്‌കാനിംഗ് പരിശോധനാ റൂമിലെത്തുന്നു. ഇതിനിടയിലോ സ്‌കാനിംഗ് റൂമില്‍ വെച്ചോ ആണ് കവര്‍ച്ച നടക്കുന്നത്. ബാഗേജ് പരിശോധിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് യാത്രക്കാര്‍ക്ക് സംശയം. സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ അവരില്‍ നിന്ന് അനുഭാവപൂര്‍വമായ സമീപനം ഉണ്ടാകാത്തത് ഈ സന്ദേഹം ബലപ്പെടുത്തുന്നു.
കരിപ്പൂരിലെ സി സി ടി വി ക്യാമറ പരശോധിച്ചതില്‍ മോഷണത്തിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നും സാധനങ്ങള്‍ നഷ്ടമായത് ദൂബൈ വിമാനത്താവളത്തില്‍ നിന്നായിരിക്കാമെന്നുമാണ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പക്ഷം. കരിപ്പൂരില്‍ നിന്ന് ദിവസം 24 അന്താരാഷ്ട്ര സര്‍വീസുകളുണ്ടെങ്കിലും ദൂബൈ ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ ലഗേജുകള്‍ മാത്രമാണ് നഷ്ടപ്പെടുന്നതെന്നും മറ്റു വിമാന യാത്രക്കാരില്‍ നിന്നും ഇത്തരമൊരു പരാതി ഉയര്‍ന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ ഇത്തരമൊരു കൊള്ള നടക്കാന്‍ സാധ്യത വിരളമാണെന്നാണ് പ്രവാസികളുടെ വിലയിരുത്തല്‍.
മോഷണത്തിനു പിന്നില്‍ ഒരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സന്ദേഹവുമുണ്ട്. ഓരോ വിമാന കമ്പനിയും വിവിധ ഏജന്‍സികളെയാണ് ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുന്നത്. ഇവരാണ് ലഗേജ് കയറ്റാനും ഇറക്കാനും ജീവനക്കാരെ നിയമിക്കുക. വിദേശ രാജ്യങ്ങളില്‍ നിന്നു ലഗേജുകള്‍ വിമാനത്തില്‍ കയറ്റുന്നതും ഇറക്കുന്നതും കേരളത്തില്‍ അത് കൈകാര്യം ചെയ്യുന്നതും ഒരേ ഏജന്‍സിയാണ്. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജുകളില്‍ പ്രത്യേക കോഡ് ഭാഷകളില്‍ മാര്‍ക്ക് ചെയ്യപ്പെട്ടാണത്രെ വിദേശത്ത് നിന്നും വരുന്നത്. തുടര്‍ന്ന് ലഗേജ് നമ്പറും മറ്റുവിവരങ്ങളും അടങ്ങിയ സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെ കൈമാറുന്നു. ഇതനുസരിച്ച് വിമാനത്തില്‍ നിന്നു ഇറക്കുന്ന ലഗേജുകളില്‍ നിന്നും മോഷണം നടക്കുകയാണെന്നാണ് സംശയിക്കുന്നത്. കരിപ്പൂര്‍ വിരുദ്ധ ലോബിയുടെ കരങ്ങളാണോ ഇതിന് പിന്നിലെന്ന സംശയവുമുണ്ട്. ലഗേജുകള്‍ നഷ്ടമാകുന്ന പരാതികള്‍ തുടരെത്തുടരെ ഉയരുമ്പോള്‍ യാത്രക്കാര്‍ കരിപ്പൂരിനെ കൈയൊഴിയുകയും ഇവിടെ യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്യും. വിമാനത്താവളത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കാന്‍ ഇതവസരമേകും.

മോഷണങ്ങള്‍ സംബന്ധിച്ചു യാത്രക്കാരില്‍ നിന്നും നിരന്തരം പരാതി ഉയര്‍ന്നിട്ടും ഒരൊറ്റ കേസിനും ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ലെന്നത് ദുരൂഹമാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ടതും ഉന്നത കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ളതുമാണ് കേസെന്നതിനാല്‍ അന്വേഷണത്തില്‍ പരിമിതികളുണ്ടെന്നും ഉന്നത ഏജന്‍സികളുടെ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികളെ കണ്ടു പിടിക്കാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും പോലീസും പറയുന്നത്. എന്നാല്‍, എന്ത് പരിമിതികളുണ്ടെങ്കിലും കരിപ്പൂരിലെ യാത്രക്കാരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. അവര്‍ക്ക് നേരിട്ടു കൈകാര്യം ചെയ്യാന്‍ പറ്റാത്തതെങ്കില്‍ വ്യോമയാന മന്ത്രാലയത്തിന്റെയും വിദേശ മന്ത്രാലയത്തിന്റെയും സഹായത്തോടെ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.