Connect with us

Ongoing News

അപ്പന്മാരെ തിന്നുന്ന മക്കളും മക്കളെ വഴിപിഴപ്പിക്കുന്ന അമ്മമാരും

Published

|

Last Updated

മുന്‍ ജന്മത്തിലെ ശത്രു ഈ ജന്മത്തില്‍ പുത്രനായി ജനിച്ച് ഉപദ്രവിക്കും എന്നാദ്യം പറഞ്ഞു തുടങ്ങിയത് സഞ്ജയ് ഗാന്ധിയെ കുറിച്ചായിരുന്നു. അടിയന്തരാവസ്ഥയുടെ ഭീകരദിവസങ്ങള്‍ അരങ്ങ് തകര്‍ത്തകാലത്തായിരുന്നു സഞ്ജയ് ഗാന്ധിയെ ഉദ്ദേശിച്ച് ഇപ്രകാരം പറഞ്ഞ് തുടങ്ങിയത്. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ വേരുകളുള്ള ഒരു പാര്‍ട്ടിയാണ് സി പി എം. ജനാധിപത്യ മര്യാദകള്‍ ചിട്ടയോടും അച്ചടക്കത്തോടും പാലിച്ചു വന്ന ആ പാര്‍ട്ടി അതിന്റെ പ്രദേശിക സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും നിര്‍ദിഷ്ട കാലയളവില്‍ പൂര്‍ത്തികരിച്ചത് നമ്മള്‍ കണ്ടതാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം ഇത്രമേല്‍ പുലര്‍ത്തുന്ന മറ്റൊരു പാര്‍ട്ടിയും ഇന്ത്യയിലില്ലെന്നു തന്നെ പറയാം.

സംസ്ഥാന സമ്മേളനത്തിനു തയ്യാറെടുപ്പു നടത്തുന്ന ദിവസങ്ങളില്‍ തന്നെയാണ് നേതാവിന്റെ മകന്റെ പേരില്‍ സാമ്പത്തികആരോപണം ഉയര്‍ന്നു വന്നത്. വിവാദത്തിനു കൊഴുപ്പു കൂട്ടാന്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും അസരം വീണുകിട്ടിയിരിക്കുന്നു. “ഇത് രണ്ട് വ്യക്തികള്‍ തമ്മിലുളള കൊടുക്കല്‍ വാങ്ങലിന്റെ പ്രശ്‌നമാണ്. കേസിനാസ്പദമായ സംഭവം നടന്നത് മറ്റൊരു രാജ്യത്താണ്. അവിടുത്തെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ കഴിയൂ. പാര്‍ട്ടിയും ഗവണ്‍മെന്റും ഏതെങ്കിലും തരത്തിലുളള വഴിവിട്ട സഹായങ്ങള്‍ ചെയ്തതായി ആരും ആരോപണം ഉന്നയിച്ചിട്ടില്ല.” എന്നൊക്കെയുള്ള മുഖ്യ മന്ത്രിയുടെ പ്രസ്താവന മുഖവിലക്കെടുത്ത് വിവാദം അവസാനിപ്പിക്കാവുന്നതെയുള്ളൂവെന്നാണ് ഏതു സദ് ബുദ്ധികള്‍ക്കും തോന്നുക. എന്നാല്‍ നമ്മളാരും അത്ര സദ്ബുദ്ധികളൊന്നുമല്ല.
അമിത് ഷായുടെ മകന്‍, ലാലു പ്രസാദിന്റെ മകന്‍, ഒക്കെ ഇങ്ങനെ ചെയ്തില്ലേ? കെ എം മാണിയുടെയും ബാലകൃഷ്ണ പിളളയുടെയും മക്കള്‍ എന്തൊക്കെ ആരോപണങ്ങളെ നേരിട്ടു? ഏതു കോണ്‍ഗ്രസുകാരാണ് മക്കളെ നേരാംവണ്ണം വളര്‍ത്തിയത്? ഇങ്ങനെ ഒക്കെ ചോദിച്ച് കൊടിയേരിയെ ന്യായീകരിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ കമ്മ്യൂണിസ്റ്റ് സദാചാരത്തിനു നിരക്കുന്നതാണോ? കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമായി അങ്ങനെയൊരു സദാചാരം സാധ്യമല്ല. അതിന്റെ വല്ല ആവശ്യവുമുണ്ടോ? ഇത്തരം ചില ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ സാക്ഷാല്‍ കാറല്‍മാര്‍ക്‌സ് എന്താണിതിനെക്കുറിച്ചൊക്കെ പറഞ്ഞിരിക്കുന്നതെന്ന് ഒന്നു വായിച്ചു മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഈയിടെ പുറത്തിറങ്ങിയ ഒരു സിനിമ “യംങ്ങ് കാള്‍മാക്‌സ്”’ഐ എഫ് എഫ് കെയുടെ തിരുവനന്തപുരം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാര്‍ക്‌സ്, എംഗല്‍സ് വ്യക്തിബന്ധത്തിന്റെ തീവ്രത, ജെന്നിയും മാര്‍ക്‌സും തമ്മിലുളള പ്രണയബന്ധത്തിന്റെ ഊഷ്മളത, യൂറോപ്പിലെ ദരിദ്രതൊഴിലാളി വര്‍ഗവും ആയി താദാത്മ്യപ്പെട്ട് സാമ്പത്തിക കഷ്ടപ്പാടുകളെ അതിജീവിച്ച് കൊണ്ട് മാര്‍ക്‌സും ജെന്നിയും ചേര്‍ന്ന് നയിക്കുന്ന സ്‌നേഹ സുരഭിലമായ കുടുംബ ജീവിതം, ഇതൊക്കെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ആ സിനിമയില്‍ മാര്‍ക്‌സിന്റെ നിയന്ത്രണാതീതമായ മദ്യപാനം, നിര്‍ത്താതെയുളള സിഗര്‍ട്ട് വലി ഒക്കെ ശ്രദ്ധിച്ചിട്ടാകാം സിനിമ കണ്ടിറങ്ങിയ ചില ചെറുപ്പക്കാര്‍ പറഞ്ഞത്, കേരളത്തിലായിരുന്നെങ്കില്‍ നമ്മുടെ നേതാക്കള്‍ മാര്‍ക്‌സിനെ എന്നേ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമായിരുന്നു എന്ന്. ഈ സിനിമയില്‍ തന്നെ ഇംഗ്ലണ്ടിലെ ഒരു പോസ്റ്റോഫീസില്‍ ക്ലാര്‍ക്ക് ജോലിക്ക് ഉദ്യോഗാര്‍ഥിയായി ചെല്ലുന്ന യുവമാക്‌സിന്റെ കൈയക്ഷരം പരിശോധിച്ചിട്ട് ഓഫീസ് മേധാവി മാക്‌സിനു ഉദ്യോഗം നിഷേധിക്കുന്ന ഒരു രംഗം ഉണ്ട്. ഇത്ര മോശമായ കൈയക്ഷരം ഉള്ള വ്യക്തിക്കു ക്ലാര്‍ക്കിന്റെ ജോലി ചെയ്യാന്‍ കഴിയില്ല എന്നതായിരുന്നു ഉദ്യോഗം നിഷേധിക്കാന്‍ കാരണമായി പറഞ്ഞത്. ഭാഗ്യം, ആ ജോലിയെങ്ങാനും മാര്‍ക്‌സിന് കിട്ടിയിരുന്നെങ്കില്‍ ലോകതൊഴിലാളി വര്‍ഗത്തിന്റെ തലയെഴുത്തു തന്നെ മാറി പോകുമായിരുന്നു.

മൂലധനം എന്ന ലോകതൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍ എഴുതപ്പെടാതെ പോകുമായിരുന്നു. യൂറോപ്പിലെ ഏതെങ്കിലും ഒരു പ്രമുഖ സര്‍വകലാശാലയില്‍ പ്രൊഫസറായോ ഏതെങ്കിലും കൂറ്റന്‍ പത്ര സ്ഥാപനങ്ങളില്‍ പത്രാധിപരായോ മാര്‍ക്‌സിനു പോകാമായിരുന്നു. താന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യപൂര്‍ത്തീകരണത്തിനു തടസ്സമായേക്കാവുന്ന അത്തരം ചൂണ്ടകളില്‍ ഒന്നും കൊത്താതെയാണ് മാര്‍ക്‌സ് തന്റെ ജീവിതം ജീവിച്ചു തീര്‍ത്തത്. ഇംഗ്ലണ്ടിലെയോ ജര്‍മനിയിലെയോ മറ്റ് ഏതൊരു തൊഴിലാളിയുടെയും കുട്ടികളുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന കരുതലിലുപരിയായി മറ്റൊരു കരുതലും മാര്‍ക്‌സ് അവരുടെ കുട്ടികളുടെ കാര്യത്തില്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നില്ല. കളങ്കരഹിതമായ സ്‌നേഹമല്ലാതെ മറ്റൊന്നും സ്വന്തം മക്കള്‍ക്കും നല്‍കാന്‍ ആ ദമ്പതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിന്റെ പേരില്‍ അവര്‍ യാതൊരുവിധത്തിലുള്ള അതൃപ്തിയും അനുഭവിച്ചിരുന്നില്ല എന്നാണ് മാര്‍ക്‌സ് കുടുംബത്തിന്റെ ജീവിതകഥ എഴുതിയ മേരിഗബ്രലെ തന്റെ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത.് പൊതു പ്രവര്‍ത്തനവും കുടുംബ ജീവിതവും തമ്മില്‍ പൊരുത്തപ്പെടുകയില്ലെന്നാന്ന് ധാരണ. കത്തോലിക്കാ വൈദികരുടെ നൈഷ്ടികബ്രഹ്മചര്യവും ആര്‍ എസ് എസിന്റെ പ്രചാരകന്‍മാരും ഹിന്ദു സന്യാസികളും സ്വകാര്യ കുടുംബജീവിതം ത്യജിച്ചു ജീവിക്കുന്നത് ഇത്തരം ഒരു ധാരണയില്‍ നിന്നാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ഈ മാതൃക പിന്‍തുടരുന്നവരായിരുന്നില്ല. പങ്കാളിയോടുള്ള കറ തീര്‍ന്ന പ്രേമവും, സമൂഹത്തോടുളള സ്‌നേഹ വാത്സല്യവും മാത്രം മൂലധനമാക്കിയ എത്രയോ വിപ്ലവകാരികളുടെ ജീവിതം നമുക്കു പരിചിതമാണ്. ആ മാതൃക പിന്‍തുടരുന്നതിനു പകരം മക്കളെ നിവൃത്തികേട് കൊണ്ട് ധനസമാഹരണത്തിന് പറഞ്ഞുവിടുന്നതില്‍ ഔചിത്യ ശൂന്യത പതിയിരിക്കുന്നു. ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരെല്ലാം മാര്‍ക്‌സിനെപോലെയോ അവരുടെ ഭാര്യമാരെല്ലാം ജെന്നിയെപ്പോലെയോ ആകണമെന്നല്ല പറഞ്ഞു വരുന്നത്.
ജീവിക്കാന്‍ വഴിതേടി വിദേശരാജ്യങ്ങളില്‍ പ്രവാസജീവിതം തുടങ്ങുക. ചുരുങ്ങിയ കാലയളവില്‍ നാട്ടില്‍ മടങ്ങിയെത്തി കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും സ്വന്തമാക്കി സമ്പന്ന ഗൃഹങ്ങളുമായി ബന്ധുത്വം സ്ഥാപിച്ച് വിവാഹം മുതല്‍ മക്കളുടെ ചോറുണൂവരെ സകലതും ആര്‍ഭാട

ജീവിതത്തിന്റെ മാതൃകയാക്കി പാവപ്പെട്ട മനുഷ്യരുടെ മുന്നില്‍ സ്വന്തം പൊങ്ങച്ചം പ്രദര്‍ശിപ്പിച്ചു ജീവിക്കുക എന്നത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ ഒരു ജീവിതശൈലിയാക്കിയിട്ടുണ്ട്. അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന രക്ഷിതാക്കളും കുറവല്ല. ഇങ്ങനെ ധന സമ്പാദനം ചെയ്യുന്നവര്‍ക്കത് സാധ്യമാക്കുന്നത് നേരായ വഴികളിലൂടെയല്ലെന്നു ജനം സംശയിക്കുന്നെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇത്തരം വ്യാജ സംസ്‌കാരത്തിനെതിരെ വിരല്‍ ചൂണ്ടാനുളള ബാധ്യത നിറവേറ്റുന്നവരാകണം കമ്മ്യൂണിസ്റ്റുകാര്‍.
മൂലധനവും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും പോലെ ധനതത്വശാസ്ത്രത്തിന്റെയോ കടിച്ചാല്‍ പൊട്ടാത്ത ദാര്‍ശനിക തത്വങ്ങളുടെയോ ചേരുവകള്‍ ഒന്നും അടങ്ങിയിട്ടില്ലാത്തതും ലളിത വായനക്ക് വേഗം വശപ്പെടുന്നതും ആയ ധാരാളം ലഘു പ്രബന്ധങ്ങള്‍ കാറല്‍മാര്‍ക്‌സ് എഴുതിയിട്ടുണ്ട്. അദ്ദേഹം തന്റെ ഹൈസ്‌കൂള്‍ പഠനത്തിനു ശേഷമുളള ഹയര്‍സെക്കന്‍ഡറി പഠനകാലത്ത് എഴുതിയ അത്തരം ഒരു ഉപന്യാസം എങ്കിലും ഈ പശ്ചാത്തലത്തില്‍ പഠന വിഷയമാക്കുന്നത് നന്നായിരിക്കും. ഒരു തൊഴില്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഒരു യുവാവിന്റെ സങ്കല്‍പങ്ങള്‍’എന്ന പ്രബന്ധത്തെയാണിവിടെ ഉദ്ദേശിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ മക്കള്‍ക്കു മാത്രമല്ല ഏതൊരു നല്ല മനുഷ്യര്‍ക്കും ജോലി എന്ന നിലയില്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് ഈ ഉപന്യാസം നിര്‍ദേശിക്കുന്നുണ്ട്.
പ്രകൃതി തന്നെ ഒരു ജന്തു ഏങ്ങനെ നീങ്ങണമെന്നു നിര്‍ണയിച്ചിട്ടുണ്ട്,’അത് ആ അതിരുകള്‍ക്കകത്തു നീങ്ങുന്നു. അതിക്രമിക്കാന്‍ പാടുപെടാതെ തന്നെ ആലോചന പോലും കൂടാതെ മനുഷ്യനു ദൈവം പൊതുലക്ഷ്യം നല്‍കിയിട്ടുണ്ട്. മനുഷ്യവര്‍ഗത്തെയും അതിലുള്‍പ്പെട്ട മനുഷ്യനെയും അഭിവൃദ്ധിപ്പെടുത്തേണ്ടതിനു ആയിട്ടാണ് ഇത്തരം ഒരു സംവിധാനം. എന്നാല്‍, മനുഷ്യന്‍ തന്റെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നുള്ള മാര്‍ഗം കണ്ടെത്തേണ്ട ചുമതലയും മനുഷ്യനെ തന്നെയാണേല്‍പ്പിച്ചിരിക്കുന്നത്. നശ്വരനായ മനുഷ്യനെ അനശ്വരതയിലേക്ക് ഒരു വഴികാട്ടിയെ കൂട്ടിയല്ലാതെ ദൈവം ഒറ്റക്ക് ആരെയും ഇങ്ങോട്ട് അയച്ചു കളയുന്നില്ല. ഇത്തരം വഴികാട്ടികള്‍ നമുക്കു മുന്‍കൂറായി നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആണ് നമ്മള്‍ മനുഷ്യര്‍ക്കു നല്‍കപ്പെട്ടിട്ടുള്ള പ്രചോദനങ്ങള്‍. ഇതു ചിലപ്പോള്‍ ഏറെ നേരത്തേക്കും ദീര്‍ഘിക്കാത്ത ഒരു കളിയായിരിക്കും. എന്നാല്‍ പോലും നാം അവയെ അവഗണിച്ചുകൂടാ. ഇത്തരം ഒരു ആമുഖത്തോടെ തുടങ്ങി മനുഷ്യന്റെ അദ്ധ്വാനം, അതിന്റെ മഹത്വം, ഇതൊന്നും തിരിച്ചറിയാതെ അടിസ്ഥാനരഹിതമായ അലസ ജീവിതത്തിലൂടെ അന്യരുടെ അദ്ധ്വാനഫലം കൊള്ളയടിച്ചു തിന്നുസുഖിച്ചു ജീവിച്ചൊടുങ്ങുന്ന ജീവിതങ്ങളെ ഏതൊരു യുവാവും അപലപിക്കേണ്ടതുണ്ട് എന്നാണ് മാര്‍ക്‌സിന്റെ പ്രബന്ധം സമര്‍ഥിക്കുന്നത്. ചൂഷണമുക്തമായ ഒരു തൊഴില്‍ അത് ഏതെന്ന് കണ്ടെത്തുക എന്നതായിരിക്കണം ഒരു തൊഴില്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ഒരു യുവാവിന്റെ സ്വപ്‌നങ്ങള്‍ എന്ന് മാര്‍ക്‌സ് എഴുതി. ഇതെഴുമ്പോള്‍ മാര്‍ക്‌സിന്റെ പ്രായം കേവലം 17 വയസ്സ്. കേവലം ഒരു 17കാരന്റെ സ്വപ്‌നങ്ങള്‍ എന്ന നിലയില്‍ മാര്‍ക്‌സ് ഇതിനെ തളളി കളയുകയായിരുന്നില്ല. അന്യായവും അനീതിയും നിറഞ്ഞ ഒരു ലോകവ്യവസ്ഥയെ മാറ്റിത്തീര്‍ക്കുന്നതിനും സമര്‍പ്പിതരായ ഒട്ടേറെ യുവതീയുവാക്കളെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ലോക വിപ്ലവത്തിന്റെ കുഴലൂത്തുകാരായി നിയോഗിക്കാന്‍ പ്രാപ്തിയുളള ഒരു ശാസ്ത്രത്തിന്റെ ഉടമയായി പില്‍ക്കാല മാര്‍ക്‌സ് മാറുകയും ചെയ്തു. ഇതൊന്നും അറിയാത്തവരാണോ നമ്മുടെ നാട്ടിലെ മാര്‍ക്‌സിസ്റ്റുകാര്‍ ആണെന്നുതോന്നുന്നില്ല. എന്നിട്ടും എന്തേ പിതാക്കന്മാരെ മൂലധനമാക്കി ജീവിതത്തിന്റെ പടക്കളത്തില്‍ ഇറങ്ങുന്ന മക്കളും മക്കളുടെ ഭാവിയില്‍ മാത്രം ഉത്കണ്ഠാലുക്കളായ പിതാക്കന്മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുയരുന്നു? ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ ആദ്യകാല നേതൃത്വത്തിലേക്കുയര്‍ന്നു വന്നതും പാര്‍ട്ടി തന്നെ സ്ഥാപിച്ചതും സമൂഹത്തിന്റെ താഴെക്കിടയിലുളള നിസ്വാ വര്‍ഗത്തില്‍ നിന്നുയര്‍ന്നു വന്നവരായിരുന്നില്ല. ഇ എം എസ്സും ജ്യോതിബസുവും എസ് എ ഡാങ്കെയും ഒന്നും സുഖജീവിതത്തിനുളള ഉപാധികള്‍ തേടി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയവരായിരുന്നില്ല. പൈതൃകമായി ലഭിക്കുമായിരുന്ന സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് രണ്ടും കല്‍പ്പിച്ച് കഷ്ടപ്പാടുകളിലേക്ക് എടുത്തു ചാടിയവരായിരുന്നു. ആര്‍ത്തിയോ ആസക്തിയോ അസൂയയോ മൂത്ത് ഉള്ളവരുടെ സ്വത്ത് പിടിച്ചടക്കുവാന്‍ ഇറങ്ങിത്തിരിച്ച ഇല്ലാത്തവരായിരുന്നില്ല അവരാരും.

മക്കളുടെ ഭാവി കോര്‍പറേറ്റ് മുതലാളിത്വത്തിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും എന്ന് സ്വയം വിശ്വസിച്ചു കൊണ്ടവരെ സാമ്രാജ്യത്വ വേട്ടക്കാരോടൊപ്പം വിട്ടുകൊടുക്കുന്ന നേതാക്കള്‍ വേട്ടക്കാരോടൊപ്പം വേട്ടയാടുകയും മാനിനോടൊപ്പം ഓടുകയും ചെയ്യുന്നത് പരിഹാസ്യമായ ഒരു കാഴ്ചയായി പരിണമിക്കും. മക്കള്‍ എന്താണ് പഠിക്കുന്നത്? പാഠ്യവിഷയങ്ങള്‍ അവര്‍ സ്വയം തിരഞ്ഞെടുത്തതാണോ അവര്‍ക്കു മേല്‍ കെട്ടിവെച്ചതോ? ഭാവിയെക്കുറിച്ചുളള അവരുടെ കാഴ്ചപ്പാടുകള്‍ എന്തായിരിക്കും, സ്വന്തം നാട്ടില്‍ മറ്റു തൊഴിലൊന്നിനും ഈ മക്കളെ കൊളളാത്തതിനാലാണ് അന്യരാജ്യങ്ങളില്‍ ബിസിനസ് ചെയ്യാന്‍ പറഞ്ഞ് അയക്കുന്നത്. ഒന്ന് വെച്ചാല്‍ രണ്ട് കിട്ടും, വെയ് രാജ വെയ് എന്ന പഴയ മുച്ചീട്ടുകളിക്കാരന്റെ പ്രമാണത്തില്‍ കവിഞ്ഞ് മറ്റെന്ത് പ്രമാണമാണ് ഈ പണവ്യാപാരികളെ നയിക്കുന്നത്? സ്വന്തം നാട്ടില്‍ ജോലി ചെയ്ത് അന്തസ്സായി ജീവിക്കുന്നതെങ്ങനെയെന്ന് മക്കളെ പഠിപ്പിച്ചുകൊടുക്കുക. വല്ലപ്പോഴും അന്തികൂട്ടിന് മാത്രം വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരുടെ ഭാര്യമാര്‍. മക്കളുടെ ഭാവിയെ വഴിതെറ്റിക്കുന്നതരത്തില്‍ പള്ളിയും പാതിരിയും, തുലാഭാരവും, പൂമൂടലും പ്രശ്‌നംവെക്കലും, ജാതകം നോക്കലുമായി നടക്കുന്ന നമ്മുടെ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കാണ് മികച്ച രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത്. മക്കളുടെ വിവാഹത്തെ ഒരുമഹാസംഭവമായി കൊട്ടിഘോഷിക്കുന്നവര്‍ക്ക് മുമ്പില്‍ സദ്യ വിളമ്പല്‍ എന്ന അസംബന്ധം പ്രകടിപ്പിച്ച് ആളാകുകയും, ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും സ്വര്‍ണക്കടയുടെയോ ടെക്‌സ്റ്റെയില്‍സ് ഷോപ്പിലെയോ ഷോക്കേസ് ബിംബങ്ങളെപ്പോലെ സര്‍വാഭരണവിഭൂഷകളായി അണിഞ്ഞൊരുങ്ങുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഭാര്യമാരുടെ പ്രകടനം തീര്‍ച്ചയായും ഒരശ്ലീലദര്‍ശനം ആണെന്ന് ഉറക്കെ വിളിച്ചു പറയാനുളള തന്റേടം ചെറുപ്പക്കാര്‍ ഇനിയെങ്കിലും പ്രകടിപ്പിക്കണം. ഇതു നേരത്തെ ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ പല നേതാക്കന്മാര്‍ക്കും മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഇങ്ങനെ വിവസ്ത്രരായി നില്‍ക്കേണ്ടി വരുന്നത്.
കെ സി വര്‍ഗീസ് 9446268581

 

 

Latest