ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌കരണ മേഖല മുന്നേറ്റത്തിലെന്ന് എം എ യൂസുഫലി

Posted on: February 20, 2018 8:01 pm | Last updated: February 20, 2018 at 8:01 pm

ദുബൈ: ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌കരണ മേഖല വന്‍ മുന്നേറ്റം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ദുബൈ ഗള്‍ഫുഡില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു യൂസുഫലി. യു പി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ താത്പര്യം കാണിക്കുന്നു. ഉത്തര്‍പ്രദേശില്‍ ലുലു മാംസ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് വലിയ പിന്തുണയാണ് അവിടത്തെ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ട്. ലക്നോയില്‍ ലുലു മാള്‍ നിര്‍മാണം പൂര്‍ത്തിയായി. വിശാഖപട്ടണത്തു നിര്‍മാണം പുരോഗമിക്കുന്നുവെന്നും യൂസുഫലി പറഞ്ഞു.

ലോകത്തിലെ വലിയ ഭക്ഷ്യോത്പന്ന മേളയായ ഗള്‍ഫുഡില്‍ ലുലുവിനു കൂറ്റന്‍ പവലിയനുണ്ട്. ഗള്‍ഫുഡ് പ്രദര്‍ശനം മധ്യപൗരസ്ത്യ ദേശത്തെ ഭക്ഷ്യവിപണന മേഖലക്ക് വലിയ ഊര്‍ജം പ്രദാനം ചെയ്യുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 5,000ത്തിലധികം പ്രദര്‍ശകരുണ്ട്. ഇന്ത്യയുടെ പങ്കാളിത്തവും മികച്ചതാണ്. 1,500ഓളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലോകജാലകം കൂടിയാണ് ഗള്‍ഫുഡെന്നും യൂസുഫലി പറഞ്ഞു.