ഒരു വര്‍ഷത്തിനുള്ളില്‍ ദുബൈ കസ്റ്റംസ് നടത്തിയത് 1,628 മയക്കുമരുന്ന് വേട്ടകള്‍

Posted on: February 21, 2018 8:35 pm | Last updated: February 21, 2018 at 8:35 pm

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ കസ്റ്റംസ് നടത്തിയത് 1,628 മയക്കുമരുന്ന് വേട്ടകള്‍. 2016ല്‍ കണ്ടെത്തിയതിനേക്കാള്‍ 21 ശതമാനം അധികമാണ് 2017ലേത്. മയക്കുമരുന്ന് കടത്താനുള്ള 1,347 ശ്രമങ്ങളാണ് 2016ല്‍ കസ്റ്റംസ് പരാജയപ്പെടുത്തിയത്.
പിടിച്ചെടുത്തവയില്‍ ‘വൈറ്റ് സാള്‍ട്ട്’ എന്നറിയപ്പെടുന്ന മയക്കുമരുന്നിന്റെ അളവ് വളരെ കൂടുതലാണ്. മൃഗങ്ങളുടെ കുടലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെ ടണ്‍ കണക്കിന് കാപ്റ്റഗണ്‍ ഗുളികകളും ഒരു വര്‍ഷത്തിനുള്ളില്‍ പിടികൂടി.
ജബല്‍ അലി കസ്റ്റംസ് സെന്റര്‍ നടത്തിയ പരിശോധനയില്‍ മര ഉരുപ്പടികള്‍ക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവെ 12 കിലോ ഒപിയ(കറുപ്പ്)വും പിടിച്ചെടുത്തു.

മയക്കുമരുന്ന് കടത്തിന്റെ സിംഹഭാഗവും കണ്ടെത്തിയത് വിമാനത്താവളത്തില്‍ നിന്നാണ്. 859 മയക്കുമരുന്ന് വേട്ടകളാണ് വിമാനത്താവളത്തില്‍ നടത്തിയത് കര മാര്‍ഗം കടത്താനുള്ള 699 ശ്രമങ്ങളും പരാജയപ്പെടുത്തി. എയര്‍ കസ്റ്റംസിന്റെ പരിശോധനയില്‍ 58ഉം ജബല്‍ അലി കസ്റ്റംസ് സെന്റര്‍ ഒന്‍പതും കോസ്റ്റല്‍ കസ്റ്റംസ് സെന്റര്‍ മാനേജ്‌മെന്റ് മൂന്നും മയക്കുമരുന്ന് കടത്തിന് തടയിട്ടു.
യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും ദുബൈ പോലീസിന്റെയും സഹകരണത്തോടെയാണ് ഇത്രയധികം മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്താനായതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ആധുനികവും നൂതനവുമായ പരിശോധനാ സാമഗ്രികളുപയോഗിച്ചാണ് മയക്കുമരുന്നുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയത്.

2007ല്‍ ദുബൈ കസ്റ്റംസിന് കീഴില്‍ ആരംഭിച്ച കെ-9 ഡോഗ് യൂണിറ്റ് ലഹരി കടത്ത് പരിശോധനയില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. ഏതു തരത്തിലുള്ള മയക്കുമരുന്നും കണ്ടെത്താന്‍ ശേഷിയുള്ള പരിശീലനം ലഭിച്ച 24 നായകളാണ് യൂണിറ്റിലുള്ളത്. 2017ല്‍ മാത്രം നായകള്‍ മണത്തു കണ്ടെത്തിയത് 14 മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ്.

കൂടാതെ അല്‍ കാഷിഫ് എന്ന പേരില്‍ ആധുനിക പരിശോധനാ വാഹനവും ദുബൈ കസ്റ്റംസിനുണ്ട്. ലോകത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ വാഹനം ദുബൈയിലാണ് അവതരിപ്പിച്ചത്. 16 വ്യത്യസ്ത ഉപകരണങ്ങള്‍ സ്ഥാപിച്ച വാഹനമാണിതെന്ന് കസ്റ്റംസ് ഡയറക്ടര്‍ അഹ്മദ് മുസബ്ബിഹ് പറഞ്ഞു. വിവിധങ്ങളായ മയക്കുമരുന്നുകള്‍, തീപിടുത്തമുണ്ടാക്കുന്ന വസ്തുക്കള്‍, അപകടകരമായ രാസപ്രവര്‍ത്തനമുണ്ടാക്കുന്ന വസ്തുക്കള്‍, സ്‌ഫോടന സാമഗ്രികള്‍ തുടങ്ങിയവ ഈ വാഹനത്തില്‍ സ്ഥാപിച്ച ഉപകരണങ്ങളിലൂടെ കണ്ടെത്താം. ഔഷധമിശ്രണങ്ങള്‍ ഏഴ് മിനിറ്റിനുള്ളില്‍ പരിശോധിച്ച് കണ്ടെത്താനും വാഹനത്തിനാകും.