നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ ‘പിടിച്ചിടാന്‍’ ഇലക്‌ട്രോണിക്‌സ് ഡിവൈസുമായി അധികൃതര്‍

Posted on: February 20, 2018 11:47 pm | Last updated: February 20, 2018 at 11:47 pm

ദോഹ: നിയമലംഘനത്തെത്തുടര്‍ന്ന് പോലീസ് പിടികൂടുന്ന വാഹനങ്ങള്‍ പോലീസ് യാര്‍ഡിലേക്കു മാറ്റാതെ വാഹനയുടമയുടെ കൈവശം തന്നെ പിടിച്ചിടാന്‍ പുതിയ സാങ്കേതികവിദ്യുമായി ട്രാഫിക് വിഭാഗം. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം അധികൃതരുടെ കസ്റ്റഡിയില്‍ ഉടമക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിര്‍ത്തിയിടുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. നിര്‍ത്തിയിട്ട ശേഷം വാഹനത്തില്‍ ഒരു ഇലക്‌ട്രോണിക്‌സ് ഡിവൈസ് ഘടിപ്പിക്കും. ഇതോടെ ഉടമക്ക് വാഹനം അനക്കാന്‍ സാധിക്കില്ല. അതിനു ശ്രമിച്ചാല്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും.
ഇന്നലെ ഗതാഗത വകുപ്പ് സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെയാണ് പുതിയ രീതി അധികൃതര്‍ വെളിപ്പടുത്തിയത്. ഇപ്പോള്‍ കുറ്റകൃത്യങ്ങളെത്തുടര്‍ന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ യാര്‍ഡിലാണ് കൊണ്ടുപോയിടുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ചാണ് വാഹനങ്ങള്‍ പിടിച്ചിടുന്നതിന്റെ കാലാവധി. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ നടപടികള്‍ ലഘൂകരിക്കുകയും യാര്‍ഡില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ സംവിധാനം. എന്നാല്‍ ചില ഗുരുതരമായ നിയമലംഘനങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ യാര്‍ഡിലേക്കു തന്നെ മാറ്റും.
ഡിവൈസ് വാഹനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രണ്ടു മണിക്കൂറിനു ശേഷം പ്രവര്‍ത്തിച്ചു തുടങ്ങും. പിടിച്ചെടുക്കുന്ന കാലയളവ് ഡിവൈസില്‍ രേഖപ്പെടുത്തിയിരിക്കും. ഇതിനിടെ വാഹനം മാറ്റാനോ ഉപയോഗിക്കാനോ ശ്രമിച്ചാല്‍ അതിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യും. നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് വാഹനം പിടിച്ചെടുക്കപ്പെടുമ്പോള്‍ ഉടമക്ക് ടെക്സ്റ്റ് സന്ദേശം അയക്കുകയും ഗതാഗത വകുപ്പിലെ വിദഗ്ധരെത്തി ഡിവൈസ് വാഹനത്തില്‍ ഘടിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വിശദീകരിച്ചു.