സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

Posted on: February 20, 2018 9:01 am | Last updated: February 20, 2018 at 10:11 am

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. നേരത്തെ, ബസുടമകള്‍ സമരം പ്രഖ്യാപിച്ചതിനേത്തുടര്‍ന്ന് യാത്രാനിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് എട്ടു രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്.

എന്നാല്‍, ഇത് അപാര്യപ്തമാണെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബസുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുകയായിരുന്നു. ഞായറാഴ്ച ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകള്‍ അറിയിക്കുകയായിരുന്നു.

അതേസമയം, ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കരുതെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തുവന്നാലും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വര്‍ധിപ്പിക്കില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. ഇതിനു പിന്നാലെ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തൃപ്തികരമായ മറുപടികളല്ല സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നാണ് വിവരം.