കരകയറാനുള്ള കാല്‍വെപ്പുകള്‍

Posted on: February 21, 2018 6:27 am | Last updated: February 20, 2018 at 11:29 pm

കെ എസ് ആര്‍ ടി സി എന്ന പ്രസ്ഥാനം നിലനില്‍ക്കേണ്ടത് കോര്‍പറേഷന്റെ മാത്രം ആവശ്യമല്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് സുരക്ഷിത യാത്ര പ്രദാനം ചെയ്യുന്ന ഗതാഗത സേവന സംവിധാനം നിലനില്‍ക്കേണ്ടത് സര്‍ക്കാറിന്റേയും സമൂഹത്തിന്റേയും പൊതു ആവശ്യമാണ്. അതുകൊണ്ടു തന്നെ കെ എസ് ആര്‍ ടി സിയുടെ നഷ്ടം കുറക്കാനുള്ള നടപടികളുമായി കോര്‍പറേഷന്‍ മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് കെ എസ് ആര്‍ ടി സിയുടെ കെട്ടിടങ്ങള്‍ വകുപ്പുകള്‍ക്ക് വാടക്ക് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്് ഭവന്‍ കെട്ടിടം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകള്‍ക്ക് വാടകക്ക് നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ കെ എസ് ആര്‍ ടിസിയുടെ ഉടമസ്ഥതയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കാട്ടാക്കട, കൊട്ടാരക്കര, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാസര്‍ഗോഡ്, കണ്ണൂര്‍, പയ്യന്നൂര്‍, ചേര്‍ത്തല ബസ് സ്റ്റേഷനുകളിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ കെട്ടിടങ്ങള്‍ പലിശ രഹിത കരുതല്‍ ധനം ഈടാക്കി കച്ചവട സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, പയ്യന്നൂര്‍, പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍, ചാലക്കുടി, ആലുവ, എറണാകുളം, പെരുമ്പാവൂര്‍, റീജിയണല്‍ വര്‍ക് ഷോപ്പ് മാവേലിക്കര, പുനലൂര്‍, കൊല്ലം എന്നീ ബസ് സ്റ്റേഷനുകളില്‍ വാടക അടിസ്ഥാനത്തില്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍
പ്രതീക്ഷയര്‍പ്പിച്ച്

നിലവില്‍ സര്‍ക്കാര്‍ നിയമിച്ച സുശീല്‍ ഖന്ന കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ള ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റ് പുനരുദ്ധാരണ പ്രവൃത്തികളുമായി മുന്നോട്ടുപോകുന്നത്. കോര്‍പറേഷന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കമ്മിറ്റി സമര്‍പ്പിച്ച പ്രാഥമിക ശിപാര്‍ശകള്‍ ഇവയാണ്. കെ എസ് ആര്‍ ടി സിയെ മൂന്ന് മേഖലകളാക്കി തിരിക്കുക, പ്രൊഫഷണലുകളെ നിയമിക്കുക, വര്‍ക്‌ഷോപ്പുകള്‍ ആധുനികവത്കരിക്കുക, വര്‍ക്‌ഷോപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ബസ് ബോഡി നിര്‍മാണം, ടയര്‍ റീട്രേഡിംഗ്, എഞ്ചിന്‍ റീ-കണ്ടീഷനിംഗ് വാഹന ഉപയോഗ നിരക്ക്, ഇന്ധന ഉപയോഗ ക്ഷമത എന്നിവ ദേശീയ ശരാശരിയിലേക്ക് എത്തിക്കുക, സര്‍വീസ് കാര്യക്ഷമമായി നടത്തുക, ഷെഡ്യൂള്‍ പുനഃക്രമീകരിക്കുക, ഫഌക്‌സി ഫെയര്‍ റേറ്റ് തുടങ്ങിയവ നടപ്പിലാക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുക, ജീവനക്കാരെ ശാസ്ത്രീയമായി വിന്യസിച്ച് ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കുക, ബസ് സ്റ്റാഫ് അനുപാതം നിലവിലുള്ള 8. 7 എന്നതില്‍ നിന്നും ദേശീയ ശരാശരിയായ 5. 5നേക്കാള്‍ മെച്ചപ്പെടുത്തി അഞ്ചിലെത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ സുശീല്‍ ഖന്ന നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ ചിലതില്‍ മാനേജ്‌മെന്റ് തീരുമാനമെടുത്ത് തുടങ്ങിയിട്ടുണ്ട്. സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കുന്നതിനായി വരുമാന വര്‍ധനവിന് ഉതകുന്ന രീതിയില്‍ ഷെഡ്യൂള്‍ ക്രമീകരണവും ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരണവും നടപ്പിലാക്കിയിട്ടുണ്ട്.

വേണ്ടത്
പ്രൊഫഷണലിസം

നിലവിലെ സാമ്പത്തിക ഇടപാടുകളിലെ സൂക്ഷ്മതയില്ലായ്മയാണ് പോയ കാലങ്ങളില്‍ വീഴ്ചകള്‍ക്ക് കാരണമായിട്ടുള്ളത്. അശ്രദ്ധയുടെ ഒരു ഉത്തമ ഉദാഹരണം: കെ ടി ഡി എഫ് സിയില്‍ നിന്ന് കെ എസ് ആര്‍ ടി സി വായ്പ എടുത്തതിനുള്ള തിരിച്ചടവിന് കണക്കില്ലാതെ പോയതാണ് ആ സംഭവം. 2016ല്‍ കെ ടി ഡി എഫ് സി വായ്പയിന്‍മേലുള്ള തിരിച്ചടവിന് അമിത പലിശ ഈടാക്കിയത് കെ എസ് ആര്‍ ടി സി അറിഞ്ഞില്ല. വ്യവസ്ഥകള്‍ ലംഘിച്ച് വായ്പയിന്‍മേല്‍ അമിത പലിശ കെ ടി ഡി എഫ് സി ആവശ്യപ്പെട്ടു. കണക്കുകള്‍ പരിശോധിക്കാതെ കെ എസ് ആര്‍ ടി സി ബജറ്റ് വിഭാഗം അത് നല്‍കുകയും ചെയ്തു. യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് ബേങ്ക് കണ്‍സോര്‍ഷ്യത്തിന്റെ വായ്പ വഴി കെ ടി ഡി സിയുടെ ബാധ്യത തീര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് എ ജിയുടെ പരിശോധനയില്‍ കണക്കില്‍ പൊരുത്തക്കേട് കണ്ടെത്തിയത്. കെ എസ് ആര്‍ ടി സിയുടെ കുത്തഴിഞ്ഞ അക്കൗണ്ടിംഗ് സംവിധാനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് മൂന്നാമതൊരാള്‍ പറഞ്ഞ് തിരിച്ചറിയേണ്ട അവസ്ഥ. ഈ അവസ്ഥയിലാണ് കെ എസ് ആര്‍ ടി സിയുടെ മാനേജ്‌മെന്റ് പ്രൊഫഷണലൈസ് ചെയ്യണമെന്ന് സുശീല്‍ ഖന്ന കമ്മിറ്റി നിര്‍ദേശിച്ചത്. ഇതിനായി ഐ ഐ എം തലത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരും വന്‍കിട സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയവുമുള്ള രണ്ട് ജനറല്‍ മാനേജര്‍, മൂന്ന് ഡെപ്യൂട്ടി മാനേജര്‍, അഞ്ച് ചാര്‍ട്ടേര്‍ഡ്/കോസ്റ്റ് അക്കൗണ്ടന്റ് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ഇതോടൊപ്പം കണ്ടക്ടര്‍ ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ യാത്രക്കാരുമായി സൗഹാര്‍ദപരമായി പെരുമാറേണ്ട ആവശ്യകതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി കെ എസ് ആര്‍ ടി സിയും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പ്രൈഡ് സ്‌കൂളുമായി സംയോജിച്ച് 4000ത്തോളം കണ്ടക്ടര്‍ ജീവനക്കാര്‍ക്കായി വ്യക്തിമര്യാദകളെക്കുറിച്ചും യാത്രക്കാരോടുള്ള പെരുമാറ്റത്തെക്കുറിച്ചും പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു. മാനേജ്‌മെന്റ് തലത്തില്‍ സാമ്പത്തികമായും സര്‍വീസ് സംബന്ധമായുമുളള ഇടപെടലുകളിലൂടെയും താഴേത്തട്ടില്‍ ജീവനക്കാരുടെ വ്യക്തിത്വ വികാസത്തിലൂന്നിയുള്ള പരിശീലന പരിപാടികളിലൂടെയും കോര്‍പറേഷനെ ഉടച്ചു വാര്‍ക്കാനുള്ള ശ്രമങ്ങളില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്താം.
നാളെ:

താളം തെറ്റിയ കെ എസ് ആര്‍ ടി സിയെ കൈപിടിച്ചുയര്‍ത്താന്‍ എന്താണ് വേണ്ടതെന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കു വെക്കുന്നു