Connect with us

Ongoing News

സിപിഎം സമ്മേളനം / ഹാദിയ / ശുഐബ് /സീറോ മലബാര്‍ ഭൂമിയിടപാട്

Published

|

Last Updated


സംസ്ഥാന പോലീസിനും സിപിഐക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മുന്നണി വിപുലീകരണം അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടെന്നും തൃശൂരില്‍ ആരംഭിച്ച പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റാണ്. പോലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും പോലീസ്ഭരണത്തില്‍ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നാളെ ഗ്രൂപ്പ് ചര്‍ച്ച നടക്കും.

അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്നും എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. എതിരാളികളെ ജനാധിപത്യ രീതിയിലൂടെ നേരിടും. അക്രമ രാഷ്ട്രീയത്തിലൂടെ ഏറ്റവുമധികം നഷ്ടമുണ്ടായത് സിപിഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ബിജെപി തകര്‍ക്കുകയാണെന്നും ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തികളെ കൂട്ടുപിടിച്ച് പോരാട്ടം ശക്തമാക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് നാല് ദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.
വലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്നും ബലാത്സംഗ കേസ് അല്ലെന്നും സുപ്രീം കോടതി. വിവാഹം പരസ്പര സമ്മത പ്രകാരമാണെന്ന് ഷെഫിനും ഹാദിയയും വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈകോടതിക്ക് അധികാരമുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. വിദേശ റിക്രൂട്ട്മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാര്‍ അല്ലേയെന്നും കോടതി ആരാഞ്ഞു. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പിതാവ് അശോകന്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം രാഹുല്‍ ഈശ്വരനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു. കേസ് വീണ്ടും മാര്‍ച്ച് എട്ടിന് പരിഗണിക്കും.

കാസര്‍കോട് ചീമേനിയില്‍ വിരമിച്ച പ്രധാനാധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ബഹ്‌റൈനില്‍ പിടിയിലായി. പുലിയൂരിലെ അരുണ്‍കുമാറിനെയാണ് പ്രവാസികളുടെ സഹാത്തോടെ പിടികൂടിയത്. കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പ്രവാസികള്‍ ഇയാളെ പിടികൂടി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ പുലിയൂര്‍ ചീര്‍ക്കുളം സ്വദേശികളായ റിനേഷ്, വിശാഖ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കവര്‍ച്ച ലക്ഷ്യംവെച്ച് ജാനകിയുടെ വീട്ടിലെത്തിയ പ്രതികള്‍ ജാനകി തിരിച്ചറിഞ്ഞതോടെ അരുംകൊലക്ക് മുതിരുകയായിരുന്നു.

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഈ ഘട്ടത്തില്‍ പോലീസിനോട് കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

ശുഐബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷൂഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നലകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയത്. സി പി എമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഡാലോചനയുടെ ഫലമാണ് കൊലപാതകമെന്നും ഷൂഹൈബിനോട് സി പി എമ്മിനുള്ള രാഷ്ട്രീയ വിരോധവും തീരാത്ത കുടിപ്പകയും, അസഹിഷ്ണതയുമാണ് കൊലപാതകത്തിന് കാരണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും മാതാപിതാക്കള്‍ കത്തില്‍ വ്യക്തമാക്കി. സി പി എം കേന്ദ്രങ്ങളില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നത് കൊണ്ടാണ് പൊലീസിന് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നും കത്തില്‍ ആരോപിക്കുന്നു.

ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം സമരം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റിന് സമീപം സുധാകരന്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിലെപ്പോലെയാണ് പെരുമാറുന്നതെന്ന് സുധാകരന്‍ പറഞ്ഞു. പി ജയരാജന് അധികാര ഭ്രാന്താണെന്നും ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെ പോലെയാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ശുഐബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും സുഹൃത്തായ റിജിന്‍ രാജും നിരപരാധികളാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിലായിരുന്നുവെന്നും ഇരുവരെയും അറസ്റ്റ് ചെയ്തത് പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ സമീപിച്ചപ്പോള്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ പറഞ്ഞതായും പ്രാദേശിക സിപിഎം നേതാവ് കൂടിയായ രവി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ബോട്ടുടമകള്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയതായി ബോട്ടുടമകള്‍ പറഞ്ഞു.

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത കെ എസ് ആര്‍ടി സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ ജയചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ നന്നാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് കെഎസ്ആര്‍ടിസി നടപടിയെടുത്തത്.

Latest