Kannur
ശുഹൈബ് വധം: സുന്നി സംഘ ശക്തിയുടെ പ്രതിഷേധമിരമ്പി

കണ്ണൂര്‍: സജീവ സുന്നി പ്രവര്‍ത്തകനായിരുന്ന എടയന്നൂരിലെ ശുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുന്നി സംഘശക്തിയുടെ കരുത്തില്‍ കണ്ണൂരില്‍ പ്രതിഷേധമിരമ്പി. സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരാണ് അണിനിരന്നത്.
എടയന്നൂരില്‍ എസ് വൈ എസ് സാന്ത്വനം കോ-ഓര്‍ഡിനറേറ്ററായി ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ശുഹൈബിനെ വെട്ടിനുറുക്കിയ കാപട്യരാഷ്ട്രീയത്തിന്റെ ക്രൂരമുഖം വെച്ചുപൊറുപ്പിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് റാലി നഗരത്തിലൂടെ നീങ്ങിയത്. പാവങ്ങള്‍ക്ക് ആശ്രയമേകിയ സാന്ത്വനവഴിയിലെ ധീരയുവത്വമാണ് ശുഹൈബെന്നും അവന്റെ ഘാതകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് റാലിയില്‍ അണി നിരന്ന ഓരോരുത്തരും വിളിച്ചുപറഞ്ഞു. ശുഐബ് വധം നടന്നിട്ട് ആഴ്ചയായിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പോലീസ് സേനക്ക് കരുത്തില്ലാത്തത് കേരള സമൂഹത്തിന് തന്നെ നാണക്കേടാണ്. ആശയത്തെ പ്രതിരോധിക്കാന്‍ ആയുധമേന്തുന്ന കാട്ടാളത്തം നാട്ടിലെ ശാന്തി തകര്‍ക്കുന്നു. ഇതിന് രാഷ്ട്രീയമെന്ന് പേര്‍ വിളിക്കാന്‍ കഴിയില്ല. തുടങ്ങിയ മുദ്യവാക്യമുയര്‍ത്തിയാണ് പ്രതിഷേധം അലയടിച്ചത്.
തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ പി മുഹമ്മദ് സഖാഫി ചൊക്ലിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി മുഖ്യപ്രഭാഷണം നടത്തി. ശുഐബ് എന്ന നിസ്വാര്‍ഥ പ്രവര്‍ത്തകന്‍ നാടിനും നാട്ടുകാര്‍ക്കും നന്മ മാത്രമാണ് ചെയ്തതെന്നും അവന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നും എല്ലാവരും കണ്ണീരോടെയാണ് ഓര്‍ക്കുന്നതെന്നും ലത്വീഫ് സഅദി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പ്രഫ. യു സി അബ്ദുല്‍മജീദ്, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ എന്നിവരും പ്രസംഗിച്ചു.