Connect with us

Gulf

രക്തസാക്ഷി അലി ഖലീഫക്ക് കണ്ണീരോടെ വിട

Published

|

Last Updated

ഫുജൈറ ശൈഖ് സായിദ് മസ്ജിദില്‍ നടന്ന അലി ഖലീഫ ഹാഷില്‍ അല്‍ മിസ്മരിയുടെ മയ്യിത്ത് നിസ്‌കാരം

ഫുജൈറ: സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ ഹൂത്തി തീവ്രവാദികള്‍ക്കെതിരെയുള്ള “ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്” പോരാട്ടത്തിനിടെ വീരമൃത്യുവരിച്ച യു എ ഇ സൈനികന്‍ അലി ഖലീഫ ഹാഷില്‍ അല്‍ മിസ്മരിക്ക് രാജ്യം കണ്ണീരോടെ വിടചൊല്ലി.

ഫുജൈറ ശൈഖ് സായിദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, ശൈഖ് മക്തൂം ബിന്‍ ഹമദ് അല്‍ ശര്‍ഖി, സായുധസേനാ, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ചു.

തന്റെ മകനെയോര്‍ത്ത് അത്യന്തം അഭിമാനമുണ്ടെന്ന് അലി ഖലീഫയുടെ പിതാവ് ഖലീഫ ഹാഷില്‍ പറഞ്ഞു. പോരാട്ടത്തില്‍ എന്നും അലി ഖലീഫ മുന്‍നിരയിലുണ്ടായിരുന്നു. യമനിലെ തങ്ങളുടെ വിജയത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. രാജ്യത്തിന്റെ സ്ഥിരതക്കും സുരക്ഷക്കും തന്റെ ബാക്കിയുള്ള നാല് മക്കളെകൂടി സേവനനിരയിലേക്കയക്കാന്‍ സജ്ജനാണ്. രക്തസാക്ഷ്യത്തിന്റെ രണ്ടുദിവസം മുമ്പ് അലി വീട്ടിലേക്ക് വിളിച്ചിരുന്നു. നേത്ര ശസ്ത്രക്രിയ കഴിഞ്ഞ തന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു, പിതാവ് പറഞ്ഞു.

അലി ഖലീഫയുടെ മക്കളായ മൂന്നു വയസുകാരി ഫാത്വിമയേയും രണ്ടു വയസുള്ള മകന്‍ ഖലീഫയെയും പിതാവിനെപ്പോലെ രാജ്യസ്‌നേഹവും ധീരന്മാരുമായി വളര്‍ത്തിവലുതാക്കുമെന്ന് സഹോദരന്‍ ഉമര്‍ അല്‍ മിസ്മരി പറഞ്ഞു.

Latest