Connect with us

Editorial

കേരളം ലഹരി മാഫിയയുടെ താവളം?

Published

|

Last Updated

കേരളം മയക്കുമരുന്നു മാഫിയയുടെ മുഖ്യതാവളവും വിപണന കേന്ദ്രവുമായി മാറുകയാണോ? അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വന്‍ മയക്കുമരുന്നു വേട്ടയാണ് നടന്നത്. ഈ മാസം 12ന് മലപ്പുറം അരീക്കോട്ട് അഞ്ച് കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി അഞ്ച് പേരെ പോലീസ് പിടികൂടി. നെടുമ്പാശ്ശേരിയില്‍ നാല് ദിവസം മുമ്പ് പാലക്കാട് സ്വദേശികളായ രണ്ടു പേരില്‍ നിന്നായി 30 കോടി രൂപ മതിപ്പു വിലയുള്ള ലഹരിമരുന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. മഞ്ചേരിയില്‍ നിന്ന് ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറും അരീക്കോട്ട് നിന്ന് ആറ് കോടിയുടെ വെറ്റമിനും പിടിച്ചെടുത്തത് രണ്ട് നാള്‍ മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

ലണ്ടന്‍, റഷ്യ, സിംഗപ്പൂര്‍, കൊളംബോ, കാഠ്മണ്ഡു, കറാച്ചി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ താവളങ്ങള്‍ വഴി തമിഴ്‌നാട്ടിലും കര്‍ണാടകയിലും എത്തിച്ച ശേഷം അവിടെ നിന്നാണ് കേരളത്തിലേക്കു കടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് പിടികൂടിയത് റഷ്യയില്‍ ഉത്പാദിപ്പിക്കുന്ന “എക്‌സ്റ്റസി” എന്ന ലഹരി ഉത്പന്നമാണ്. 2015 മെയില്‍ കൊച്ചിയിലെ ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്തതും റഷ്യയില്‍ നിന്നെത്തിയതായിരുന്നു. ഡാന്‍സ് പാര്‍ട്ടികളെ ലക്ഷ്യം വെച്ചാണത്രെ പ്രമുഖ നഗരങ്ങളില്‍ പ്രധാനമായും ഇതെത്തുന്നത്.

മയക്കുമരുന്ന് വേട്ടകളില്‍ പിടിയിലാകുന്നവരെല്ലാം കരിയര്‍മാരാണ്. അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം നിശ്ചിതകേന്ദ്രങ്ങളില്‍ സാധാനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഇവര്‍ കേവലം പരല്‍ മീനുള്‍ മാത്രമാണ്. ആരാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെപ്പറ്റി അവര്‍ക്ക് ധാരണയുണ്ടാവുകയില്ല. വാട്‌സ്ആപ്പ് വഴിയാണ് തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കിട്ടുന്നതെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. അരീക്കോട്ടെ മയക്കു മരുന്നു വേട്ടയിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കര്‍ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളെക്കുറിച്ചു സൂചന ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാലും വ്യക്തമായ വിവരമില്ല.

അധോലോക സംഘങ്ങള്‍ക്കൊപ്പം സിനിമാ രംഗത്തെ പ്രമുഖര്‍ക്കും മയക്കുമരുന്നു മാഫിയയുയി അടുത്ത ബന്ധമുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയിലെ പ്രധാനപ്രതി ബോളിവുഡ് നിര്‍മാതാവ് സുഭാഷ് ദുദാനിയായിരുന്നുവല്ലോ. ദുദാനിയുടെ രണ്ട് ഗോഡൗണുകളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് 5000 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നു ഉപയോഗം പോലീസ് കണ്ടെത്തിയപ്പോള്‍ പ്രതിപ്പട്ടികയിലെത്തിയത് മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമാ പ്രവര്‍ത്തകരായിരുന്നു. കൊച്ചിയിലെ ഡി ജെ പാര്‍ട്ടികളില്‍ സിനിമാ മേഖലയിലെ പലരും പതിവു സന്ദര്‍ശകരാണ്. കഴിഞ്ഞ ജൂലൈയിലാണ് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വിവരത്തെതുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെ ആന്ധ്രപ്രദേശ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചത.് കേസില്‍ പ്രമുഖ തെലുങ്ക് നടി കാജള്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റിലാവുകയും ചെയ്തു.

തലമുറകളെ നശിപ്പിക്കുന്ന മയക്കു മരുന്ന് വിപണനവും ഉപയോഗവും കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും ഈ മാരക വിപത്തിന്റെ ഭീഷണിയിലാണ്. കുട്ടികളെ ലക്ഷ്യമാക്കി സ്‌ട്രോബറി ചോക്കലേറ്റ് രൂപത്തില്‍ പോലും സാധനങ്ങളെത്തുന്നു. സര്‍ക്കാര്‍ തലത്തില്‍ നിയമനടപടികളും പ്രചാരണ ക്യാമ്പയിനുകളും നടത്തി വരുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ഇടക്കിടെ വലിയ കൊട്ടിഘോഷത്തോടെ നടത്തപ്പെടുന്ന മയക്കു മരുന്നു വേട്ടയില്‍ പിടിയിലാകുന്നവര്‍ മിക്കവാറും താഴേതല കണ്ണികളാണ്. അവരുടെ സ്ഥാനത്ത് താമസിയാതെ പുതിയ ആളുകള്‍ നിയോഗിക്കപ്പെടുകയും കച്ചവടം മുറക്ക് നടക്കുകയും ചെയ്യുന്നു. പ്രധാന കണ്ണികളിലേക്ക് അന്വേഷണം വ്യാപിക്കുകയും പിടികൂടുകയും ചെയ്‌തെങ്കിലേ കുറേയെങ്കിലും ഇത് നിയന്ത്രക്കാനാകൂ. മാഫിയ സംഘങ്ങളും പോലീസും തമ്മിലുള്ള അവിഹിത ബന്ധമാണ് അന്വേഷണം വ്യാപിക്കാതിരിക്കാന്‍ കാരണമെന്ന പരാതിയുണ്ട്. അന്വേഷണം ഉന്നത കണ്ണികളിലേക്കെത്തിയാല്‍ തന്നെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ നിയമനടപടികളില്‍ നിന്ന് അവര്‍ രക്ഷപ്പെടും. എല്ലാ ബാഹ്യസമ്മര്‍ദങ്ങളെയും അതിജീവിച്ചു മാഫിയയെ നേരിടാനുള്ള തന്റേടം ഉദ്യോഗസ്ഥരും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാനുള്ള രാഷ്ട്രീയാര്‍ജവം സര്‍ക്കാറും പ്രകടിപ്പിച്ചില്ലെങ്കില്‍ ഈ വിപത്തില്‍ അകപ്പെടുന്ന യുവതലമുറയുടെ എണ്ണം വര്‍ധിക്കുകയും സംസ്ഥാനത്തിന്റെ ഭാവി ദുരന്തപൂര്‍ണമാവുകയും ചെയ്യും.