ഹമദ് വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ 2022ൽ 

Posted on: February 22, 2018 8:33 pm | Last updated: February 22, 2018 at 8:33 pm
ദോഹ: ഖത്വർ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ 2022ൽ പ്രവര്‍ത്തനമാരംഭിക്കും. വർഷത്തിൽ 30 മുപ്പത് ലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷി പുതിയ കാര്‍ഗോ ടെര്‍മിനലിനുണ്ടാകും. ടെന്‍ഡര്‍ നടപടികൾ ഈ വര്‍ഷം ആരംഭിക്കും. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ഇലക്ട്രോണിക് ബാഗ് ടാഗ് (ഇ ബി ടി) റീഡബിലിറ്റി പരിശോധനയില്‍ ഹമദ് വിമാനത്താവളവും ഖത്വര്‍ എയര്‍വേയ്‌സും വിജയകരമായി പൂര്‍ത്തിയാക്കി.
അയാട്ടയുടെ ഇ.ബി.ടി സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മാറുമെന്ന്  വിമാനത്താവളം സിഒഒ ബാദര്‍ അല്‍മീര്‍ പറഞ്ഞു. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ യാത്രക്കാരുടെ ചെക്ക് ഇന്‍ സമയം ഗണ്യമായി കുറക്കാന്‍ കഴിയും. ഡിജിറ്റലായി ബാഗേജ് വിവരങ്ങള്‍ രേഖപ്പെടുത്താനുമാകും. നടപ്പാക്കാന്‍ സജ്ജമായ വിധത്തില്‍ പുതിയ സംവിധാനത്തിന്റെ പരീക്ഷണങ്ങളും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയി്ട്ടുണ്ടെന്നും വൈകാതെ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇബിടിയിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോയെന്നത് പരിശോധന നടത്തുന്നത് അയാട്ടയാണ്. ഇത്തരം പരിശോധനകളാണ് അയാട്ട നടത്തിയത്. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്വര്‍ എയര്‍വേയ്‌സും ഹമദ് വിമാനത്താവളവും സംയുക്തമായാണ് സംവിധാനം നടപ്പാക്കുന്നത്. പുതിയ സംവിധാനപ്രകാരം ഓരോ യാത്രക്കാരനും സ്ഥിരമായ ഇലക്ട്രോണിക് ടാഗ് ലഭിക്കും. ഇബിടി നടപ്പാക്കാനുള്ള രക്ഷാപരിശോധനയെല്ലാം തൃപ്തികരമായതിനെ തുടര്‍ന്നാണ് ഇബിടി ഏര്‍പ്പെടുത്തുന്നതെന്ന് അയാട്ട യാത്രാ കാർഗോ സുരക്ഷാ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് നിക്ക് കാറീന്‍ പറഞ്ഞു. ഖത്വർ എയര്‍വേയ്‌സ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രമാണ് സംവിധാനം ആദ്യ ഘട്ടത്തില്‍ ഏര്‍പ്പെടുത്തുക.