ഖത്വറുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് ഛാഡ്

Posted on: February 22, 2018 3:29 am | Last updated: February 22, 2018 at 3:29 am

ദോഹ: അയല്‍ അറബ് രാജ്യങ്ങള്‍ ഖത്വറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഖത്വറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച ഛാഡ് രാജ്യവുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗള്‍ഫ് പ്രതിസന്ധി ഉടലെടുത്ത ശേഷം സഊദി സഖ്യത്തോട് അനുഭാവം പുലര്‍ത്തിയ ഒരു രാജ്യം ഇതാദ്യമാണ് ഖത്വറുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത്.
ഛാഡ് വിദേശകാര്യമന്ത്രി ശരീഫ് മഹ്മദ് സെനിയുമായി ഖത്വര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പു വെച്ചത്. പരസ്പര സഹകരണം ശക്തപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരു മന്ത്രിമാരും ചര്‍ച്ച നടത്തി. കരാര്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ഉടന്‍ തന്നെ തങ്ങളുടെ അംബാസിഡര്‍മാരെ പരസ്പരം അയക്കുമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ലൗല അല്‍ ഖാതിര്‍ പ്രസ്താവനയില്‍ പരഞ്ഞു. ഛാഡ് റിപബ്ലിക്കിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി ട്വിറ്ററില്‍ അഭിനന്ദിച്ചു.
നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള ഛാഡിന്റെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളും പരസ്പരം അംബാസിഡര്‍മാരെ അയക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ആഗസ്റ്റിലെ ന്‍ജമാനയില്‍ പ്രവര്‍ത്തിച്ചുവന്ന ഖത്വര്‍ എംബസി അടച്ചു പൂട്ടാന്‍ ഛാഡ് തീരുമാനിച്ചത്. ലിബിയയുടെ വടക്കന്‍ പ്രദേശത്തുകൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഖത്വര്‍ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ചായിരുന്നു നടപടി. ഖത്വറിനെതിരായ രാഷ്ട്രീയ വിലപേശലില്‍ പങ്കുചേര്‍ന്ന സാഹചര്യത്തില്‍ എംബസി നിര്‍ത്തലാക്കാന്‍ ഖത്വറും തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ആരംഭിച്ച ഖത്വറിനെതിരായ ഉപരോധം സംഭാഷണങ്ങളിലൂടെ പരിഹരിക്കാന്‍ യു എസും യൂറോപ്യന്‍ യൂനിയനുമുള്‍പ്പെടെയുള്ള ശക്തികള്‍ ആവശ്യപ്പെട്ടെങ്കിലും സഊദി സഖ്യം വഴങ്ങിയിട്ടില്ല. തങ്ങള്‍ പുറത്തിറക്കിയ പതിമൂന്നിന ഉപാധികള്‍ അംഗീകരിക്കണമെന്ന ശാഠ്യം തുടരുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു നിഷേധിക്കുന്ന ഖത്വര്‍ രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്തിക്കൊണ്ടുള്ള സംഭാഷണത്തിന് എപ്പോഴും തയാറാണെന്ന നിലപാടിലാണ്.