Connect with us

Kerala

'മാണിക്യ മലരായ പൂവി' ക്കെതിരെ ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: “ഒരു അഡാര്‍ ലൗ” എന്ന സിനിമയിലെ വൈറലായി മാറിയ “മാണിക്യ മലരായ പൂവി” ഗാന രംഗത്തിനെതിരേ രാജ്യത്ത് ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍ നടപടികളും കോടതി സ്‌റ്റേ ചെയ്തു. കേസില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക. ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതതിനെ ചോദ്യം ചെയ്ത് നടി പ്രിയാ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി.

ചിത്രീകരണം നടക്കുന്നതിനിടെ സിനിമയിലെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഗാന രംഗം ഇന്റര്‍നെറ്റ് വഴി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗാനരംഗം വൈറലാകുകയും ചെയ്തു. മലബാറില്‍ പ്രസിദ്ധമായ മാപ്പിളപാട്ടായിരുന്നു പുതിയ താളത്തില്‍ ഈ രംഗത്ത് ഉപയോഗിച്ചിരുന്നത്. ഗാനചിത്രീകരണം മത നിന്ദക്ക് കാരണമാവുന്നതായി ആരോപിച്ച് ഹൈദരാബാദിലെ ഒരു സംഘം യുവാക്കളാണ് ആദ്യം പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് തെലങ്കാന പോലീസ് കേസെടുത്ത് സംവിധായകന് നോട്ടീസ് അയച്ചു. മാത്രമല്ല, തന്റെ ജീവനും സ്വത്തിനും ഭീഷണിയുള്ളതായും സംവിധായകന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പിന്നീട് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച് കേസുണ്ടായി. തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് ജോസഫ് വാഴക്കാല എന്നിവരും ഇതു സംബന്ധിച്ച് ഹരജി നല്‍കിയിട്ടുണ്ട്.

Latest