Ongoing News
ന്യൂസ്‌ലൈറ്റ്: ശുഐബ് വധത്തില്‍ നിര്‍ണായക മൊഴി / നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം

യൂത്ത് കോണ്‍ഗ്രസ് നേതവും സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കൊലയാളി സംഘം സഞ്ചരിച്ച വാഗനര്‍ കാറും കൃത്യം നടത്തിയ ശേഷം വഴിക്കുവച്ച് മാറിയ കാറും അന്വേഷണ സംഘം തിരിച്ചറഞ്ഞിരുന്നു. വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷം ഫോര്‍ റജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ചാണ് അക്രമികള്‍ എത്തിയത്. പിടിയിലാകാനുള്ള മറ്റുപ്രതികള്‍ക്കായി പോലിസ് കര്‍ണ്ണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. കൊലപാാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെയും ഗൂഡാലോചന,പ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ എന്നിവരെയെല്ലാം കണ്ടെത്തുന്നതിനാണ് തിരച്ചില്‍ ശക്തമാക്കിയത്.
ശുഐബിനെ കൊലപ്പെടുത്തിയത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും ആകാശ് തില്ലങ്കേരി പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അടിച്ചാല്‍ പോരെയന്ന് താന്‍ ചോദിച്ചിരുന്നു. എന്നാല്‍ വെട്ടണമെന്ന് ക്വട്ടേഷന്‍ തന്നവര്‍ ശഠിച്ചു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നും ആകാശ് മൊഴി നല്‍കിയതായി സൂചനയുണ്ട്.
ശുഐബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആകാശിന് കൃത്യത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു. അതിനിടെ, ഷുഹൈബ് വധം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ കെ ബാലന്‍. പ്രതികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. അതേസമയം സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. യോഗത്തില്‍ കെ കെ രാഗേഷ് എം പി വേദിയിലിരുന്നത് യുഡിഎഫ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയുമായിരുന്നു. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തിന്റെ വേദിയില്‍ രാഗേഷ് ഇരുന്നതാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്. തര്‍ക്കത്തിന് ഒടുവില്‍ രാഗേഷ് സദസ്സിലേക്ക് മാറിയിരുന്നുവെങ്കിലും യുഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ മാത്രമേ ഇനി പങ്കെടുക്കുകയുള്ളൂവെന്ന് യുഡിഎഫ നേതാക്കള്‍ അറിയിച്ചു.
പഞ്ചാബ് നാഷനല്‍ ബേങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ തട്ടിയ കേസില്‍ വജ്ര വ്യവസായി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ കേന്ദ്രം എതിര്‍ത്തു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷണം നടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം രാജ്യത്തിന്റ താത്പര്യമാണ് തങ്ങളുടെ ഹരജിയെന്ന് ഹരജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് കേസ് മാര്‍ച്ച് 16ലേക്ക് മാറ്റി
“മാണിക്യ മലരായ പൂവി” ഗാനത്തിനെതിരേ രാജ്യത്ത് ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തു. കേസില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക. ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതതിനെ ചോദ്യം ചെയ്ത് നടി പ്രിയാ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി.
തമിഴ് സിനിമാതാരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. “മക്കള്‍ നീതി മയ്യം” എന്നാണ് പാര്‍ട്ടിയുടെ പേര്. മധുരയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ജനങ്ങളുടെ പാര്‍ട്ടിയാണ് ഇതെന്നും താന്‍ പാര്‍ട്ടിയുടെ ഒരു ഭാഗം മാത്രമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വന്‍ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പാര്‍ട്ടി പതാകയും ചടങ്ങില്‍ പുറത്തിറക്കി.
മൊബൈല്‍ ഫോണ്‍ നമ്പര്‍ 13 അക്കമാകാന്‍ പോകുന്നുവെന്ന ആശങ്കള്‍ക്ക് വിരാമം. മെഷീന്‍ ടു മെഷീന്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പറുകള്‍ മാത്രമേ 13 അക്കമായി മാറുകയുള്ളൂവെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. സൈ്വപിംഗ് മെഷീന്‍ പോലുള്ള ഡിവൈസുകളിലാണ് ഈ സിം ഉപയോഗിക്കുന്നത്. സാധാരണ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ സിം കാര്‍ഡ് നമ്പര്‍ പത്തക്കമായി തന്നെ തുടരും. പത്തക്ക നമ്പര്‍ സമ്പ്രദായം പരമാവധി ഉപയോക്താക്കളില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് നമ്പറിന്റ എണ്ണം മാറ്റുന്ന കാര്യം കേന്ദ്ര മന്ത്രാലയം ആലോചിക്കുന്നത്.
തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് കൂടിന് മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ചാടിയത്. യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്നുനീങ്ങുന്നത് കണ്ട് സന്ദര്‍ശകര്‍ ബഹളം വെക്കുകയും തുടര്‍ന്ന് ജീവനക്കാര്‍ എത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. മുരുകന്‍ മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്നു. വീഴ്ചയില്‍ കാലിന് പരുക്കേറ്റ മരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 18 മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പത്രപരസ്യം ചെയ്യുകയും ചെയ്തിരുന്നു.
2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരന്‍, സി. ആര്‍. ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാംപറമ്പില്‍. പി.കെ. പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ അര്‍ഹരായി. ടി.ഡി. രാമകൃഷ്ണന്റെ “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി” മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. സാവിത്രി രാജീവന്റെ “അമ്മയെ കുളിപ്പിക്കുമ്പോള്‍” മികച്ച കവിത. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം എസ്. ഹരീഷിന്റെ “ആദം” നേടി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.